തൃശൂർ: മാത്തൂര്‍ പല്ലഞ്ചാത്തനൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പല്ലഞ്ചാത്തനൂര്‍ പൊള്ളംപാടം വീട്ടില്‍ ഇന്ദിരയെ (55) ആണ് ഭര്‍ത്താവ് വാസു (62) കൊലപ്പെടുത്തിയത്.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസി രാജനാണ് വീടിന്റെ അടുക്കളഭാഗത്തു വെട്ടേറ്റുകിടക്കുന്ന ഇന്ദിരയെ കണ്ടത്. വീടിനു മുന്‍വശത്തു കൊടുവാളുമായി വാസു നില്ക്കുന്നുണ്ടായിരുന്നു.
സംഭവമറിഞ്ഞ് കുഴല്‍മന്ദം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നമാണ് കാരണമെന്നു പോലീസ് പറഞ്ഞു. ഭാര്യയും മക്കളും പക്ഷംചേര്‍ന്ന് തന്നെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നതായി വാസു പോലീസിനു മൊഴിനൽകി. ചൊവ്വാഴ്ച രാത്രിയും ഇന്ദിരയുമായി വഴക്കിട്ടിരുന്നു. ഇന്നലെ രാവിലെ മക്കള്‍ ജോലിക്കുപോയശേഷം ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതനായ വാസു കൊടുവാളുകൊണ്ട് ഇന്ദിരയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. സംസ്കാരം നടത്തി. മക്കള്‍: ഭവദാസ്, വിഷ്ണുദാസ്, വിപിന്‍ദാസ്, ഭാവന. മരുമകന്: രഞ്ജിത്ത്.
ആലത്തൂര്‍ ഡിവൈഎസ്പി കെ.ആര്. മനോജ്, കുഴല്‍മന്ദം എസ്എച്ച്ഒ എ. അനൂപ്, എസ്ഐ ശ്യാം ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും വിരലടയാളവിദഗ്ധരും സ്ഥലം സന്ദര്‍ശിച്ചു. പ്രതി വാസുവിനെ പാലക്കാട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി 15 ദിവസത്തേക്കു റിമാന്‍ഡുചെയ്തു.
Tags : Palanchathanur murder