മ്യാൻമർ ഭൂകന്പം: കൂടുതൽ സഹായമെത്തിച്ച് ഇന്ത്യ
Monday, April 7, 2025 2:03 AM IST
ന്യൂഡൽഹി: മ്യാൻമറിലുണ്ടായ ഭൂകന്പത്തിൽ കൂടുതൽ ദുരിതാശ്വാസമെത്തിച്ച് ഇന്ത്യ. തകർന്നടിഞ്ഞ മേഖലകളുടെ പുനർനിർമാണത്തിനും മ്യാൻമറിലെ ഇന്ത്യൻ ആർമി ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റിലേക്കുമായി വ്യോമസേനയുടെ സി-17 വിമാനത്തിൽ 31 ടൺ അവശ്യസാധനങ്ങൾ അയച്ചതായി സൈനികോദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞയാഴ്ച മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതുവരെ 3000ൽ അധികം പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. നിരവധിപേർ അവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടപ്പുണ്ട്. മ്യാൻമറിലും അതോടൊപ്പം തായ്ലൻഡിലും ഉണ്ടായ ഭൂകന്പത്തിൽ ‘ഓപ്പറേഷൻ ബ്രഹ്മ’ എന്നപേരിൽ ഇന്ത്യ ദുരിതാശ്വാസ ദൗത്യം നടത്തിവരികയാണ്.
മ്യാൻമറിലെ രക്ഷാദൗത്യത്തിൽ 118 സുരക്ഷാ സേനാംഗങ്ങളെയാണ് ഇന്ത്യൻ സേന നിയോഗിച്ചിരിക്കുന്നത്. ഭൂകന്പമുണ്ടായ ആദ്യഘട്ടത്തിൽ 512 ടൺ അവശ്യസാധനങ്ങളും പിന്നീട് അരി ഉൾപ്പെടെ 442 ടൺ സാധനങ്ങളും യാങ്കൂണിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു.