മണിപ്പുരിലെ പുനരധിവാസം: 217 കോടി രൂപ അനുവദിച്ചതായി കേന്ദ്രം
സ്വന്തം ലേഖകൻ
Monday, April 7, 2025 2:03 AM IST
ന്യൂഡൽഹി: മണിപ്പുരിൽ കലാപത്തെത്തുടർന്ന് കുടിയിറക്കപ്പെട്ടവരുടെ ദുരിതാശ്വാസ, പുനരധിവാസ നടപടികൾക്കായി കഴിഞ്ഞ വർഷം (2024 -25) 217 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
2023 മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടർന്ന് സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ 50000 ത്തിലധികം ആളുകളാണ് വിവിധ സ്ഥലങ്ങളിലായി 250 ഓളം ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. ഇവരുടെ പുനരധിവാസത്തിന് ആയിരത്തോളം പ്രീഫാബ്രിക്കേറ്റഡ് വീടുകൾ നിർമിച്ചതായും അധികൃതർ വ്യക്തമാക്കി. മണിപ്പുരിന്റെ പുനരധിവാസത്തിന് കേന്ദ്രസർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനങ്ങൾക്കുള്ള മൂലധന പ്രത്യേക സഹായ പദ്ധതി (എസ്എഎസ്സിഐ) എന്നപേരിൽ കേന്ദ്ര സ്പോണ്സേർഡ് സ്കീമുകൾ (സിഎസ്എസ്) വഴി മണിപ്പുരിന് 1926 കോടി രൂപ കഴിഞ്ഞ മാസം നൽകിയതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.
എസ്എഎസ്സിഐ പ്രകാരം മണിപ്പുരിന് പ്രത്യേക സാന്പത്തികസഹായം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വാഗ്ദാനം ചെയ്തിരുന്നു. ഇതോടൊപ്പം 2024 -25 സാന്പത്തികവർഷത്തിൽ കേന്ദ്രസർക്കാരിന്റെ ഭവനനിർമാണ പദ്ധതിയായ പിഎംഎവൈ-ഗ്രാമീണിനു കീഴിൽ 169 കോടി രൂപയും സ്കൂൾ വിദ്യാഭ്യാസത്തിന് ഏകദേശം 520 കോടി രൂപയും ആരോഗ്യമേഖലയ്ക്ക് 305 കോടി രൂപയും വനിതാ-ശിശു വികസന മന്ത്രാലയത്തിൽനിന്ന് 458 കോടി രൂപയും ലഭ്യമാക്കിയെന്നും അധികൃതർ വ്യക്തമാക്കി.
ഈ വർഷം ഫെബ്രുവരിയിൽ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനു പിന്നാലെ കേന്ദ്ര ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ നിർമല സീതാരാമൻ മണിപ്പുർ ബജറ്റ് ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ഈ സാന്പത്തികവർഷത്തിലെ പുതുക്കിയ എസ്റ്റിമേറ്റ് തുക 32657 കോടി രൂപയിൽനിന്ന് 35105 കോടി രൂപയായി ഉയർത്താനും കേന്ദ്രം നിർദേശിച്ചിരുന്നു. അതേസമയം, മണിപ്പുരിലെ പല മേഖലകളിലും ഇപ്പോഴും സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. പലപ്പോഴായി ഉണ്ടാകുന്ന അക്രമം കേന്ദ്ര സർക്കാരിന് തലവേദനയായി തുടരുകയാണ്.