കര്‍ഷകരെ വെല്ലുവിളിക്കുന്ന വനം മന്ത്രിയെ പുറത്താക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
Wednesday, December 25, 2024 5:51 AM IST
കൊച്ചി: കേരളത്തിലെ കര്‍ഷകസമൂഹത്തെ ഒന്നടങ്കം വെല്ലുവിളിക്കുന്ന വനം മന്ത്രി എ.കെ.ശശീന്ദ്രനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് കാത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. വനം നിയമ ഭേദഗതി കാലാനുസൃതമായ മാറ്റം മാത്രം എന്നു പറഞ്ഞ് അസത്യം പരത്തുന്ന വനം മന്ത്രി തുടരാന്‍ അര്‍ഹനല്ല.
ജനങ്ങളുടെ ജീവിത പ്രശ്നങ്ങളില്‍ ഇടപെടുന്ന മതമേലധ്യക്ഷന്മാര്ക്കു പക്വത വേണമെന്ന് ഉപദേശിക്കുന്ന മന്ത്രി, ആത്മപരിശോധന നടത്തണം. കര്‍ഷകരെ കുടിയിറക്കാനുള്ള നിയമങ്ങള്‍ ജനം ഒറ്റക്കെട്ടായി എതിര്‍ക്കും.
വനം മന്ത്രി കുറഞ്ഞ പക്ഷം പുതിയ ബില്ലിന്റെ കരട് ഭേദഗതിയെങ്കിലും വായിക്കണം. ആരെങ്കിലും പറയുന്നത് കേട്ട് അസത്യം വിളിച്ചു പറയുന്ന മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നത്. കാടിന്റെ ജണ്ട പൊളിക്കുന്നവര്‍ക്ക് എതിരേ മാത്രമാണ് നിയമ ഭേദഗതി എന്നു പറയുന്ന മന്ത്രി ജണ്ടയ്ക്കൊപ്പം ഏതു താത്കാലിക നിര്‍മിതിയും ചേര്‍ത്തിരിക്കുന്നത് എന്തിനെന്നു വ്യക്തമാക്കണം. ഒരു പശു വഴിതെറ്റി കാട്ടില്‍ കയറിയാല്‍ പോലും കര്ഷകന് ജയിലിലാകുന്ന അവസ്ഥയാണ്. കാട്ടിലേക്ക് ഒഴുകുന്ന ജലസ്രോതസ് മലിനപ്പെട്ടാല്‍ പോലും കേസ് എടുക്കാവുന്ന ഭേദഗതി ഫോറസ്റ്റ് രാജിലേക്ക് കേരളത്തെ തള്ളിവിടും. വിഷയത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് തീരുമാനിച്ചു.
പ്രതിനിധി യോഗത്തില്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, അടവ് ടോണി പുഞ്ചക്കുന്നേല്‍, പ്രഫ. കെ.എം. ഫ്രാന്‍സിസ്, രാജേഷ് ജോണ്‍, ട്രീസ ലിസ് സെബാസ്റ്റ്യന്‍, ഡോ. കെ.പി. സാജു, ടോമിച്ചന് അയ്യരുകുളങ്ങര, ജോര്‍ജ്കുട്ടി പുന്നക്കുഴി, പത്രോസ് വടക്കുംചേരി, പീയുസ് പറേടം, അഡ്വ. മനു വരാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.