ശബരിമലയിൽ മണ്ഡലപൂജ കഴിഞ്ഞു, നട അടച്ചു
Friday, December 27, 2024 5:35 AM IST
ശബരിമല: 41 നാൾ വ്രതാനുഷ്ഠാനത്തിനു സമാപനം കുറിച്ച് ശബരിമലയിൽ ഇന്നലെ മണ്ഡലപൂജ നടന്നു. രാത്രിയിൽ നട അടച്ചതോടെ മണ്ഡലകാല തീർഥാടനത്തിനും സമാപനമായി. മകരവിളക്ക് മഹോത്സവത്തിനായി ഇനി 30നു നട തുറക്കും. മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു ഘോഷയാത്രയായി പുറപ്പെട്ട തങ്കഅങ്കി ബുധനാഴ്ച വൈകുന്നേരം ശബരിമലയിലെത്തി.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കി 1973ൽ നടയ്ക്കുവച്ചത്.
പതിനെട്ടാംപടിക്കു മുകളിൽ മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ തങ്കഅങ്കി ഏറ്റുവാങ്ങി. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു, എഡിജിപി എസ്. ശ്രീജിത്ത്, എഡിഎം അരുൺ എസ്. നായർ, സന്നിധാനം സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
സോപാനത്തിൽ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തിയും അരുൺകുമാർ നമ്പൂതിരിയും സഹശാന്തിമാരും ചേർന്നു തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി. തുടർന്ന് നട തുറന്ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു.
ഇന്നലെ ഉച്ചയ്ക്കാണ് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടന്നത്. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ ഭക്തർക്കു പ്രസാദം നൽകി. തുടർന്നു രാത്രിവരെ ഭക്തർക്ക് ദർശനം അനുവദിച്ചു. രാത്രിയാണു നട അടച്ചത്.