പെൻഷൻ തട്ടിപ്പ്: കൂടുതൽ ജീവനക്കാർക്കെതിരേ നടപടി
സ്വന്തം ലേഖകൻ
Wednesday, December 25, 2024 5:35 AM IST
തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ തട്ടിപ്പിൽ കൂടുതൽ ജീവനക്കാർക്കെതിരേ കടുത്ത അച്ചടക്കനടപടി വരുന്നു. ഏറ്റവും കൂടുതൽ പേർ സാമൂഹികസുരക്ഷാ പെൻഷൻ തട്ടിപ്പു നടത്തിയെന്നു കണ്ടെത്തിയ ആരോഗ്യ വകുപ്പിലെ 373 ജീവനക്കാർക്കെതിരേയാണ് കടുത്ത അച്ചടക്കനടപടി സ്വീകരിക്കുക. പെൻഷൻ അനർഹമായി കൈപ്പറ്റിയ മണ്ണുസംരക്ഷണവകുപ്പിലെ ആറു ജീവനക്കാരെ ഏതാനും ദിവസം മുൻപു സസ്പെൻഡ് ചെയ്തിരുന്നു.
പെൻഷൻ തട്ടിയെടുത്ത ജീവനക്കാരിൽനിന്നു പെൻഷൻ തുകയും പലിശയും ഈടാക്കാനാണു തീരുമാനം. ഇതു സംബന്ധിച്ചു നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പു മേധാവിമാർക്ക് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവു നൽകി. ആരോഗ്യവകുപ്പിലെ അറ്റൻഡർ, നഴ്സിംഗ് അസിസ്റ്റന്റ്, നഴ്സ്, ക്ലർക്ക്, ടൈപ്പിസ്റ്റ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നവരാണു ക്ഷേമ പെൻഷൻ കൈപ്പറ്റിയവരിൽപ്പെടുന്നത്.
നേരത്തേ കൃഷിവകുപ്പിലും മൃഗസംരക്ഷണ വകുപ്പിലും പൊതുഭരണ വകുപ്പിലും ഉൾപ്പെടെ പെൻഷൻ തട്ടിയെടുത്ത ജീവനക്കാർക്കെതിരേ നടപടിയെടുത്തിരുന്നു. 1700പേരാണ് ഇത്തരത്തിൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഗസറ്റഡ് റാങ്കിലുള്ളവരും ആഡംബര കാറുകളും ആഡംബര വീടുകൾ ഉള്ളവരും ഇക്കൂട്ടത്തിൽപ്പെടുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.