മാലെഗാവ് സ്ഫോടനക്കേസ് ജഡ്ജിയെ സ്ഥലംമാറ്റി
Monday, April 7, 2025 2:03 AM IST
മുംബൈ: 2008ലെ മാലെഗാവ് സ്ഫോടനക്കേസ് വിചാരണ നടത്തിയ പ്രത്യേക എൻഐഎ കോടതി ജഡ്ജി എ.കെ. ലഹോട്ടിയെ സ്ഥലംമാറ്റി. നാസിക്കിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. മാലെഗാവ് കേസിൽ വിധി പ്രഖ്യാപനം നടത്തുന്നതിനു ദിവസങ്ങൾക്കു മുന്‍പാണു ലഹോട്ടിയെ സ്ഥലംമാറ്റിയത്. ബോംബെ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റീസ് ലഹോട്ടിയെ സ്ഥലംമാറ്റിയതിലൂടെ തങ്ങൾക്കു നീതി വൈകുമെന്ന് മാലെഗാവ് സ്ഫോടനത്തിലെ ഇരകൾ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റീസ് ലഹോട്ടിയെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇരകളുടെ അഭിഭാഷകൻ ഷാഹിദ് നദീം അറിയിച്ചു. 17 വർഷം നീണ്ട കേസിന്റെ വിചാരണയ്ക്കിടെ സ്ഥലംമാറ്റം ലഭിച്ച അഞ്ചാമത്തെ ജഡ്ജിയാണ് ജസ്റ്റീസ് ലഹോട്ടി.
2008 സെപ്റ്റംബർ 29നു മാലെഗാവിലെ മോസ്കിനു സമീപമുണ്ടായസ്ഫോടനത്തിൽ ആറു പേരാണു കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്കു പരിക്കേറ്റു. ബിജെപി നേതാക്കളായ പ്രജ്ഞാ ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവർ ഉൾപ്പെടെ ഏഴു പേരെ കേസിൽ പ്രതിചേർത്തിരുന്നു. തുടക്കത്തിൽ മഹാരാഷ്ട്ര എടിഎസ് ആണ് കേസ് അന്വേഷിച്ചത്. പിന്നീട് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കേസ് അന്വേഷണം ഏറ്റെടുത്തു.