വിദേശ ബിരുദം:തുല്യതാ സർട്ടിഫിക്കറ്റ് വേഗത്തിലാക്കാൻ യുജിസി
സ്വന്തം ലേഖകൻ
Monday, April 7, 2025 3:13 AM IST
ന്യൂഡൽഹി: വിദേശ സർവകലാശാലകളിൽനിന്നു ബിരുദം നേടി ഇന്ത്യയിലെത്തുന്നവർക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നതു വേഗത്തിലാക്കാൻ യുജിസി തീരുമാനം. വിദേശത്തു പഠനം പൂർത്തിയാക്കി എത്തുന്ന വിദ്യാർഥികൾക്ക് 15 ദിവസത്തിനുള്ളിൽ തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്ന തരത്തിലുള്ള നടപടികളാണ് യുജിസി വാഗ്ദാനം ചെയ്യുന്നത്.
നേരത്തെ തുല്യതാ സർട്ടിഫിക്കറ്റ് നൽകിയിരുന്നത് സ്വകാര്യ സ്ഥാപനമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിയായിരുന്നു (എഐയു). ഒരു വർഷം ശരാശരി 2000 ത്തോളം തുല്യതാ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ എഐയുവിന് ലഭിക്കുന്നുണ്ട്. ഇതാണ് സർക്കാർതലത്തിലേക്കു മാറ്റുന്നത്. തുല്യതയ്ക്കായി ഇന്ത്യയിലെ അതേ കോഴ്സിന്റെ മാനദണ്ഡം കണക്കിലെടുത്തായിരിക്കും യുജിസി നടപടി. ഇതുസംബന്ധിച്ച വിജ്ഞാപനം യുജിസി പുറത്തിറക്കി.
തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നതിനായി പ്രത്യേക ഓണ്ലൈൻ പോർട്ടലുണ്ടാക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ നൽകണം. അപേക്ഷയ്ക്ക് പ്രത്യേകം ഫീസും ഈടാക്കും. മെഡിസിൻ, നിയമം, നഴ്സിംഗ്, ഫാർമസി, ആർക്കിടെക്ചർ എന്നീ പ്രഫഷണൽ കോഴ്സുകൾക്ക് യുജിസി തുല്യതാ സർട്ടിഫിക്കറ്റ് നൽകില്ല. മറ്റു ബിരുദങ്ങൾക്കാണ് നൽകുക.
അന്താരാഷ്ട്ര യോഗ്യത നേടി വിദേശത്തുനിന്ന് മടങ്ങുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുജിസിയുടെ പുതിയ നീക്കം. കേന്ദ്രസർക്കാരിന്റെ 2024 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 13.30 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽത്തന്നെ ജോലി ചെയ്യുന്പോൾ കുറച്ചുപേർ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുണ്ട്. ഇത്തരക്കാർക്ക് ഇന്ത്യൻ സ്ഥാപനങ്ങളിൽ ജോലിക്കു പ്രവേശിക്കുന്നതിനായി അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ എളുപ്പത്തിലാക്കാനുള്ള യുജിസിയുടെ ശ്രമം.