ക്ഷണിച്ചത് ബിജെപി പ്രതിനിധിയെയല്ല, പ്രധാനമന്ത്രിയെ: മാർ താഴത്ത്
Wednesday, December 25, 2024 5:35 AM IST
തൃശൂർ: കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) ക്രിസ്മസ് വിരുന്നിലേക്കു ക്ഷണിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണെന്നും ബിജെപി പ്രതിനിധിയെ അല്ലെന്നും സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്.
പ്രധാനമന്ത്രിയെത്തിയത് അംഗീകാരമാണ്. സഭയുടെ ആശങ്കകൾക്ക് അനുകൂല മറുപടിയാണു ലഭിച്ചത്. വിവിധയിടങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്പോഴുള്ള വേദന പ്രധാനമന്ത്രിയെ അറിയിച്ചു. ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസിനു മറുപടിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആഘോഷങ്ങളിലേക്കു ക്ഷണിച്ചതിനുള്ള വിമർശനങ്ങളോടു പ്രതികരിക്കുകയായിരുന്നു മാർ താഴത്ത്.
ഭരണഘടനയനുസരിച്ച് എല്ലാവരെയും ഉൾക്കൊള്ളിച്ചുവേണം ഇന്ത്യയുടെ വളർച്ച. പുൽക്കൂട് ആക്രമണത്തെ ആരും അംഗീകരിക്കുന്നില്ല. മതസൗഹാർദത്തോടെ പ്രവർത്തിക്കണമെന്നാണു സഭ ആഗ്രഹിക്കുന്നത്. എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യമുള്ള ഭരണഘടനയാണ് ഇന്ത്യയുടേത്. മതപരമായ ചടങ്ങുകളെയോ ആചാരങ്ങളെയോ ആക്രമിക്കുന്നതിനെ അത് അംഗീകരിക്കുന്നില്ല. മതാഘോഷങ്ങൾക്കു നേരേ നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യയിലെ ഒരു പൗരനും അംഗീകരിക്കരുതെന്നാണു നിലപാട്. കേരളത്തിന്റെ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയുമൊക്കെ പല സാഹചര്യങ്ങളിൽ ക്ഷണിച്ചിട്ടുണ്ട്. ബോണ്‍ നത്താലെയ്ക്കു കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെയും പ്രതിപക്ഷനേതാവിനെയും ക്ഷണിച്ചതു രാഷ്ട്രീയം നോക്കിയല്ല.
ക്രൈസ്തവരുടെ പരിപാടിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയെത്തിയതിൽ സന്തോഷമേയുള്ളൂ. എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അഭിപ്രായങ്ങളുണ്ടാകും.
അതു പറയുകയും ചെയ്യാം. എല്ലാവരുടെയും അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു. ജർമനിയിൽ നടന്ന സംഭവം ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി സംസാരിച്ചു. ചടങ്ങിനെ അനുമോദിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് രാത്രി പിഎംഒ ഓഫീസിൽനിന്നു ലഭിച്ചതെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
< b>പ്രധാനമന്ത്രി എത്തിയത് ക്രൈസ്തവർക്കുള്ള അംഗീകാരം
തൃശൂർ: ഭാരത കത്തോലിക്കാ സഭയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയതു ക്രൈസ്തവസമൂഹത്തിനുള്ള അംഗീകാരമായി കരുതുന്നുവെന്ന് സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ (സിബിസിഐ) ക്രിസ്മസ് ആഘോഷവേളയിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ക്രിസ്മസ് സന്തോഷങ്ങൾ പങ്കുവയ്ക്കുന്ന വേളയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന ആക്രമണങ്ങളും അവഹേളനങ്ങളും മാർ താഴത്ത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ന്യൂനപക്ഷങ്ങൾക്കു നേരേ സാമൂഹ്യവിരുദ്ധശക്തികൾ നടത്തുന്ന പ്രവർത്തനങ്ങൾ മതസൗഹാർദ അന്തരീക്ഷത്തെയും ഐക്യത്തെയും പ്രതികൂലമായി ബാധിക്കും. ജാതി-മത-ഭേദമന്യേ ഭരണഘടന ഉറപ്പുനൽകുന്ന അന്തസും സുരക്ഷിതത്വവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.