അമിത് ഷാ ജമ്മുകാഷ്മീരിൽ
Monday, April 7, 2025 2:03 AM IST
ജമ്മു: ത്രിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മുകാഷ്മീരിലെത്തി. കഴിഞ്ഞ ഒക്ടോബറിൽ ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് സർക്കാർ അധികാരത്തിലെത്തിയശേഷം ആദ്യമായാണു അമിത് ഷാ കാഷ്മീരിലെത്തുന്നത്.
ജമ്മുകാഷ്മീർ ലഫ്. ഗവർണർ മനോജ് സിൻഹയും മുതിർന്ന നേതാക്കളും ചേർന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. ഇന്ത്യ-പാക് അതിർത്തിയിലെത്തുന്ന അമിത് ഷാ സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാത്രി ത്രികുത്ത നഗറിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി എംഎൽഎമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.