രാജ്യത്തെ ട്രെയിൻ യാത്രയുടെ ദുരിതചിത്രം തുറന്നുകാട്ടുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അവധ് അസം എക്സ്പ്രസ് ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിലെ അവിശ്വസനീയമായ തിരക്കാണ് വീഡിയോയിലൂടെ പുറംലോകം കണ്ടത്.
ഒരു ഡിജിറ്റൽ ചാനൽ റിപ്പോർട്ടർ, ലഖ്നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് യാത്രക്കാരുടെ ദുരവസ്ഥ പകർത്തിയത്. ട്രെയിനിന്റെ ജനലരികിൽ ഞെരുങ്ങിയിരുന്ന യാത്രക്കാരൻ, താൻ രാജസ്ഥാനിൽ നിന്ന് പുറപ്പെട്ടതാണെന്നും, കഴിഞ്ഞ 24 മണിക്കൂറിലധികമായി ഈ തിക്കിലും തിരക്കിലും കുടുങ്ങിക്കിടക്കുകയാണെന്നും വെളിപ്പെടുത്തി.
ട്രെയിനിനുള്ളിൽ ഒരടിപോലും അനങ്ങാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഈ തിരക്ക് കാരണം, അടിസ്ഥാനപരമായ ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിഞ്ഞിട്ടില്ല. "ഈ സമയത്തിനിടയിൽ ശൗചാലയത്തിൽ പോകാനോ വെള്ളം കുടിക്കാനോ പോലും തനിക്ക് സാധിച്ചിട്ടില്ല,' അദ്ദേഹം റിപ്പോർട്ടറോട് പറഞ്ഞു.
യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നുവെന്ന സർക്കാർ വാദത്തെക്കുറിച്ച് റിപ്പോർട്ടർ സൂചിപ്പിച്ചപ്പോൾ, "ഇതാണ് സൗകര്യമെന്ന്' നിസംഗതയോടെ മറുപടി നൽകുന്ന യാത്രക്കാരന്റെ വാക്കുകൾ ഇന്ത്യൻ റെയിൽവേയിൽ സാധാരണക്കാരുടെ ദുരിതം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.
ട്രെയിനിനുള്ളിൽ തിങ്ങിനിറഞ്ഞ്, കാൽ കുത്താനിടമില്ലാതെ യാത്ര ചെയ്യുന്ന മറ്റ് നിരവധി യാത്രക്കാരെയും ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ മണിക്കൂറുകൾക്കകം നിരവധി ആളുകൾ കാണുകയും വലിയ തോതിൽ പ്രചരിക്കുകയും ചെയ്തു.
രാജ്യത്തെ ട്രെയിൻ യാത്രയുടെ നിലവാരമില്ലായ്മക്കെതിരെ ശക്തമായ പ്രതികരണമാണ് വീഡിയോ കണ്ടവർ രേഖപ്പെടുത്തിയത്. "12,000 പ്രത്യേക ട്രെയിനുകൾ' എന്ന പ്രഖ്യാപനങ്ങളെ ആളുകൾ രൂക്ഷമായി വിമർശിച്ചു.
12,000 ട്രെയിനുകൾ പ്രസംഗങ്ങളിൽ മാത്രമാണുള്ളതെന്നും പാളങ്ങളിലില്ലെന്നും ഒരു ഉപയോക്താവ് കുറിച്ചു. "24 മണിക്കൂറായി അയാൾ ഇരുന്നിടത്തുനിന്ന് അനങ്ങിയിട്ടില്ല; ഇതിനെ സീറ്റ് അറസ്റ്റ് എന്ന് വിളിക്കാമോ' എന്ന ചോദ്യമുയർത്തി മറ്റൊരാൾ യാത്രക്കാരന്റെ ദുരിതത്തിന് അടിവരയിട്ടു.
ഈ ദൃശ്യങ്ങൾ, റെയിൽവേ യാത്ര മെച്ചപ്പെടുത്തുന്നതിൽ അധികൃതർ എത്രത്തോളം ശ്രദ്ധിക്കുന്നു എന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ സംശയമുണ്ടാക്കിയിരിക്കുകയാണ്. ദൂരയാത്രക്കാർക്ക് നേരിടേണ്ടിവരുന്ന ഈ ദുരിതത്തിന് റെയിൽവേ ഉടൻ പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും പൊതുസമൂഹത്തിന്റെയും ആവശ്യം.
Tags : #IndianRailways #AvadhAssamExpress #TrainOvercrowding #ViralVideo #RailYatra