കാപ്പി കുടിച്ച ശേഷം ബാക്കി അൽപ്പം തെരുവിലെ ഓടയിലേക്ക് ഒഴിച്ചതിന് ലണ്ടനിൽ വനിതാ യാത്രികയ്ക്ക് 17,500 രൂപ പിഴ ചുമത്തി. പരിസ്ഥിതി നിയമങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അറിവില്ലായ്മയും നിയമം നടപ്പാക്കുന്ന രീതിയും ചോദ്യം ചെയ്യപ്പെട്ടതോടെ, സൗത്ത്-വെസ്റ്റ് ലണ്ടനിലെ റിച്ച്മണ്ട് കൗൺസിൽ തങ്ങളുടെ തീരുമാനം റദ്ദാക്കുകയും യാത്രക്കാരിക്ക് മുന്നറിയിപ്പ് നൽകി വിട്ടയക്കുകയും ചെയ്തു.
ക്യൂവിൽ താമസിക്കുന്ന ബുർക്കു യെസില്യുർട്ട് ആണ് ഈ അപ്രതീക്ഷിത സംഭവത്തിന് ഇരയായത്. താൻ കയറാൻ പോകുന്ന ബസിൽ കാപ്പി തുളുമ്പിപ്പോകുന്നത് ഒഴിവാക്കാനായി, തന്റെ റീയൂസബിൾ കപ്പിൽ അവശേഷിച്ചിരുന്ന അൽപ്പം കാപ്പി റിച്ച്മണ്ട് സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഓടയിലേക്ക് ഒഴിച്ചതിനാണ് പിഴ ചമത്തിയത്.
എന്നാൽ, കാപ്പി ഒഴിച്ച ഉടൻ തന്നെ, മൂന്ന് നിയമപാലകർ എത്തി അവരെ തടയുകയും നിയമലംഘനത്തിന് പിഴ ചുമത്തുകയുമായിരുന്നു. യെസില്യുർട്ടിനെ അമ്പരപ്പിച്ചുകൊണ്ട്, 1990-ലെ സെക്ഷൻ 33, പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമാണ് പിഴ ചുമത്തിയത്.
ഭൂമിയെയോ ജലത്തെയോ മലിനപ്പെടുത്താൻ സാധ്യതയുള്ള രീതിയിൽ മാലിന്യം നിക്ഷേപിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്ന നിയമമാണിത്. തെരുവിലെ ഓടകളിലേക്ക് ദ്രാവകങ്ങൾ ഒഴുക്കുന്നതും ഈ നിയമത്തിന്റെ പരിധിയിൽ വരും.
താൻ കുറ്റകരമായ എന്തോ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ "ഞെട്ടിപ്പോയി' എന്നും, ഇത് നിയമപരമായി തെറ്റാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും യെസില്യുർട്ട് വ്യക്തമാക്കി. നിയമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ സൂചനകളോ സ്ഥലത്തുണ്ടോ എന്ന് താൻ ഉദ്യോഗസ്ഥരോട് ചോദിച്ചെങ്കിലും അവർ മറുപടി നൽകിയില്ല എന്നും അവർ കൂട്ടിച്ചേർത്തു.
ബാക്കിയായ കാപ്പി എന്തുചെയ്യണമായിരുന്നു എന്ന ചോദ്യത്തിന്, അടുത്തുള്ള മാലിന്യ സംഭരണിയിലിടണമായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയത്. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ, റിച്ച്മണ്ട് കൗൺസിൽ വിഷയം പുനഃപരിശോധിച്ചു.
തങ്ങളുടെ ഉദ്യോഗസ്ഥരുടെ ദേഹത്ത് ഘടിപ്പിച്ച കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഉദ്യോഗസ്ഥർ പ്രൊഫഷണലായി തന്നെയാണ് പെരുമാറിയതെന്നും നിയമലംഘനം നടന്നിട്ടുണ്ടെന്നും കൗൺസിൽ വക്താവ് ആദ്യഘട്ടത്തിൽ വിലയിരുത്തി.
എങ്കിലും, സംഭവത്തിന്റെ സ്വഭാവം കണക്കിലെടുത്തും, അപ്പീൽ നൽകിയാൽ ഈ പിഴ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയതിനെ തുടന്നും, കൗൺസിൽ തങ്ങളുടെ തീരുമാനം മാറ്റുകയായിരുന്നു. ബുധനാഴ്ച യെസില്യുർട്ടിന് അയച്ച ഇ-മെയിലിൽ "പരിശോധനയിൽ, ഫിക്സഡ് പെനാൽറ്റി നോട്ടീസ് റദ്ദാക്കിയിരിക്കുന്നു' എന്ന് കൗൺസിൽ അറിയിച്ചു.
തനിക്ക് നേരിട്ട ദുരനുഭവം പരിഗണിച്ച കൗൺസിലിന്റെ നടപടിയിൽ സന്തോഷമുണ്ടെന്ന് പിഴ റദ്ദാക്കിയ ശേഷം ബുർക്കു യെസില്യുർട്ട് പ്രതികരിച്ചു. കൂടുതൽ വ്യക്തമായ ബോർഡുകളോ പൊതുജന അവബോധമോ ഇല്ലാത്ത ഇത്തരം നിയമങ്ങൾ സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയും ഈ സംഭവം ഉയർത്തിയിട്ടുണ്ട്.