സ്വർണക്കടത്തിൽ പങ്ക് : എഡിജിപി അജിത്തിന്റെ മൊഴിക്കെതിരേ പി. വിജയൻ നിയമനടപടിക്കൊരുങ്ങുന്നു
സ്വന്തം ലേഖകൻ
Wednesday, December 25, 2024 5:51 AM IST
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ എഡിജിപി പി. വിജയനു ബന്ധമുണ്ടെന്ന് എസ്പി സുജിത്ദാസ് തന്നെ അറിയിച്ചിരുന്നതായി എഡിജിപി എം.ആർ. അജിത്കുമാർ ഡിജിപിക്കു നൽകിയ മൊഴിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി എഡിജിപി പി. വിജയൻ.
തനിക്കെതിരേ കള്ളമൊഴി നൽകിയ അജിത്തിനെതിരേ അന്വേഷണം നടത്തി കേസെടുക്കണമെന്നാവശ്യപ്പെട്ടു രണ്ടു മാസം മുൻപ് വിജയൻ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. ഇത് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയെങ്കിലും സർക്കാർ നിർദേശപ്രകാരം തുടർ നടപടി സ്വീകരിച്ചില്ല. ഇക്കാര്യം സുജിത് ദാസ് നേരത്തേ നിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ് വിജയൻ കോടതിയെ സമീപിക്കുന്നത്. ഇതിനു സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. നിലവിൽ ഇന്റലിജൻസ് മേധാവിയാണ് വിജയൻ.
സ്വർണക്കടത്തിൽ ബന്ധമുണ്ടെന്നു തെറ്റായ വാദമുയർത്തി, മുതിർന്ന ഉദ്യോഗസ്ഥനെ ക്രിമിനലാക്കാൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടിയാകും വിജയൻ കോടതിയെ സമീപിക്കുക. അജിത്കുമാറിന്റെ മൊഴിക്കു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നാണു വിജയൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
സ്വർണക്കടത്തിൽ യാതൊരു ബന്ധവുമില്ലാത്ത തന്നെ, കുറ്റവാളിയാക്കാനുള്ള ശ്രമമാണു നടന്നതെന്നും വിജയൻ ആരോപിക്കുന്നു. പി.വി. അൻവർ എംഎൽഎയുടെ പരാതിയിൽ ഡിജിപി നടത്തിയ അന്വേഷണത്തിലാണ് അജിത്കുമാർ, വിജയനെതിരേ മൊഴി നൽകിയത്.