ഹോ... നിങ്ങളിത് കാണൂ....ട്രെയിൻ വരുന്പോൾ പാളത്തിൽ കമിഴ്ന്നു കിടന്നൊരു അദ്ഭുത രക്ഷപ്പെടൽ
Wednesday, December 25, 2024 5:35 AM IST
കണ്ണൂർ: റെയിൽപ്പാളത്തിലൂടെ നടന്നു പോകുന്നതിനിടെ ട്രെയിൻ വന്നപ്പോൾ പാളത്തിൽ കമിഴ്ന്ന് കിടന്നു പോറൽ പോലുമേൽക്കാതെ അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചെത്തിയ ആളെ കണ്ടെത്തി. പള്ളിക്കുന്ന് പന്നേൻപാറ സ്വദേശിയായ പവിത്രനാണ് തിങ്കളാഴ്ച ട്രെയിനു മുന്നിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 5.15 ഓടെ മംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മംഗളൂരു-തിരുവനന്തപുരം സെൻട്രൽ എക്സ്പ്സ് കടന്നു പോകുന്നതിനിടെ പന്നേൻപാറയിലായിരുന്നു സംഭവം.
ട്രെയിൻ വരുന്നതറിയാതെ പാളത്തിലൂടെ നടക്കുകയായിരുന്ന ഇയാൾ റെയിൽപ്പാളങ്ങൾക്കു നടുവിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. ട്രെയിൻ കടന്നു പോകുന്പോൾ പവിത്രൻ കമിഴ്ന്നു കിടക്കുന്നതും അവസാന ബോഗിയും കടന്നു പോയപ്പോൾ എഴുന്നേറ്റ് ക്ഷീണിതനായി പാളത്തിലൂടെ നടന്നു പോകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ ആരോ പകർത്തിയിരുന്നു.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേത്തുടർന്ന് റെയിൽവേ പോലീസ് ആളെ കണ്ടെത്താനുള്ള ശ്രമം നടത്തിവരുന്നതിനിടെയാണ് ഇന്നലെ രാവിലെ ആളെ തിരിച്ചറിഞ്ഞത്. സമൂഹമാധ്യമങ്ങളിലെ വീഡിയോകൾക്കു താഴെയായി മദ്യലഹരിയിലാണ് ഇയാളെന്നുൾപ്പെടെയുള്ള കമന്റുകൾ വന്നിരുന്നു.
എന്നാൽ, സ്കൂൾ ബസിൽ ക്ലീനറായി ജോലി ചെയ്യുന്ന താൻ താൻ മദ്യപിക്കുന്നയാളല്ലെന്നു പവിത്രൻ മാധ്യമങ്ങളോടു പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലേക്കു റെയിൽപാളത്തിലൂടെ പോകുന്പോൾ ഫോണിൽ കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പടെയുള്ളവരോടു സംസാരിച്ചുനടക്കുകയായിരുന്നു.
ഇതിനിടെയാണ് മാറിനിൽക്കാൻ സമയമില്ലാത്തവിധം തൊട്ടടുത്ത് ട്രെയിനെത്തിയത്. ജീവൻ രക്ഷിക്കാൻ മറ്റു മാർഗമില്ലാതെ മരണം മുന്നിൽക്കണ്ട് കമിഴ്ന്നു കിടക്കുകയായിരുന്നു. ജീവിതം അവസാനിച്ചെന്നാണു കരുതിയത്. ട്രെയിൻ കടന്നുപോയി എഴുന്നേറ്റപ്പോഴും ജീവനോടെയുണ്ടെന്നു വിശ്വസിക്കാനായില്ല. പിന്നീട് വീട്ടിലെത്തിയപ്പോൾ ബന്ധുക്കളെ ഇക്കാര്യം അറിയിച്ചതായും പവിത്രൻ പറഞ്ഞു.
പവിത്രനെതിരേ റെയിൽവേ പോലീസ് കേസെടുത്തു
കണ്ണൂർ: ട്രെയിനിനു മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട പവിത്രനെതിരേ റെയിൽവേ പോലീസ് കേസെടുത്തു. അതീവ സുരക്ഷാ പ്രദേശമായ റെയിൽപാളത്തിൽ അതിക്രമിച്ചു കയറിയതിനാണ് പ്രാഥമികമായി കേസ് രജിസ്റ്റർ ചെയ്തത്. പവിത്രനെ റെയിൽവേ പോലീസ് കണ്ണൂർ ആർപിഎഫ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി മൊഴിയെടുത്തു.
റെയിൽ പാളത്തിലൂടെ സഞ്ചരിച്ചത് മറ്റെന്തെങ്കിലും ദുരുദ്ദേശ്യപരമായ കാര്യത്തിനാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണെന്ന് ആർപിഎഫ് അധികൃതർ പറഞ്ഞു. റെയിൽപാളത്തിൽ അതിക്രമിച്ചു കടക്കൽ ഇന്ത്യൻ റെയിൽവേ ആക്ട് അനുസരിച്ച് ആറു മാസം വരെ തടവോ ആയിരം രൂപ പിഴയോ രണ്ടും ചേർന്നുള്ള ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്.