ആ മാനനഷ്ടക്കേസിന്റെ ഓർമയ്ക്ക്!
സിജോ പൈനാടത്ത്
Friday, December 27, 2024 5:35 AM IST
കൊച്ചി: അർഥമൊളിപ്പിച്ച മൗനത്തിൽ കേരളത്തിന്റെ വിചാരധാരകളോടു വിസ്മയിപ്പിക്കുംവിധം പലവട്ടം സംവദിച്ച എം.ടിയെ മലയാളത്തിനു സുപരിചിതമെങ്കിലും, ഉറച്ച നിലപാടുകൾക്കായി മൗനം ഭേദിച്ച അപൂർവ സന്ദർഭങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏടുകളിലുണ്ട്. തന്റെ സൃഷ്ടിയായ ‘രണ്ടാമൂഴം’ സിനിമയാക്കുന്നതിന്റെ പേരിൽ സംവിധായകൻ ശ്രീകുമാർ മേനോനുമായുള്ള തർക്കം കോടതി കയറിയത് അടുത്ത കാലത്താണ്.
എന്നാൽ, കോടതിയോളമെത്തിയ മറ്റൊരു തർക്കവും എംടിയുടെ പൊതുജീവിതത്തിലുണ്ടായിരുന്നു. വ്യവഹാരത്തിന്റെ ഒന്നാമൂഴത്തിൽ ഉൾപ്പെട്ടത് ചിത്രകാരനും ശില്പിയും എഴുത്തുകാരനും സർവോപരി എം.ടിയുടെ ആത്മസുഹൃത്തുമായിരുന്ന എം.വി. ദേവൻ.
എംടിയുടെ വിഖ്യാതമായ ‘നാലുകെട്ട്’ നോവലിന്റെ ജൂബിലി ആഘോഷത്തിനു കേരള സാഹിത്യ അക്കാദമി വേദിയാക്കിയതിനെതിരേ എം.വി. ദേവൻ നടത്തിയ രൂക്ഷ വിമർശനമാണു കോടതി കയറിയത്.
“വല്ല കരയോഗം ഓഫീസുകളിലോ, ഹോട്ടലുകളിലോ വച്ചു നടത്താന്‍ മാത്രം പ്രാധാന്യമുള്ള ഈ ചൊറിയല്‍ മാന്തല്‍ സുഖിപ്പിക്കല്‍ ആഘോഷങ്ങള്‍ സാഹിത്യ അക്കാദമിയുടെ വേദിയിലാകരുത്…’’എന്നതായിരുന്നു ആനുകാലിക പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനത്തിൽ എം.വി. ദേവന്റെ വിമർശനം. ഇത് സാഹിത്യലോകത്തും സാമൂഹ്യരംഗങ്ങളിലും ചർച്ചകളെ തീപിടിപ്പിച്ചു. തർക്കത്തിന്റെ പേരിൽ എഴുത്തുകാർക്കിടയിൽ രണ്ടു ചേരികൾ വരെ രൂപപ്പെട്ടു.
വലിയ തോതിലുള്ള പരസ്യപ്രതികരണങ്ങൾക്കു തയാറായില്ലെങ്കിലും, തനിക്കെതിരായുള്ള പരാമർശങ്ങളുടെ പേരിൽ എംടി കോഴിക്കോട് ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതിയിൽ മാനനഷ്ടക്കേസ് നൽകി. 10,000 രൂപയുടെ സ്വന്തം ജാമ്യത്തിലും രണ്ട് ആൾജാമ്യത്തിലുമാണു കേസ് കോടതി തീർപ്പാക്കിയത്. ആദ്യമായി എംടി ഫയൽ ചെയ്ത മാനനഷ്ടക്കേസും ഇതുതന്നെ.
കലാരംഗത്തെയും സമൂഹത്തിലെയും അനഭിലഷണീയമെന്നു തോന്നുന്ന പ്രവണതകളോടു നിരന്തരം കലഹിക്കുകയും ആരുടെയും മുഖം നോക്കാതെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നതിൽ എംടിയും എം.വി. ദേവനും സമാനമനസ്കരായിരുന്നു. ആധുനികചിത്രകലാ ശൈലിയുടെ മുഖ്യപ്രചാരകനായ ദേവൻ തലശേരി സ്വദേശിയാണ്. 2014 ഏപ്രിൽ 29ന് ആലുവയിലാണ് അന്തരിച്ചത്. അദ്ദേഹത്തിനെതിരായ മാനനഷ്ടക്കേസിനെക്കുറിച്ചു പിന്നീടൊരിക്കലും സംസാരിക്കാനോ ചർച്ചയാക്കാനോ ശ്രമിച്ചില്ലെന്നത്, എംടിയുടെ ധിഷണാപരമായ ഔന്നത്യത്തിന്റെ അടയാളപ്പെടുത്തലായി നിരീക്ഷിക്കപ്പെടുന്നു.