ഫാ. ഫെലിക്സ് മെമ്മോറിയൽ അവാർഡ് ആശാനിലയം സ്കൂളിന്
Monday, January 13, 2025 2:58 AM IST
പൊൻകുന്നം: ചെങ്കലിൽ പ്രവർത്തിക്കുന്ന ആശാനിലയം സ്പെഷൽ സ്കൂൾ വീണ്ടും അവാർഡ് തിളക്കത്തിൽ.
പുനരധിവാസത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപനമായി ഓൾ കേരള അസോസിയേഷൻ ഫോർ ദ മെന്റലി റിട്ടാർഡഡ് എന്ന സംഘടനയുടെ പ്രഥമ ഫാ. ഫെലിക്സ് മെമ്മോറിയൽ അവാർഡാണ് ആശാനിലയം സ്കൂളിന് ലഭിച്ചത്.
ശനിയാഴ്ച തിരുവന്തപുരത്തു നടന്ന ചടങ്ങിൽ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദ് ബോസിൽ നിന്ന് ആശാനിലയം സ്പെഷൽ സ്കൂൾ ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ, വിദ്യാർഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുടെ പ്രതിനിധികൾ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 50,000 രൂപയും പ്രശംസാപത്രവും അടങ്ങിയതാണ് അവാർഡ്.
കഴിഞ്ഞ 46 വർഷങ്ങളായി സ്പെഷൽ എഡ്യുക്കേഷൻ മേഖലയിൽ നൂതനമായ പാഠ്യ പരിശീലന പദ്ധതികളിലൂടെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് താങ്ങും തണലും വഴികാട്ടിയുമായി പ്രവർത്തിക്കുന്ന ആശാനിലയം സ്പെഷൽ സ്കൂളിൽ ഇപ്പോൾ 350 കുട്ടികൾ പരിശീലനം നേടുന്നുണ്ട്.
കഴിഞ്ഞ നാലു വർഷമായി എയ്ഞ്ചൽസ് വില്ലേജ് എന്ന പേരിൽ പത്ത് ഏക്കർ കാന്പസിൽ ഭിന്നശേഷി മേഖലയിൽ സമഗ്രമായ സേവനങ്ങൾ നൽകിവരുന്നു. പഠനത്തിനും തെറാപ്പി സേവനങ്ങൾ ഉൾപ്പെടെയുള്ള പരിശീലനത്തിനുമായി 45 സ്പെഷൽ എഡ്യുക്കേറ്റഴ്സ് ഉൾപ്പെടെ 80 സ്റ്റാഫ് അംഗങ്ങൾ ഇവിടെ സേവനം ചെയ്യുന്നു. കുട്ടികൾക്ക് ബോർഡിംഗ് സൗകര്യവുമുണ്ട്.
സവിശേഷ വിദ്യാഭ്യാസ മേഖലയിലെ വിവിധ സേവനങ്ങളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 23 മുതൽ 26 വരെ എയ്ഞ്ചൽസ് വില്ലേജ് കാന്പസിൽ സദ്ഗമയ എന്ന പേരിൽ സംസ്ഥാനതല എബിലിറ്റി എക്സ്പോ നടക്കും.