ഗെറ്റ് സെറ്റ് ബേബി; സിപിഎമ്മിനെ നയിക്കാൻ എം.എ. ബേബി
Monday, April 7, 2025 2:03 AM IST
മധുര: സിപിഎം 24-ാം പാർട്ടി കോൺഗ്രസിന് മധുര വണ്ടിയൂർ ശങ്കരയ്യ നഗറിൽ പൊതുസമ്മേളനത്തോടെ സമാപനമായി. സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബിയെ തെരഞ്ഞെടുത്തു. ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് എം.എ. ബേബി.
2012ലെ കോഴിക്കോട് പാർട്ടി കോൺഗ്രസിലാണ് ബേബി പിബി അംഗമായത്. പാലക്കാട്ട് വേരുകളുള്ള പ്രകാശ് കാരാട്ടും സിപിഎം ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചിട്ടുണ്ട്. പ്രകാശ് കാരാട്ടിന്റെയും കേരള ഘടകത്തിന്റെ പൂർണപിന്തുണയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിക്ക് ലഭിച്ചു.
എം.എ. ബേബി ജനറൽ സെക്രട്ടറിയാകുന്നതിനെ എതിര്‍ത്തിരുന്ന ബംഗാള്‍ ഘടകം ഒടുവിൽ പിന്മാറുകയായിരുന്നു. ഏറെക്കാലമായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് എം.എ. ബേബി. പാര്‍ലമെന്ററി പരിചയവും സംഘടനാ തലത്തിലെ മികവും ബേബിക്ക് അനുകൂലമായി. തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ള നേതാക്കള്‍ ബേബിയെ ശക്തമായി പിന്തുണച്ചതും അനുകൂലമായി.
84 അംഗ കേന്ദ്ര കമ്മിറ്റിക്ക് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകി. കേന്ദ്ര കമ്മിറ്റിയിൽ ഒരു ഒഴിവുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ 20 ശതമാനം സ്ത്രീകളാണ്. പുതിയ കേന്ദ്ര കമ്മിറ്റി 18 അംഗ പോളിറ്റ് ബ്യൂറോയെ തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയിൽ 30 പേർ പുതുമുഖങ്ങളാണ്. ആറംഗ സെൻട്രൽ കൺട്രോൾ കമ്മീഷനെയും തെരഞ്ഞെടുത്തു.
പിബിയില്‍നിന്ന് പ്രായപരിധി കാരണം ഒഴിയുന്ന ഏഴു പേരെ കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സിപിഎം ദേശീയ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രന് പിള്ള, ബിമന്‍ ബസു, ഹനന്‍മൊള്ള എന്നിവരാണ് പ്രത്യേക ക്ഷണിതാക്കൾ. കേന്ദ്ര കമ്മിറ്റിയിലെത്താനുള്ള ഉയര്‍ന്ന പ്രായം 75 തന്നെയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് യൂസഫ് തരിഗാമിക്കും പി.കെ. ശ്രീമതിക്കും ഇളവുണ്ട്.
പിണറായി വിജയൻ, ബി.വി. രാഘവുലു, എം.എ. ബേബി, തപൻ സെൻ, നിലോത്പൽ ബസു, മുഹമ്മദ് സലിം, എ. വിജയരാഘവൻ, അശോക് ധാവ്ലെ, രാമചന്ദ്ര ദോം, എം.വി. ഗോവിന്ദൻ, അംറ റാം, വിജു കൃഷ്ണൻ, മറിയം ധാവ്ലെ, യു. വാസുകി, കെ. ബാലകൃഷ്ണൻ, ജിതേന്ദ്ര ചൗധരി, ശ്രീദിപ് ഭട്ടാചാര്യ, അരുൺ കുമാർ എന്നിവരാണ് പിബി അംഗങ്ങൾ. ഇവരിൽ എട്ടു പേർ പുതുമുഖങ്ങളാണ്. കേന്ദ്ര കമ്മിറ്റിയിലേക്ക് മലയാളികളായ ടി.പി. രാമകൃഷ്ണന്, പുത്തലത്ത് ദിനേശന്, കെ.എസ്. സലീഖ എന്നിവരെയും തെരഞ്ഞെടുത്തു.
ജി. രാമകൃഷ്ണന്, എം. വിജയകുമാര്‍, യു. ബസവരാജു, രബിന്‍ ദേവ്, ജോഗേന്ദ്ര ശര്‍മ, രമാ ദാസ് എന്നിവരാണ് സെൻട്രൽ കൺട്രോൾ കമ്മീഷൻ അംഗങ്ങൾ. ജോൺ ബ്രിട്ടാസ്, സുദീപ് ദത്ത, സുധൻവ ദേശ്പാണ്ഡെ, ബാൽ സിംഗ് എന്നിവരാണ് പ്രത്യേക ക്ഷണിതാക്കൾ.
കേന്ദ്ര കമ്മിറ്റിയിലേക്കു മത്സരവും
84 അംഗ കേന്ദ്ര കമ്മിറ്റിയിലേക്ക് മഹാരാഷ്ട്ര സിഐടിയു സംസ്ഥാന അധ്യക്ഷൻകൂടിയായ ഡി.എൽ. കരാഡ് മത്സരിച്ചത് നേതൃത്വത്തെ ഞെട്ടിച്ചു.
കേന്ദ്ര കമ്മിറ്റിയില്‍ അര്‍ഹിച്ച പ്രാതിനിധ്യം ലഭിച്ചില്ലെന്ന ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ഘടകങ്ങളുടെ വിമര്‍ശനത്തിനു പിന്നാലെയാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നടന്നത്. ഉത്തര്‍പ്രദേശ് ഘടകമാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ പ്രതിഷേധിച്ചു മത്സരിച്ച കരാഡിന് 31 വോട്ട് ലഭിച്ചു.
സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍
പിണറായി വിജയന്, ബി.വി. രാഘവുലു, എം.എ. ബേബി, തപന്‍ സെന്‍, നിലോത്പല്‍ ബസു, മുഹമ്മദ് സലിം, എ. വിജയരാഘവന്, അശോക് ധാവ്ളെ, രാമചന്ദ്ര ഡോം, എം.വി. ഗോവിന്ദൻ, വി. ശ്രീനിവാസ റാവു, സുപ്രകാശ് താലൂക്ദര്‍, ഇഷ്ഫഖുര് റഹ്മാന്, ലല്ലന്‍ ചൗധരി, അവ്ദേശ് കുമാര്‍, പ്രകാശ് വിപ്ലവ്, മുഹമ്മദ് യൂസഫ് തരിഗാമി, പി.കെ.ശ ്രീമതി, ഇ.പി. ജയരാജന്, തോമസ് ഐസക്, കെ.കെ. ശൈലജ, എളമരം കരിം, കെ. രാധാകൃഷ്ണന്, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, പി. സതീദേവി, സി.എസ്. സുജാത, ജസ്വിന്ദര് സിംഗ്, സുഖ്വിന്ദര് സിംഗ് ഷെഖോണ്‍, അമ്രാറാം, കെ. ബാലകൃഷ്ണന്, യു. വാസുകി, പി. സമ്പത്ത്, പി. ഷണ്മുഖം, ടി. വീരഭദ്രം, ജിതേന്ദ്ര ചൗധരി, ഹിരാലാല്‍ യാദവ്, ശ്രീദിപ് ഭട്ടാചാര്യ, സുജന്‍ ചക്രവര്‍ത്തി, അഭസ് റായ് ചൗധരി, ഷമിക് ലാഹിരി, സുമിത് ഡേ, ഡെബോലിന ഹെംബ്രാം, കെ. ഹേമലത, രാജേന്ദ്ര ശര്‍മ, എസ്. പുണ്യവതി, മുരളീധരന്, അരുണ്‍ കുമാര്‍, വിജു കൃഷ്ണന്, മറിയം ധാവ്ളെ, എ.ആര്. സിന്ധു, ആര്. കരുമാലൈന്, കെ.എന്‍. ഉമേഷ്, വിക്രം സിംഗ്.
പുതിയ അംഗങ്ങള്‍
അനുരാഗ് സക്സേന, എച്ച്.ഐ. ഭട്ട്, പ്രേം ചന്ദ്, സഞ്ജയ് ചൗഹാന്, കെ. പ്രകാശ്, ടി.പി. രാമകൃഷ്ണന്, പുത്തലത്ത് ദിനേശന്, കെ.എസ്. സലീഖ, അജിത്ത് നവാളെ, വിനോദ് നിക്കോളെ, സുരേഷ് പാണിഗ്രാഹി, കിഷന് പരീഖ്, എന്‍. ഗുണശേഖരന്, ജോണ്‍ വെസ്ലി, എസ്. വീരയ്യ, ദേബബ്രത ഘോഷ്, സയ്യിദ് ഹുസൈന്, കൊന്നോയ്ക ഘോഷ്, മീനാക്ഷി മുഖര്‍ജി, സമന് പഥക്, മനേക് ഡേ, നരേഷ് ജമതിയ, രത്തന്‍ ഭൗമിക്, കൃഷ്ണ രക്ഷിത്, ലോകനാഥന്, കെ. ബാലഭാരതി, ഡി. രമാ ദേവി, ടി. ജ്യോതി, രാജേന്ദ്ര സിംഗ് നെഗി, സായ് ബാബു.
ബിജെപിക്കെതിരേ പോരാട്ടം ശക്തമാക്കും: എം.എ. ബേബി
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ പാർട്ടിയെ നയിക്കും. കേരളത്തിൽ തുടർഭരണത്തിനായി പ്രയത്നിക്കാനാണ് പാർട്ടി കോൺഗ്രസ് തീരുമാനം. തുടർഭരണം ലഭിച്ചാൽ ആരാണ് മുഖ്യമന്ത്രിയാവുകയെന്നു പറയാനാകില്ല.
സംഘടനാപരമായ ഒരു പുനരുജ്ജീവനത്തിലേക്ക്, പുനർശക്തീകരണത്തിലേക്ക് പോകേണ്ടതുണ്ട് എന്നാണ് പാർട്ടി കോൺഗ്രസിൽ ഉയർന്ന അഭിപ്രായം. പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും വൈകാതെ യോഗം ചേർന്ന് പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും.
ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ ഇടപെടൽ ശേഷി വർധിപ്പിക്കാൻ പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങളിലൂടെ കഴിയുമെന്നാണ് കരുതുന്നത്. നവഫാസിസ്റ്റ് പ്രവണതകൾ കാണിക്കുന്ന ബിജെപിക്ക് എതിരായി വിശാലമായ രാഷ്ട്രീയ ഐക്യം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്.
-