കട്ടപ്പനയിലെ നിക്ഷേപകന്റെ മരണം: ആത്മഹത്യാ പ്രേരണക്കുറ്റം, മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തു
Wednesday, December 25, 2024 4:56 AM IST
കട്ടപ്പന: നിക്ഷേപത്തുക നൽകാത്തതിന്റെ പേരിലും ബാങ്കു ജീവനക്കാർ അപമാനിച്ചതിലും മനംനൊന്ത് കട്ടപ്പന റൂറൽ ഡെവലപ്മെന്റെ സൊസൈറ്റിക്കുമുന്നിൽ നിക്ഷേപകൻ സാബു തോമസ് മുളങ്ങാശേരിൽ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
സാബുവിന്റെ ആത്മഹത്യാ കുറിപ്പിൽ, സൊസൈറ്റിയിലെ മൂന്നു ജീവനക്കാരാണ് തന്റെ മരണത്തിനുത്തരവാദികളെന്ന്എഴുതിയിട്ടുണ്ടായിരുന്നു. സെക്രട്ടറി റെജി ഏബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരുടെ പേരുകളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ഇവർക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നതെന്നാണു സൂചന. ഇവരെ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തതായി സൊസൈറ്റി പ്രസിഡന്റ് എം. ജെ. വര്‍ഗീസ് അറിയിച്ചു.
കഴിഞ്ഞ 20നാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ സാബു ആത്മഹത്യ ചെയ്തത്. സാബുവിന്റെ മൃതദേഹത്തിൽനിന്ന് ആത്മഹത്യാ കുറിപ്പും പോലീസിനു ലഭിച്ചിരുന്നു. കട്ടപ്പന എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബാങ്ക് മുൻ പ്രസിഡന്റും സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ വി.ആർ. സജി സാബുവിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഫോൺ ശബ്ദരേഖ പുറത്തു വന്നിരുന്നു. സജിക്കെതിരേ കേസെടുത്തതായി സ്ഥിരീകരിച്ചിട്ടില്ല. സാബുവിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.