പാന്പൻ പാലം തുറന്ന് പ്രധാനമന്ത്രി
Monday, April 7, 2025 2:03 AM IST
രാമേശ്വരം: ശ്രീലങ്കയോടു ചേർന്നുള്ള രാമേശ്വരം ദ്വീപിനെയും തമിഴ്നാട്ടിലെ രാമനാഥപുരത്തുള്ള പാന്പൻ ദീപിനെയും ബന്ധിപ്പിക്കുന്ന, നവീകരിച്ച പാന്പൻ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു.
രാമനവമി ദിനമായ ഇന്നലെ രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്ശനത്തിനുശേഷമാണു പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്തിയത്. രാമേശ്വരം-താംബരം ട്രെയിൻ സർവീസിനു പച്ചക്കൊടി കാണിച്ച പ്രധാനമന്ത്രി തൊട്ടുപിന്നാലെ പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി തീരസംരക്ഷണ സേനയുടെ കപ്പലിനെ കടത്തിവിടുന്നതിനും സാക്ഷിയായി.
നൂറുവർഷം മുന്‍പ് ചരിത്രപ്രാധാന്യമർഹിക്കുന്ന പാന്പൻപാലം ഒരു ഗുജറാത്തി നിർമിച്ചുവെന്നും നൂറു വർഷത്തിനുശേഷം പുതിയ പാലം മറ്റൊരു ഗുജറാത്തി ഉദ്ഘാടനം ചെയ്യുകയാണെന്നും പറഞ്ഞാണു മോദി പ്രസംഗം തുടങ്ങിയത്.
തമിഴ് ഭാഷയെ ലോകം മുഴുവൻ പ്രചരിപ്പിക്കാനുള്ള നടപടികളെല്ലാം കേന്ദ്രസർക്കാർ ചെയ്തു. മെഡിക്കൽ പഠനം പ്രാദേശികഭാഷയിലാക്കണമെന്ന ആവശ്യത്തിലും കേന്ദ്രം ഉടൻ നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയുടെയും പാരന്പര്യത്തിന്റെയും സമന്വയമാണു പുതിയ പാലമെന്ന് ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിക്കുകയും ചെയ്തു.
പാന്പനിലെ പഴയ പാലത്തിനു സമാനമായി 535 കോടി രൂപ ചെലവിലാണു പുതിയ പാലം നിർമിച്ചിരിക്കുന്നത്. റെയിൽവേയുടെ എൻജിനിയറിംഗ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡിനായിരുന്നു നിർമാണച്ചുമതല. സമുദ്രനിരപ്പില്‍നിന്ന് ആറ് മീറ്റര്‍ ഉയരമുള്ള പുതിയ പാലം 2.08 കിലോമീറ്റര്‍ താണ്ടിയാണ് ഇരു ദ്വീപുകളെയും ബന്ധിപ്പിക്കുന്നത്.
പാലത്തിന് അടിയിലൂടെ കപ്പലുകൾക്ക് യാത്ര ചെയ്യാൻ വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗ് സാങ്കേതിക വിദ്യയും പ്രയോഗിച്ചിരിക്കുന്നു. 18.3 മീറ്റര്‍ അകലത്തില്‍ 99 തൂണുകളും നടുവിലായി 72.5 മീറ്ററുള്ള നാവിഗേഷന്‍ സ്പാനുമാണ് പുതിയ പാലത്തിലുള്ളത്. ഈ ഭാഗം ആവശ്യമുള്ളപ്പോൾ ഉയർത്തിയാണ് കപ്പലുകൾ കടത്തിവിടുന്നത്.
റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, തമിഴ്നാട് ഗവർണർ ആർ.എൻ. രവി, തമിഴ്നാട് ധനകാര്യമന്ത്രി തങ്കം തെന്നരശ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ലോക്സഭാ മണ്ഡല പുനർവിഭജനം ഉൾപ്പെടെ പ്രശ്നങ്ങളുയർത്തി കേന്ദ്രത്തിനെതിരേ നിലപാടു സ്വീകരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനചടങ്ങിൽനിന്ന് വിട്ടുനിന്നു. നേരത്തേ നിശ്ചയിച്ച പരിപാടികൾ മൂലം ഉദ്ഘാടനത്തിൽ പങ്കെടുക്കാനാവില്ലെന്നു പ്രധാനമന്ത്രിയെ അറിയിച്ചിരുന്നതായി സ്റ്റാലിൻ പറഞ്ഞു. ഉദ്ഘാടനസമയത്ത് ഉദഗമണ്ഡലത്തിലെ വിവിധ പരിപാടികളിലായിരുന്നു മുഖ്യമന്ത്രി.
ദ്വിദിന ശ്രീലങ്കൻ സന്ദർശനത്തിനുശേഷം തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി മോദിയെ ഗവർണർ ആർ.എൻ. രവി, ധനമന്ത്രി തങ്കം തെന്നരശ്, കേന്ദ്രമന്ത്രി എൽ. മുരുകൻ, ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ കെ. അണ്ണാമല തുടങ്ങിയ പ്രമുഖർ ചേർന്നാണു സ്വീകരിച്ചത്.