ഓഗ്സ്ബുര്ഗ്: ഔഗ്സ്ബുർഗിലെ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം "ഓണപ്പൂരം 2025' വർണാഭമായി. ഓണത്തിന്റെ തനിമ തെല്ലും ചോരാതെ എല്ലാവർക്കും ഒത്തുചേരാനുള്ള ഒരു വേദിയായി ആഘോഷം മാറി.
ഫ്രീഡൻ ഫ്യൂർ ഫ്രവൻ വെൽഫെയർ സൊസൈറ്റി പ്രതിനിധി അലക്സാന്ദ്ര മഹൽഹാസ് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ദേശി ഡിലൈറ്റിന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ആഘോഷത്തിന് കളിപ്പാട്ടങ്ങളുമായി മാവേലി എത്തിയത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശം പകർന്നു. ഓണം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമായിരിക്കണമെന്ന് മാവേലി സന്ദേശം നൽകി.

കൂട്ടായ്മ തയാറാക്കിയ 25 വിഭവങ്ങൾ ഉൾപ്പെടുത്തിയ ഓണസദ്യയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. വിവിധങ്ങളായ കലാപരിപാടികളും കുട്ടികൾക്കുള്ള കളികളും ആഘോഷത്തിന് മാറ്റുകൂട്ടി.
സദ്യയ്ക്ക് ശേഷം നടന്ന വടംവലി ഉൾപ്പെടെയുള്ള കായിക വിനോദങ്ങൾ ആവേശം ഇരട്ടിയാക്കി. വിജയികൾക്ക് സമ്മാനദാനവും നൽകി.