ദക്ഷിണാഫ്രിക്കയിലെ നോർത്ത് വെസ്റ്റ് മേഖലയിൽ നിന്നും, അതിവേഗം പാഞ്ഞ ട്രക്കിന്റെ മുകളിൽ നിന്നും എടുത്ത് ചാടി രക്ഷപ്പെടുന്ന സിംഹത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു.
ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിൽ നിന്നും വാങ്ങി, നോർത്ത് വെസ്റ്റ് മേഖലയിലെ റാമോട്ട്ഷെരെ മൊയ്ലോവയിലുള്ള നീറ്റ്വെർഡീൻഡിലെ ഗെയിം ഫാമിലേക്ക് കൊണ്ടുപോകുകയായിരുന്ന പ്രായപൂർത്തിയായ സിംഹമാണ് യാത്രയ്ക്കിടയിൽ ഈ സാഹസിക പ്രവൃത്തി നടത്തിയത്.
മയക്കുവെടിയുടെ സ്വാധീനത്തിലായിരുന്ന ഈ ആൺസിംഹം ഓടിക്കൊണ്ടിരുന്ന ട്രെയിലറിന്റെ മുകളിൽ നിൽക്കുന്നതും, അതിനുശേഷം താഴേക്ക് ചാടുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഈ സംഭവം ദക്ഷിണാഫ്രിക്കയിലെ വന്യമൃഗങ്ങളെ, പ്രത്യേകിച്ച് വേട്ടമൃഗങ്ങളെ വാണിജ്യപരമായി വിൽക്കുകയും കൊണ്ടുപോകുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്നു.
സിംഹത്തെ പിന്നീട് ലൈറ്റ്ബർഗ് ആനിമൽ ഹോസ്പിറ്റലിലെ ഡോ. ആന്റൺ നെൽ ഉൾപ്പെടെയുള്ള സംഘം സുരക്ഷിതമായി പിടികൂടുകയും ചെറിയ പരിക്കുകൾ മാത്രമേ ഉള്ളൂവെന്ന് കണ്ടെത്തുകയും ചെയ്തു. ഫോർ പോസ് സംഘടനയുടെ ദക്ഷിണാഫ്രിക്കൻ ഡയറക്ടറായ ഫിയോണ മൈൽസ് ഈ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തുകയും, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
സിംഹങ്ങളെപ്പോലെയുള്ള വേട്ടമൃഗങ്ങളെ കൊണ്ടുപോകുമ്പോൾ പൊതുജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്ന നിയമപരമായ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
"ഇതുപോലുള്ള സാഹചര്യങ്ങൾ നിലവിലുള്ള നിയമങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കേണ്ടതിന്റെയും മേൽനോട്ടം ഉറപ്പാക്കേണ്ടതിന്റെയും അടിയന്തര ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത്. ലൈറ്റ്ബർഗിനും സീറുസ്റ്റിനും ഇടയിലുള്ള റോഡിൽ, സിംഹം രക്ഷപ്പെട്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് ഡോ. ആന്റൺ നെൽ സ്ഥലത്തെത്തിയത്.
താൻ എത്തിയപ്പോൾ, സിംഹം വഴിയരികിലുള്ള മരത്തിനടിയിലെ പുൽമേട്ടിൽ വിശ്രമിക്കുന്നതായി കണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിംഹത്തിന്റെ ശരീരത്തിൽ നേരത്തെ നൽകിയ മയക്കുമരുന്നിന്റെ സ്വാധീനം അപ്പോഴും ഉണ്ടായിരുന്നു.
സുരക്ഷ ഉറപ്പാക്കാൻ വീണ്ടും മയക്കുവെടി വെച്ച ശേഷം, മരുന്ന് ഫലിച്ചു തുടങ്ങിയപ്പോൾ സിംഹം കിടക്കുകയും ശാന്തമായി ഉറങ്ങുകയും ചെയ്തു. തുടർന്ന് യാതൊരു ബുദ്ധിമുട്ടും കൂടാതെ അതിനെ വാഹനത്തിൽ കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.
ട്രെയിലറിന്റെ ചുമരുകൾക്ക് 2.5 മീറ്ററിലധികം ഉയരമുണ്ടായിരുന്നിട്ടും, അതിന്റെ മുകളിലെ ചെറിയ നിരീക്ഷണ ദ്വാരത്തിലൂടെ സിംഹം പുറത്തേക്ക് കടന്നത് അസാധാരണമായ രക്ഷപ്പെടലായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൃഗത്തിന്റെ നഖം അൽപ്പം കീറിയതൊഴിച്ചാൽ മറ്റു ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഡോക്ടർ സ്ഥിരീകരിച്ചു.
Tags : Lion Jumps Transport Truck outh African Highway