ഡമാസ്കസ്: സിറിയയിലെ വിവിധയിടങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെ ആക്രമണങ്ങള്‍ നടക്കുന്നതിനിടെ പ്രസിഡന്റ് അഹമ്മദ് അൽ ഷാര അന്ത്യോഖ്യയിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് യോഹന്നാൻ പത്ത ാമൻ യാസിഗിയുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ഞായറാഴ്ച ഓൾഡ് ഡമാസ്കസിലെ പാത്രിയാർക്കൽ വസതിയിൽ നേരിട്ടെത്തിയാണ് അഹമ്മദ് അൽ ഷാര കൂടിക്കാഴ്ച നടത്തിയത്. യോഗത്തിൽ അൽ ഷാരയ്ക്കൊപ്പം പ്രസിഡന്റിന്റെ ജനറൽ സെക്രട്ടറി മഹേർ അൽ ഷറയും ഡമാസ്കസ് ഗവർണർ മഹേർ മർവാൻ ഇദ്ലിബിയും പങ്കെടുത്തു.
ക്രിസ്ത്യൻ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് അറിയുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് സിറിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
മനുഷ്യരാശിക്ക് അറിയാവുന്ന ആദ്യത്തെ സഹവർത്തിത്വത്തിന്റെ കളിത്തൊട്ടിലാണു ഡമാസ്കസെന്നും അതു സംരക്ഷിക്കുന്നത് ഒരു ഉടമ്പടിയും പ്രതിജ്ഞയും കടമയുമാണെന്നും അഹമ്മദ് അൽ ഷാര വ്യക്തമാക്കി.
പുതിയ പ്രസിഡന്റ് അഹമ്മദ് അൽ ഷാരയും ക്രിസ്ത്യൻ നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയല്ലെങ്കിലും ജനുവരിയിൽ അധികാരമേറ്റതിനുശേഷം ഒരു പള്ളിയിലേക്ക് അദ്ദേഹം നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമായതിനാൽ കൂടിക്കാഴ്ച മാധ്യമശ്രദ്ധ നേടി.
സിറിയയിലെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ച് സർക്കാർ അനുകൂല ഹയാത്ത് തഹ്രീർ അൽ ഷാമിന്റെ (എച്ച്ടിഎസ്) നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ക്രൈസ്തവവിശ്വാസികളെ ലക്ഷ്യമിട്ടു വർധിച്ചുവരുന്ന ആക്രമണങ്ങളിലും കൂട്ടക്കൊലകളിലും ക്രൈസ്തവനേതൃത്വം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Tags : Damascus Syrian President Patriarchate Ahmed al-Sharaa