കടലോളം നിളയെ സ്നേഹിച്ചൊരാൾ
മംഗലം ശങ്കരൻകുട്ടി
Friday, December 27, 2024 5:35 AM IST
ഷൊർണൂർ: ഒരിക്കൽ എംടി പറഞ്ഞു, ‘മഹാസമുദ്രങ്ങളെക്കാൾ എനിക്കിഷ്ടം എന്റെ ഭാരതപ്പുഴയെയാണ്. ഇതിനു തുല്യം വയ്ക്കാൻ മറ്റൊന്നില്ല...’ അത്രമാത്രം ഭാരതപ്പുഴയെ നെഞ്ചോടുചേർത്ത കഥാകാരനായിരുന്നു അദ്ദേഹം. നിളയുടെ നിലവിലുള്ള പരിതാപകരമായ അവസ്ഥയാലോചിച്ച് എന്നുമദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു. കൂടല്ലൂരിലെത്തിയാൽ ഭാരതപ്പുഴയെ നോക്കി ഋഷിസഹജമായ നിസംഗതയോടെ അദ്ദേഹം മണിക്കൂറുകളോളം ഇരിക്കുമായിരുന്നു.
ബാല്യവും കൗമാരവും യൗവനവുമെല്ലാം കൂടല്ലൂരിന്റെ ഗ്രാമ്യഭംഗിയിൽ ചെലവഴിച്ച വാസുവിനു ഭാരതപ്പുഴ പ്രിയങ്കരിയായതു യാദൃച്ഛികമായല്ല. വള്ളുവനാടിന്റെ ഹൃദയവാഹിനിയായ ഭാരതപ്പുഴയും അനിർവചനീയമായ നിശബ്ദതാഴ്വരയിൽനിന്ന് ഉദ്ഭവിച്ചൊഴുകിവരുന്ന കുന്തിപ്പുഴയും സംഗമിക്കുന്ന കൂട്ടക്കടവിനു തെക്കുഭാഗത്തെ കൂടല്ലൂരിൽ ജനിച്ച എംടി, കഥയുടെ ജ്ഞാനപീഠം കയറിയപ്പോഴും ഈ നാടിനെയും പുഴയെയുമൊന്നും മറന്നിരുന്നില്ല. ജ്ഞാനപീഠം പുരസ്കാരം സ്വീകരിച്ചുകൊണ്ട് എംടി പറഞ്ഞ വാക്കുകൾ അതിനുദാഹരണമാണ്..
‘എനിക്ക് സുപരിചിതമായ ഗ്രാമമാണ് എന്റെ ഭൂരിപക്ഷം കൃതികളുടെയും പശ്ചാത്തലം - അതിലൂടെ ഒഴുകിപ്പോകുന്ന പുഴ എന്റെ ജീവധമനിയാണ്. ഗ്രാമം എനിക്കു ശബ്ദങ്ങളും ബിംബങ്ങളും വാക്കുകളും തന്നു. ഗ്രാമത്തിലെയെന്നപോലെ മനുഷ്യപ്രകൃതിയിലെ ഋതുഭേദങ്ങൾ, സങ്കീർണതകൾ എന്നും എന്നെ ആകർഷിച്ചിരുന്നു. കൊടുംക്രൂരനെന്നു വിധിക്കപ്പെട്ടവൻ ഒരിക്കൽ മൃദുലഹൃദയം തുറന്നുകാണിച്ച് നമ്മെ അമ്പരിപ്പിക്കുന്നു. നന്മയുടെ നിറകുടമായി വിശേഷിക്കപ്പെട്ടവർ ഭീകരതയുടെ ദംഷ്ട്രകൾ അപ്രതീക്ഷിതമായി പുറത്തുകാട്ടുന്നു. മനുഷ്യൻ എന്ന നിത്യാദ്ഭുതത്തെപ്പറ്റി ചിന്തിച്ച് നാം അസ്വസ്ഥരാകുന്നു. ജീവിതയാത്രയിൽ പലപ്പോഴും നാമറിയാതെ ഒറ്റപ്പെട്ടുപോകുന്നു. അന്തിമവിശകലനത്തിൽ നാമെല്ലാവരും ഒറ്റപ്പെട്ടവരല്ലേ...? ഇതായിരുന്നു എംടിയുടെ ചിന്തനീയമായ വരികൾ.
ഒരഭിമുഖത്തിൽ വികാരഭരിതനായി എംടി പറയുകയുണ്ടായി: “നിളയ്ക്കു ചരമഗീതംപോലും ചിലർ കുറിച്ചുകഴിഞ്ഞു. ഞങ്ങൾക്കു നിളാദേവി കാരുണ്യംനിറഞ്ഞ അമ്മയാണ്. ഞങ്ങളുടെ രഹസ്യസ്വപ്നങ്ങളെ താലോലിച്ചു കാത്തുപോന്നത് അവരാണ്. കാലക്കേടുകൊണ്ടു പിഴച്ചുപോയ ഞങ്ങളുടെ കുട്ടികളുടെ നിരാശയും നാണക്കേടും വേദനയോടെ ഏറ്റുവാങ്ങിയത് ഈ പുഴയുടെ കയങ്ങളാണ്. മരിച്ചുപോയ പ്രിയപ്പെട്ടവർക്കുവേണ്ടി ഞങ്ങൾ നടത്തിയ കർമങ്ങൾ ഈ അമ്മയെ സാക്ഷിയാക്കിയാണ്. അങ്ങനെയാണ് അവർ സമാധാനത്തോടെ പരലോകയാത്രകളിലേക്കു വഴിതിരിഞ്ഞത്.
എംടിയുടെ ഈ വാക്കുകൾ ഭാരതപ്പുഴയോടുള്ള സ്നേഹത്തിന്റെ ആഴം വരച്ചുകാട്ടുന്നതാണ്.
ഒറ്റപ്പെട്ടവർ, ആ
കഥാപാത്രങ്ങൾ
ഭാരതപ്പുഴയെപ്പോലെതന്നെ എംടിയുടെ കഥയും കഥാപരിസരവും ഒറ്റപ്പെട്ടവരുടെ, ഏതോ കാലത്തു ജീവിച്ചിരുന്നവരുടെ, ഇന്നും ജീവിതം തള്ളിനീക്കുന്നവരുടേതാണ്. ഭ്രാന്തൻ വേലായുധനും അപ്പുണ്ണിയും ഗോവിന്ദൻകുട്ടിയും സേതുമാധവനും സുധാകരനും മഹാഭാരതകഥയിലെ ഭീമന്റെ പുനരാഖ്യാനവും അങ്ങനെയുള്ളവരുടേതാണ്.
എംടിയുടെ ദൈന്യതയാർന്ന സ്ത്രീകഥാപാത്രങ്ങൾ - കുട്ട്യേടത്തി, സുമിത്ര, വിനോദിനി...
ആർക്കോവേണ്ടി കാത്തിരിക്കുക, കണ്ടെത്തും എന്നത് അനിശ്ചിതമായിരിക്കുക, എന്നിട്ടും കാത്തിരിപ്പ് പവിത്രമായ അനുഷ്ഠാനമായി മാറുക...
നഷ്ടപ്രണയത്തിന്റെ മോഹവലയത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന മഞ്ഞിലെ വിമല... തുറന്നുപറയാൻ കാലം വിസമ്മതിച്ച പ്രണയത്തിന്റെ ദുരന്തനായകനായ തീർഥാടനത്തിലെ കരുണാകരൻ മാഷ്... അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ.
പുഴയെ പ്രണയിച്ച എംടിയും
ഭാസ്കരൻമാഷും
എംടിയും ഭാസ്കരൻമാഷും സിനിമയിൽ ഒരുമിച്ചപ്പോഴൊക്കെ അതിമനോഹരങ്ങളായ ഗാനങ്ങൾ പിറന്നുവീണത് ഒരുപക്ഷേ യാദൃച്ഛികമാവാം, രണ്ടു പേരും പുഴയെ പ്രണയിച്ചവരായിരുന്നു. അതുകൊണ്ടുതന്നെയാവും ഇവരുടെ സിനിമകളിൽ പല പാട്ടുകളിലും കടവും പുഴയും മണൽതിട്ടകളുമൊക്കെ ബിംബങ്ങളായി പ്രത്യക്ഷപ്പെട്ടത്. എംടിയുടെ വിഖ്യാതനോവലായ മുറപ്പെണ്ണിലെ രണ്ടു ഗാനങ്ങളും പുഴയോടു ബന്ധപ്പെടുത്തിയാണ് രചിക്കപ്പെട്ടത്. കുടുംബബന്ധങ്ങളുടെ അർഥശൂന്യത വെളിപ്പെടുത്തുന്ന,
/”കരയുന്നോ പുഴ ചിരിക്കുന്നോ
കണ്ണീരുമൊലിപ്പിച്ച് കൈവഴികൾ
പിരിയുമ്പോൾ... കരയുന്നോ പുഴ.../”
എന്ന ഗാനവും, കാമുകിയുടെ പ്രണയകുതൂഹലങ്ങൾ വെളിപ്പെടുത്തുന്ന
/”കടവത്തു തോണിയടുത്തപ്പോൾ
പെണ്ണിന്റെ കവിളത്തു മഴവില്ലിൻ../”
എന്ന ഗാനവും.
അതുപോലെതന്നെ എംടിയുടെ /”നഗരമേ നന്ദി/” എന്ന ചിത്രത്തിലെ
/”മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻകരയിങ്കൽ
മഞ്ഞളരച്ചുവച്ച് നീരാടുമ്പോൾ /”
എന്ന ഗാനവും പുഴയെ നെഞ്ചിൽചേർത്ത ഗാനമായിരുന്നു.
ഇരുട്ടിന്റെ ആത്മാവിലെ
/”ഈറനുടുത്തുകൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെൺമുകിലേ/”
എന്ന പാട്ടും
ഓളവും തീരവും എന്ന സിനിമയിലെ...
/” ഇടയ്ക്കൊന്നു ചിരിച്ചും
ഇടയ്ക്കൊന്നു കരഞ്ഞും
ഇടവപ്പാതിയും ഓടിയെത്തി /”
എന്ന പാട്ടും എംടിയും ഭാസ്കരൻമാഷും ഒന്നുചേർന്നപ്പോൾ പിറന്ന സമാനസ്വഭാവമുള്ള ശോകഗാനങ്ങളായിരുന്നു.