സുപ്രീംകോടതി ജഡ്ജിമാർ സ്വത്തുവിവരങ്ങൾ വെബ്സൈറ്റിൽ പങ്കുവയ്ക്കും
Friday, April 4, 2025 3:08 AM IST
ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് അടക്കം സുപ്രീംകോടതിയിലെ 33 സിറ്റിംഗ് ജഡ്ജിമാരും തങ്ങളുടെ സ്വത്തുവിവരങ്ങൾ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. കഴിഞ്ഞ ദിവസം നടന്ന ഫുൾകോർട്ട് യോഗത്തിലാണു തീരുമാനം. ഇതുസംബന്ധിച്ച പ്രമേയം യോഗം പാസാക്കി.
ഭാവിയിലെ സുപ്രീംകോടതി ജഡ്ജിമാർക്കും ഈ തീരുമാനം ബാധകമാകും. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്ന് അനധികൃതമായി പണം കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്തെ നിയമസംവിധാനത്തിനു നേരേ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ജഡ്ജിമാരുടെ തീരുമാനം.
സ്വത്തുവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നത് നിർബന്ധമായിരുന്നില്ല. 2009 ലാണ് ജഡ്ജിമാർക്ക് തങ്ങളുടെ സ്വത്തുവിവരങ്ങൾ വെബ്സൈറ്റിൽ പങ്കുവയ്ക്കാമെന്ന നിർദേശം സുപ്രീംകോടതി മുന്നോട്ടുവച്ചത്.
എന്നാൽ ഇതു ജഡ്ജിമാരുടെ വിവേചനാധികാര പരിധിയിലായിരുന്നു. താത്പര്യമുള്ളവർക്കു മാത്രം വിവരങ്ങൾ പങ്കുവച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ ഇതു നിർബന്ധമാക്കാനാണ് തീരുമാനം.