ശിശുക്ഷേമ സമിതിയിലെ രണ്ടര വയസുകാരിയെ ഉപദ്രവിച്ച ആയമാരുടെ ജാമ്യാപേക്ഷ തള്ളി
Wednesday, December 25, 2024 5:35 AM IST
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലിരുന്ന രണ്ടര വയസുകാരിയെ ഉപദ്രവിച്ച മൂന്ന് ആയമാരുടെയും ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു തള്ളി.
കഴിഞ്ഞ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആയമാരായ എസ്.കെ. അജിത, എൽ. മഹേശ്വരി, സിന്ധു എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ സ്ത്രീകളും ശിശുക്ഷേമ സമിതിയിലെതന്നെ ആയമാരും കുട്ടിയുടെ സംരക്ഷണ ചുമതല ഉള്ളവരുമായതിനാൽ യാതൊരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് റിമാൻഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.