ആലപ്പുഴ ചിങ്ങോലി വെമ്പുഴയിലും പുൽക്കൂടുകൾ തകർത്തു
Wednesday, December 25, 2024 5:35 AM IST
ആലപ്പുഴ: ഹരിപ്പാട് ചിങ്ങോലി വെമ്പുഴയില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ഒരുക്കിയ പുല്ക്കൂടുകള് അജ്ഞാത സംഘം തകര്‍ത്തു. വെമ്പുഴ പള്ളിക്ക് സമീപമുള്ള വീടുകളില്‍ തയാറാക്കിയ പുല്‍ക്കൂടുകള്‍ക്കാണ് അജ്ഞാതര്‍ നാശം വരുത്തിയത്.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് പ്രദേശത്തെ വീടുകളില്‍ അക്രമം നടന്നത്. പുല്ക്കൂടുകളില്നിന്നു യേശുക്രിസ്തുവിന്റേതടക്കം തിരുരൂപങ്ങള് നഷ്ടപ്പെട്ടിട്ടുണ്ട്. റോഡരികില്‍ ചില തിരുരൂപങ്ങള് പൊട്ടിയ നിലയില്‍ കണ്ടെത്തി.
വെമ്പുഴ വചനംവീട്ടില് സന്തോഷ്, തുണ്ടില്‍ വിനോദ്, കളവേലില്‍ ജോണ്സണ് എന്നിവരുടെ വീടുകളിലാണ് അക്രമം നടന്നത്. സംഭവം നടന്ന വീടുകളിലെത്തി പോലീസ് പരിശോധന നടത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ആലപ്പുഴ മുതുകുളത്ത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആശംസാ പ്രസംഗം ഒരു സംഘം ആളുകള്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജനങ്ങളുടെ സമാധാന ജീവിതം നശിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.