പുത്തൂർ: സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ പൊല്ലാപ്പിലായി അധികൃതർ. ഉദ്ഘാടനത്തിന്റെ പിറ്റേന്നുമുതൽ പാർക്കിലേക്കു വിദ്യാർഥികൾക്കു പ്രവേശനം അനുവദിക്കുമെന്ന പ്രചാരണമാണു പൊല്ലാപ്പായത്.
നവംബർ ഒന്നുമുതലാണു പാർക്കിലേക്കു സന്ദർശകരെ അനുവദിക്കുക. ഇക്കാര്യമറിയാതെ ഇന്നലെ രാവിലെ മുതൽ പാർക്കിലേക്കു സന്ദർശകർ എത്തിത്തുടങ്ങി. മലപ്പുറത്തെ സ്കൂളിൽനിന്നു വിദ്യാർഥികളുമായി ബസ് എത്തി. ഇതോടെ അധികൃതർ വെട്ടിലായെങ്കിലും നിരാശരാക്കാതിരിക്കാൻ പ്രവേശനം നൽകി.
മണിക്കൂറുകൾക്കുശേഷം കോളജ് വിദ്യാർഥിസംഘവുമെത്തിയെങ്കിലും പ്രവേശനം നൽകിയില്ല. നവംബർ ഒന്നുമുതൽ ദിവസം ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുന്ന 500 പേരെയാണ് പ്രവേശിപ്പിക്കുക.
ഒരു സ്കൂളിൽനിന്ന് 100 പേർ വീതം അഞ്ചു സ്കൂളിൽനിന്നുള്ള 500 പേരെയാണ് പ്രവേശിപ്പിക്കുകയെന്നു പാർക്ക് ഡയറക്ടർ അറിയിച്ചു. രാവിലെ ഒന്പതുമുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞു മൂന്നുമുതൽ വൈകുന്നേരം അഞ്ചുവരെയാണു സന്ദർശനസമയം.