കാഴ്ചകൾ വ്യക്തമായി ആസ്വദിക്കുന്നതിനായി ട്രെയിനിലെ ജനൽച്ചില്ല് തുടച്ചു വൃത്തിയാക്കിയ യുവതി, ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പിയും ടിഷ്യൂ പേപ്പറും പാളത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവം വലിയ വിവാദമായിരിക്കുകയാണ്.
സഹയാത്രികരിൽ ഒരാൾ പകർത്തിയ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചർച്ചയാകുകയും ചെയ്തു. കാഴ്ചകൾ നന്നായി കാണാനായി ശ്രമിച്ച വ്യക്തി തന്നെ, റെയിൽവേ പരിസരം മലിനമാക്കിയതിലെ വിരോധാഭാസമാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം.
ജനൽച്ചില്ലിലെ അഴുക്ക് നീക്കം ചെയ്യാനായി യുവതി വെള്ളം ഉപയോഗിച്ച് ടിഷ്യൂ പേപ്പർ കൊണ്ട് വളരെ ശ്രദ്ധയോടെ തുടയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിൽ. എന്നാൽ ഈ പ്രവർത്തിക്ക് വിപരീതമായി, ഏതാനും നിമിഷങ്ങൾക്കകം, വൃത്തിയാക്കാൻ ഉപയോഗിച്ച ടിഷ്യൂവും ഒഴിഞ്ഞ വെള്ളക്കുപ്പിയും യാതൊരു മടിയുമില്ലാതെ അവർ തീവണ്ടിപ്പാളത്തിലേക്ക് വലിച്ചെറിയുന്നതായി കാണാം.
തെളിമയാർന്ന കാഴ്ചകൾ ആഗ്രഹിച്ച വ്യക്തിയുടെ ഈ പ്രവൃത്തി, പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിലെ ഗൗരവമായ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നു. "റീൽസിനു വേണ്ടി ജനൽ വൃത്തിയാക്കി, എന്നിട്ട് ടിഷ്യൂവും കുപ്പിയും ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി.
സംഭവത്തോട് പ്രതികരിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. "ഈ രാജ്യത്ത് പലർക്കും അടിസ്ഥാനപരമായ പൗരബോധം ഇല്ലാതായിരിക്കുന്നു. അവർ ചെയ്യുന്നത് തെറ്റാണെന്ന് തിരിച്ചറിയാൻ പോലും അവർക്ക് കഴിയുന്നില്ല. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരാജയമാണ്,' എന്ന് ഒരു ഉപയോക്താവ് വിമർശിച്ചു.
വിദ്യാഭ്യാസമോ നല്ല വേഷവിധാനമോ ഉള്ളതുകൊണ്ട് മാത്രം ഒരാൾക്ക് പൗരബോധം ഉണ്ടാകണമെന്നില്ലെന്നും, ഒരാളുടെ പ്രവൃത്തികളാണ് നിലവാരം തീരുമാനിക്കുന്നതെന്നുമുള്ള അഭിപ്രായവും ശക്തമായി ഉയർന്നു.
അതേസമയം, ട്രെയിനുകളിൽ ശുചീകരണത്തിനായി പ്രത്യേക ടീമുകൾ ഉണ്ടെന്നും, ഇത്തരം സാഹചര്യങ്ങളിൽ "റെയിൽമഡാഡ്' ആപ്പ് വഴി പരാതിപ്പെട്ടാൽ സഹായം ലഭിക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടി. കാഴ്ചകൾ ആസ്വദിക്കുമ്പോൾ തന്നെ, ആ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത ഓരോ പൗരനുമുണ്ടെന്ന സന്ദേശമാണ് ഈ വീഡിയോ നൽകുന്നത്.
Tags : #Littering #TrainTravel #IndianRailways #PublicProperty #EnvironmentalCrime