ഇടുക്കി: മുഖ്യമന്ത്രി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വെറും തട്ടിപ്പാണെന്ന് കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. കട്ടപ്പനയിൽ വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
മിനി ബജറ്റ് തന്നെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു തങ്ങൾക്ക് കൊടുക്കേണ്ടി വരില്ലെന്നുറപ്പായതിനാൽ അടുത്ത സർക്കാരിന്റെ തലയിലേക്ക് കെട്ടിവയ്ക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ ജനങ്ങൾക്കുമേൽ വൻ നികുതിഭാരം അടിച്ചേൽപിച്ചതാണ്. ആത്മാർഥതയുണ്ടായിരുന്നെങ്കിൽ ഈ ആനുകൂല്യങ്ങൾ അന്നു പ്രഖ്യാപിക്കാമായിരുന്നു. അതിനാൽ ജനങ്ങൾ ഇതു മുഖവിലയ്ക്കെടുക്കില്ല.
ആശാവർക്കാർമാരുടെ കാര്യത്തിൽ ക്രൂരമായ സമീപനമാണ് സർക്കാരിന്റേത്. മര്യാദയ്ക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാതെ വെറും തെരഞ്ഞെടുപ്പ് പ്രഹസനം നടത്തുകയാണ്. ഇടുക്കി പാക്കേജ് 11,000 കോടിയും തീരദേശപാക്കേജ് 10,000 കോടിയും പ്രഖ്യാപിച്ചു. പക്ഷേ ആർക്കെങ്കിലും കൊടുത്തോ. വയനാട് പാക്കേജിന്റെ സ്ഥിതിയും ഇതുതന്നെ. പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്.
മുഖ്യമന്ത്രിക്കും അറിയാം ഇതൊക്കെ തനിക്ക് കൊടുക്കേണ്ടി വരില്ലെന്ന്.ആ ഉറപ്പാണ് ഈ പ്രഖ്യാപനങ്ങൾക്കു പിന്നിൽ. പിഎംശ്രീ പദ്ധതി സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരാർ ഒപ്പുവച്ചത്.
ഇന്നലെ സിപിഐക്ക് നൽകിയ ഉറപ്പുകൾ അവരെ കബളിപ്പിക്കാനാണ്. എംഒയു ഒപ്പിട്ടിട്ട് ഇനി കത്തു കൊടുത്താൽ ആരു പരിഗണിക്കാനാണ്. അതു ജനങ്ങൾക്കും സിപിഐയ്ക്കും കുറച്ചു കഴിയുന്പോൾ ബോധ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
Tags : Ramesh Chennithala