മണ്ഡല പുനര്‍നിര്‍ണയത്തിലെ ആശങ്ക പ്രധാനമന്ത്രി ഇല്ലാതാക്കണമെന്ന് സ്റ്റാലിന്
Monday, April 7, 2025 2:03 AM IST
ഉദഗമണ്ഡലം (തമിഴ്നാട്): മണ്ഡല പുനര്‍നിര്‍ണയത്തില്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ ഭയം അകറ്റാന്‍ പാര്‍ലമെന്റ് സീറ്റുകളുടെ ശതമാനക്കണക്കില്‍ സംസ്ഥാന വിഹിതം മാറ്റമില്ലാതെ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാതെ ഉദഗമണ്ഡലത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി നീതിയുക്തമായ മണ്ഡലനിര്‍ണയം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി തയാറാകണം. ഈ വാഗ്ദാനം പരസ്യമായി നല്കി തമിഴ്നാട്ടിലെ ജനങ്ങളുടെ മനസിലെ ഭയം അകറ്റണം. മാത്രമല്ല, പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരികയും വേണം.
മണ്ഡല പുനര്‍നിര്‍ണയം ഉറപ്പാക്കാനുള്ള ഒരേയൊരു മാര്‍ഗമാണിത്. അദ്ദേഹം നടപടിയെടുക്കുമെന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രതീക്ഷിക്കുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍, തമിഴ്നാടിന് ഫണ്ട് അനുവദിക്കല്‍ എന്നിവയില്‍ പാര്‍ട്ടി എംപിമാര്‍ പാര്‍ലമെന്റില്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പാമ്പന്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതിനെക്കുറിച്ചും അദേഹം വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത കാര്യം താന്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രിമാരായ തങ്കം തെന്നരസു, രാജ കണ്ണപ്പന് എന്നിവരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നു അദേഹം പറഞ്ഞു. ത്രിഭാഷ, മണ്ഡല പുനര്‍നിര്‍ണയ വിഷയങ്ങളില്‍ സംസ്ഥാനവും കേന്ദ്രവുമായുള്ള എതിര്‍പ്പ് ശക്തമാകുന്നതിനിടെ സ്റ്റാലില്‍ പാമ്പന്‍ പാലത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്.