മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ സംഘടിപ്പിച്ച ജൽ വിഹാർ മേള, സംഘർഷഭരിതമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മേള കാണാനെത്തിയ സന്ദർശകരെ വനിതാ ബൗൺസർമാർ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ഈ ആക്രമണ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പൊതുശ്രദ്ധ ആകർഷിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ ബൗൺസർമാർ ദേഷ്യത്തോടെ സന്ദർശകരെ ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ഇത് സന്ദർശകരും ബൗൺസർമാരും തമ്മിൽ ഉന്തും തള്ളും കയ്യാങ്കളിയുമായി വളർന്നു. റൈഡിൽ ഉണ്ടായിരുന്ന ഒരു യുവാവിനെ ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ച് ബലമായി പുറത്തേക്ക് കൊണ്ടുവരുന്നതും മറ്റൊരു ദൃശ്യത്തിൽ കാണാം.
ഈ സംഘർഷം തുടരുന്നതിനിടയിൽ സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇടപെടുകയും ആളുകളെ പിടിച്ചുമാറ്റി രംഗം ശാന്തമാക്കുകയും ചെയ്തതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണത്തിലായത്.
എങ്കിലും, ഇത്രയും ഗുരുതരമായ സംഘർഷത്തിന് കാരണമായ സാഹചര്യം എന്തായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. തങ്ങൾക്ക് നിയമപരമായി ലഭിച്ച അധികാരം വനിതാ ബൗൺസർമാർ ദുരുപയോഗം ചെയ്യുകയാണെന്നും, തങ്ങളുടെ ലിംഗഭേദം മറയാക്കി പുരുഷന്മാരെ മനഃപൂർവം ഉപദ്രവിക്കുകയാണെന്നും പ്രദേശവാസികളും മേളയിൽ പങ്കെടുത്തവരും ആരോപിക്കുന്നു.
വിഷയം ഗൗരവതരമാണെന്നിരിക്കെ, ഈ മേളയുമായി ബന്ധപ്പെട്ട് ഇത്തരം അക്രമസംഭവങ്ങൾ ഉണ്ടാകുന്നത് ആദ്യമായല്ല എന്ന വിവരവും പുറത്തുവരുന്നുണ്ട്. മുൻപും ജൽ വിഹാർ മേളയിൽ വനിതാ ബൗൺസർമാർ സന്ദർശകരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
Tags : FemaleBouncers BouncerAssault PublicMisbehavior BeltAttack ViralVideo