സിപിഐ എക്സിക്യൂട്ടീവില്‍ എ. വിജയരാഘവനെതിരേ രൂക്ഷവിമര്‍ശനം
Friday, December 27, 2024 5:35 AM IST
തിരുവനന്തപുരം: മതന്യൂനപക്ഷങ്ങൾക്കെതിരേയും വഞ്ചിയൂരില്‍ സമ്മേളനത്തിനു സ്റ്റേജ് കെട്ടിയതുമായി ബന്ധപ്പെട്ടും സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന് നടത്തിയ പരാമര്‍ശം രാഷ്ട്രീയമായി തരംതാണതാണെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്.
നേതാക്കളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരിക്കലും പാടില്ലാത്തതാണ്. പ്രത്യേകിച്ച് സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ ചേരുന്ന കാലമാണ്. ജനങ്ങള്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യും. നേതാക്കള്‍ സംയമനം പാലിക്കണം.
ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലായിരുന്നു വിമര്‍ശനം. ജനുവരി ആദ്യവാരം മുതല്‍ സിപിഐ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും.സെപ്റ്റംബറില്‍ ആലപ്പുഴയിലാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനം. ഇന്നു ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് അംഗീകാരം നല്‍കും.