നീതിസൂര്യന്റെ ജന്മോത്സവം
Wednesday, December 25, 2024 4:56 AM IST
വിശുദ്ധ ബൈബിളിലെ അവസാനഗ്രന്ഥമായ മലാക്കി പ്രവാചകന്റെ പ്രവചനങ്ങളുടെ അവസാനഭാഗത്ത് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും. അതിന്റെ ചിറകുകളിൽ സൗഖ്യമുണ്ട്’’(4:2). ഈ പ്രവചനത്തിന്റെ പൂർത്തീകരണം എന്നോണം സമയത്തിന്റെ പൂർണതയിൽ ഉദയം ചെയ്ത നീതിസൂര്യനാണ് ദൈവപുത്രനായ ഈശോമിശിഹാ. ആ നീതി സൂര്യന്റെ ജന്മോത്സവമാണു ക്രിസ്മസ്.
ചെയ്യേണ്ടത് അഥവാ ലഭിക്കേണ്ടത് ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ട രീതിയിൽ, ചെയ്യേണ്ട സ്ഥലത്തു ചെയ്തുകൊടുക്കേണ്ടവർക്ക് ചെയ്തുകൊടുക്കുന്നതാണ് സാമാന്യ അർഥത്തിൽ നീതി. വൈകിവന്ന നീതി അനീതിയാണെന്നു പറയാറുള്ളതുപോലെ അസ്ഥാനത്തുള്ളതും വികലമായ രീതിയിലുള്ളതുമായ നീതിയും അനീതിയായി പരിണമിച്ചേക്കാം. അർഹിക്കാത്തവന് ലഭിക്കുന്ന ആനുകൂല്യവും അനീതിതന്നെ.
നീതിക്കും സൗഖ്യത്തിനുമായി ദാഹിച്ചിരുന്ന ഒരു മത-സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിലാണു ദൈവപുത്രൻ മനുഷ്യനായി അവതരിച്ചത്. അവൻ സർവമാനവ സമഭാവനയുടെ അടിസ്ഥാനതത്വങ്ങൾ തന്റെ സുവിശേഷത്തിലൂടെ മനുഷ്യരാശിയെ പഠിപ്പിച്ചു. അവൻ പിതാവേ എന്നുവിളിച്ച ദൈവത്തെ, അങ്ങനെ വിളിക്കാൻ, തന്നെ പിൻപറ്റുന്നവരെ പരിശീലിപ്പിച്ചു. ആ ദൈവം എല്ലാവരുടെയും പിതാവാണെന്നും മനുഷ്യരെല്ലാവരും ആ ദൈവത്തിന്റെ മക്കളാണെന്നും, അതിനാൽതന്നെ മനുഷ്യർ പരസ്പരം സഹോദരീ സഹോദരന്മാരാണെന്നും അവൻ പഠിപ്പിച്ചു. സമത്വത്തിന്റെയും സമഭാവനയുടെയും ഈ അടിസ്ഥാനതത്വങ്ങൾ നീതിയുടെയും അടിസ്ഥാനതത്വമാണ്.
തന്റെ ജീവിതകാലത്ത് ഈശോ നീതിക്കായി പ്രവർത്തിച്ചു. അനീതിയെയും കപടനാട്യത്തെയും അവൻ നിശിതമായി വിമർശിച്ചു. രാജാവിനെ “കുറുക്കൻ’’എന്നും കപടനാട്യക്കാരെ “വെള്ളയടിച്ച കുഴിമാടങ്ങളേ’’എന്നും പരസ്യമായി വിളിച്ചു. തന്നെ അന്യായമായി അടിച്ചവനോട് “എന്തിനെന്നെ അടിച്ചു’’എന്നു ചോദ്യം ചെയ്തു. ദൈവാലയം ശുദ്ധീകരിച്ചു. ചുങ്കക്കാരും വേശ്യകളുമടക്കം സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരോട് അനുകന്പ കാണിച്ചു.
താഴ്ന്ന ജാതിക്കാരിയായ സമരിയാക്കാരിയോട് സംസാരിച്ചു. അവളിൽനിന്നു വെള്ളംവാങ്ങി കുടിച്ചു. സമരിയാക്കാരനെ നല്ല അയൽക്കാരന്റെ മാതൃകയാക്കി. സ്ത്രീകൾക്ക് അർഹമായ പ്രാധാന്യം നല്കി. അങ്ങനെ നീതിക്കുവേണ്ടി പ്രവർത്തിച്ചവൻ, പഠിപ്പിച്ചു, “നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ, അവർക്ക് സംതൃപ്തി ലഭിക്കും’’ (മത്തായി 5:6) എന്ന്.
അനീതിക്കെതിരേ ശബ്ദമുയർത്തുന്നതോടൊപ്പം സന്പത്തിന്റെ പങ്കുവയ്പും സാമൂഹിക ആവശ്യങ്ങളിൽ അപരനെ സഹായിക്കേണ്ടതും സ്വർഗപ്രാപ്തിക്ക് അനിവാര്യമാണെന്ന് അവൻ പഠിപ്പിച്ചു. പൂർണത ആഗ്രഹിക്കുന്നവൻ സന്പത്ത് പങ്കുവയ്ക്കണമെന്നും സ്വർഗത്തിൽ നിക്ഷേപം കരുതണമെന്നും അവൻ പഠിപ്പിച്ചു. അവന്റെ സൗഖ്യദായകശുശ്രൂഷ ആത്മാവിനും ശരീരത്തിനും സമഗ്രമായ സൗഖ്യം പ്രദാനംചെയ്തു. പാപമോചനവും ശരീരസൗഖ്യവും പൈശാചികബന്ധനങ്ങളിൽനിന്നുള്ള മോചനവും അവൻ കനിവാർന്നു പകർന്നേകി.
ദേശീയവും അന്തർദേശീയവുമായ അനേകം യാഥാർഥ്യങ്ങളിൽ ഇനിയും നീതിസൂര്യൻ ഉദയംചെയ്യേണ്ടിയിരിക്കുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം, മരുന്ന് എന്നീ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാകാത്ത എത്രയെത്ര സാഹചര്യങ്ങളാണു ലോകത്തുള്ളത്. അമിതഭോജനവും ഭക്ഷണം പാഴാക്കലും സാധാരണ സംഭവമായിക്കൊണ്ടിരിക്കുന്ന ആഗോളസാഹചര്യത്തിൽ വിശക്കുന്നവന്റെ കണ്ണുനീർ ശാപമായി മാറില്ലേ! തലചായ്ക്കാൻ ഇടമില്ലാതെ അനേകായിരങ്ങൾ ലോകത്തിലുള്ളപ്പോൾ അനേകം ആർഭാട ഭവനങ്ങൾ ഉള്ളത് അനീതിയല്ലേ? പൗരൻ മരുന്നുംചികിത്സയും ലഭിക്കാതെ മരിക്കുന്പോൾ ഭരണാധികാരികൾ പൗരന്റെ നികുതിപ്പണം ധൂർത്തടിച്ച് വിദേശചികിത്സ തേടുന്നതു രാഷ്ട്രീയ ധാർമികതയാണോ?
രാഷ്ട്രത്തിന്റെ വികസനം ദരിദ്രന്റെ അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും നിഷേധിച്ചുകൊണ്ടുള്ളതാകരുത്. പൗരനെ പെരുവഴിയിലാക്കി പണക്കാരന്റെ പദ്ധതികൾക്കു പച്ചക്കൊടി വീശുന്പോൾ നിസഹായന്റെ കണ്ണീർ വീണ ഭൂമിയിലാണു വികസനം കെട്ടിപ്പടുക്കുന്നത് എന്നത് ഉത്തരവാദപ്പെട്ടവർ മറക്കാതിരിക്കട്ടെ. വികസനം സമഗ്രമായിരിക്കണം. ആത്മാവിനും ശരീരത്തിനും മനസിനും ഭൗതികആവശ്യങ്ങൾക്കും തുല്യപ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായിരിക്കണം. വികസനം എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവർക്കുംവേണ്ടിയുള്ളതും ആകണം. സന്പന്നന്നെ കൂടുതൽ സന്പന്നനും ദരിദ്രനെ കൂടുതൽ ദരിദ്രനുമാക്കുന്ന ഉപരിപ്ലവമായ വികസനം അനീതിയാണ്.
ഈ അനീതി നിറഞ്ഞ സാഹചര്യങ്ങളിലെല്ലാം നീതിസൂര്യൻ ഉദയംചെയ്യാൻ ഇടയാകട്ടെ. സൗഖ്യം പകരട്ടെ. നീതിസൂര്യന്റെ ജന്മോത്സവം സമഗ്രത പ്രദാനം ചെയ്യുന്ന സമാധാനം സംജാതമാകാൻ സഹായകമാകട്ടെ.