NRI
ടെക്സസ്: ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ കൗൺസിൽ ജനറൽ(സിജിഐ) പി.സി. മഞ്ജുനാഥ് മുഖ്യാതിഥിയായിരുന്നു. അമേരിക്കയിൽ ചെലവഴിച്ച വർഷത്തിനിടയിൽ ഒരു ഓണാഘോഷത്തിലും ഇത്രയും ജനപങ്കാളിത്തം കണ്ടിട്ടില്ലെന്ന് മഞ്ജുനാഥ് പറഞ്ഞു.
ക്ഷേത്ര കമ്മിറ്റിയുടെ സമർപ്പണത്തെയും ഹൂസ്റ്റണിലെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിനുള്ള പരിശ്രമത്തെയും മഞ്ജുനാഥ് അഭിനന്ദിച്ചു. കേരളത്തിലെ പാചക വിദഗ്ധൻ അംബി സ്വാമിയുടെ നേതൃത്വത്തിൽ ക്ഷേത്ര വോളന്റിയർ ചേർന്നൊരുക്കിയ 32 വിശിഷ്ട വിഭവങ്ങളോടു കൂടിയായിരുന്നു ഓണസദ്യ. പരമ്പരാഗത വസ്ത്രധാരണത്തിലും യഥാർഥ വാഴയിലയിലുമാണ് സദ്യ വിളമ്പിയത്.
NRI
ഓഗ്സ്ബുര്ഗ്: ഔഗ്സ്ബുർഗിലെ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം "ഓണപ്പൂരം 2025' വർണാഭമായി. ഓണത്തിന്റെ തനിമ തെല്ലും ചോരാതെ എല്ലാവർക്കും ഒത്തുചേരാനുള്ള ഒരു വേദിയായി ആഘോഷം മാറി.
ഫ്രീഡൻ ഫ്യൂർ ഫ്രവൻ വെൽഫെയർ സൊസൈറ്റി പ്രതിനിധി അലക്സാന്ദ്ര മഹൽഹാസ് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ദേശി ഡിലൈറ്റിന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ആഘോഷത്തിന് കളിപ്പാട്ടങ്ങളുമായി മാവേലി എത്തിയത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശം പകർന്നു. ഓണം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമായിരിക്കണമെന്ന് മാവേലി സന്ദേശം നൽകി.
NRI
അബുദാബി: എൻഎസ്എസ് അബുദാബി ഓണാഘോഷം "ഹൃദയത്തിലോരോണം 2025' സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചർ സെന്ററിൽ നടന്ന ആഘോഷം എൻഎസ്എസ് അബുദാബിയുടെ പ്രസിഡന്റ് പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് അനിൽ കുമാർ, ജനറൽ സെക്രട്ടറി ഹരീഷ് കുമാർ, കാര്യദർശിനി വിജയകുമാർ ഫൗണ്ടർ മെമ്പർ അജയ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
എൻഎസ്എസ് അബുദാബിയുടെ ജോയിന്റ് സെക്രട്ടറി സൈജു പിള്ള, ആക്ടിംഗ് ട്രഷറർ രവീഷ്, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
കൂടാതെ വർണാഭമായ ഘോഷയാത്ര, തിരുവാതിരകളി, മോഹിനിയാട്ടം, പ്രശസ്ത പിന്നണി ഗായകൻ അഭിജിത് കൊല്ലം, ചിത്ര അരുൺ എന്നിവരുടെ നേതൃതത്തിലുള്ള ഗാനമേളയും അരങ്ങേറി. 1400ലധികം ആളുകൾ വിഭവസമൃദമായ ഓണസദ്യയിലും പങ്കെടുത്തു.
NRI
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫാഖാൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഖോർഫഖാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന ആഘോഷ പരിപാടികൾ കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി ഉദ്ഘാടനം ചെയ്തു.
കൈരളി ഖോർഫഖാൻ യൂണിറ്റ് പ്രസിഡന്റ് ഹഫീസ് ബഷീർ അധ്യക്ഷത വഹിച്ചു. കൈരളി മുൻ സഹരക്ഷാധികാരി കെ.പി. സുകുമാരൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് വിനോയ് ഫിലിപ്പ്, കൈരളി സെൻട്രൽ കമ്മിറ്റി ട്രഷറർ ബൈജു രാഘവൻ, ജോയിന്റ് സെക്രട്ടറി സുനിൽ ചെമ്പള്ളി, യുണിറ്റ് ട്രഷറർ സതീഷ് ഓമല്ലൂർ, ഗോപിക അജയ് എന്നിവർ ആശംസകൾ അറിയിച്ചു.
യൂണിറ്റ് സെക്രട്ടറി ജിജു ഐസക്ക് സ്വാഗതവും സെൻട്രൽ കമ്മിറ്റി വനിതാ കൺവീനർ രഞ്ജിനി മനോജ് നന്ദിയും പറഞ്ഞു. മഹാബലിയും നാടൻ കലാരൂപങ്ങളും അണിനിരന്ന വർണാഭമാർന്ന ഘോഷയാത്രയ്ക്ക് ശേഷം നൃത്തനൃത്യങ്ങൾ, ഒപ്പന, തിരുവാതിര തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.
ആഘോഷത്തിനോടനുബന്ധിച്ച് പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
NRI
സ്റ്റീവനേജ്: ലണ്ടനിലെ മലയാളി കൂട്ടായ്മയായ സർഗം സ്റ്റീവനേജ് ഓണാഘോഷം "പൊന്നോണം 2025' ബാൺവെൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഓണപ്പൂക്കളത്തിനു വലംവച്ച് സർഗതാളത്തിന്റെ വാദ്യമേളത്തോടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെയും മഹാബലിയെ വേദിയിലേക്ക് ആനയിച്ചു.
പ്രസിഡന്റ് മനോജ് ജോൺ ആഘോഷത്തിന് ആമുഖമായി ഏവർക്കും സ്വാഗതം പറയുകയും തിരുവോണാശംസകൾ നേരുകയും ചെയ്തു. മാവേലിയോടൊപ്പം പ്രസിഡന്റ് മനോജ് ജോൺ, സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പിൽ, ഖജാൻജി ജോർജ് റപ്പായി, വൈസ് പ്രസിഡന്റ് ടെസി ജെയിംസ്, ജോയിന്റ് സെക്രട്ടറി ആതിര മോഹൻ, കമ്മിറ്റി അംഗങ്ങളായ ജിനേഷ് ജോർജ്, പ്രിൻസൺ പാലാട്ടി, ടിന്റു മെൽവിൻ, ഡാനിയേൽ മാത്യു, പ്രീതി മണി, അബ്രാഹം വർഗീസ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.
വെൽക്കം ഡാൻസോടെ പരിപാടികൾ ആരംഭിച്ചു. "സർഗതാളം ചെണ്ട' ഗ്രൂപ്പ് ക്രിസ് ബോസിന്റെ നേതൃത്വത്തിൽ ശിങ്കാരി മേളം നടത്തി. തുടർന്ന് സമ്മാനദാനം നിർവഹിച്ചു. യുക്മയുടെ അംഗ അസോസിയേഷൻ എന്ന നിലയിൽ ഈസ്റ്റ് ആംഗ്ലിയ റീജണിൽ നിന്നും പ്രഥമ വർഷം തന്നെ സ്പോർട്സ് മീറ്റിൽ ലഭിച്ച റണ്ണറപ്പിനുള്ള ട്രോഫി സർഗം അസോസിയേഷന് വേണ്ടി യുക്മ റീജണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ, മനോജ് ജോൺ എന്നിവർ ചേർന്ന് സർഗം സ്പോർട്സ് ടീം ക്യാപ്റ്റൻ ടിന്റു മെൽവിന് സമ്മാനിച്ചു.
NRI
ബര്ലിന്: കേരള കള്ച്ചറല് അസോസിയേഷന് ഓഫ് ബര്ലിന് ഓണാഘോഷം സംഘടിപ്പിച്ചു. ത്രേസ്യാമ്മ പാഴൂര് സ്വാഗതം ആശംസിച്ചു. രാവിലെ 11ന് ആരംഭിച്ച പരിപാടികള് വൈകുന്നേരം ആറിന് സമാപിച്ചു.
ബര്ലിനിലെ നിള റസ്റ്ററന്റ് ഓണസദ്യ ഒരുക്കി. മാവേലി, തിരുവാതിര, കസേരകളി, വടംവലി, സിനിമാറ്റിക് ഡാന്സ്, ഭരതനാട്യം, ഗാനാലാപനം തുടങ്ങിയ കലാപരിപാടികൾ അംഗങ്ങള് അവതരിപ്പിച്ചു.
NRI
ഔഗ്സ്ബുര്ഗ്: ജർമനിയിലെ ചരിത്രപ്രാധാന്യമുള്ള നഗരമായ ഔഗ്സ്ബുര്ഗിലെ മലയാളി സമൂഹം ഈ വർഷത്തെ ഓണാഘോഷം "ഓണപ്പൂരം' എന്ന പേരിൽ സംഘടിപ്പിക്കുന്നു.
ശനിയാഴ്ച ഗ്യോഗിംഗൻ റോൺകാലി ഹൗസിലാണ്(ക്ലൗസൺബർഗ്7) വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷങ്ങൾ അരങ്ങേറുന്നത്.
രാവിലെ 10ന് രജിസ്ട്രേഷനോടെ ചടങ്ങുകൾക്ക് തുടക്കമാകും. കേരളത്തിന്റെ തനത് സംസ്കാരത്തെ ജർമൻ മണ്ണിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണാഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.
നാടൻ കലാരൂപങ്ങൾ, നൃത്തങ്ങൾ, തിരുവാതിര, പൂക്കളം ഒരുക്കൽ, കൂടാതെ വടംവലി പോലുള്ള പരമ്പരാഗത മത്സരങ്ങൾ എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടും.
അതോടൊപ്പം കുട്ടികൾക്കായുള്ള പ്രത്യേക മത്സരങ്ങളും കരോക്കെ ഗാനമേളയും ഓണപ്പൂരത്തിന് കൊഴുപ്പേകും. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ അവസാനിക്കുക.
NRI
ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ദ്വാരക സെക്ടർ 11ലെ എൻഎസ്എസ് ബിൽഡിംഗിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
തിരവാതിരകളിയും മറ്റു കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
NRI
ലൂട്ടൺ: ലൂട്ടൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ നിരവധി കലാപരിപാടികൾ അരങ്ങേറി.
തിരുവാതിര, വഞ്ചിപ്പാട്ട്, നൃത്തങ്ങൾ, സംഗീതാവതരണങ്ങൾ, എന്നിവ കാണികൾക്ക് ആനന്ദം പകർന്നു. കുട്ടികളുടെ പ്രകടനങ്ങൾ വേദിയിൽ നിറഞ്ഞ കെെയടി നേടി.
ഓണസദ്യയിൽ സാംസ്കാരിക പരിപാടികൾക്ക് ശേഷം എല്ലാവരും പങ്കെടുത്തു. സംഘാടകർ സമൂഹത്തിലെ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് നന്ദി രേഖപ്പെടുത്തി.
ഈ വർഷത്തെ ഓണാഘോഷം നമ്മുടെ സമൂഹത്തിന്റെ ഐക്യവും സഹകരണവും പ്രതിഫലിപ്പിക്കുന്നതാണെന്ന് സമാജം പ്രസിഡന്റ് ഡെറിക്ക് മാത്യു പറഞ്ഞു.
NRI
ലണ്ടൻ: ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റിയുടെ ഓണാഘോഷം "നല്ലോണം പൊന്നോണം' സ്പീഡ് വെൽ റൂംസ് സ്റ്റേവലി ഹാളിൽ നടന്നു.
രാവിലെ 11ന് മാവേലി താലത്തിന്റെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ കമ്മിറ്റിക്കാരുടെയും സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.
NRI
ആൽബനി: വെസ്റ്റേൺ ഓസ്ട്രേലിയയിലെ ആൽബനിയിൽ ആൽബനി മല്ലൂസിന്റെ ഓണാഘോഷം വർണാഭമായി. ഞായറാഴ്ച നടന്ന ആഘോഷപരിപാടികൾ എംപി റിക്ക് വിൽസൺ, എംഎൽഎ സ്കോട്ട് ലെറി എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു.
ജോസ് ഐസക് ഓണസന്ദേശം നൽകി. പ്രോഗ്രാം കൺവീനർ ജോബിസൺ ജേക്കബ് പരിപാടികൾക്ക് നേതൃത്വം നൽകി. കേരളത്തനിമ വിളിച്ചോതുന്ന വിവിധ ആഘോഷപരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.
ഓണക്കളികൾ, പാട്ടുകൾ, നൃത്തങ്ങൾ, തിരുവാതിര തുടങ്ങിയ വിവിധ കൾച്ചറൽ പ്രോഗ്രാമുകൾ എന്നിവ കാഴ്ചക്കാർക്ക് നവ്യാനുഭവമായി. കുട്ടികളുടെ കലാപരിപാടികളും വാശിയേറിയ വടംവലിയും വിവിധ കായിക വിനോദങ്ങളും ഉണ്ടായിരുന്നു.
എംപിയും എംഎൽഎയും തിരുവാതിരകളി ആസ്വദിക്കുകയും കേരള തനിമയുള്ള ഓണസദ്യയിൽ പങ്കുചേരുകയും ചെയ്തു. റിക്ക് വിൽസൺ, സ്കോട്ട് ലെറി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
55 കുടുംബങ്ങൾ പങ്കെടുത്ത ആഘോഷം ഏകദേശം പത്ത് മണിക്കൂറോളം നീണ്ടുനിന്നു. ആൽബനിയിൽ പത്ത് വർഷം പൂർത്തിയാക്കിയ കുടുംബങ്ങളെ എംപി പൊന്നാട അണിയിച്ചും എംഎൽഎ മൊമന്റോ നൽകിയും ആദരിച്ചു.
പരിപാടികൾക്ക് കമ്മിറ്റി കൺവീനർമാരായ ജോബിസൺ ജേക്കബ്, എലീസ, റോബിൻ, രോഹിത്, റോഷൻ, ഹരി എന്നിവർ നേതൃത്വം നൽകി.
NRI
ലണ്ടൻ: യുകെയിലെ സൗത്ത് യോർക്ഷയറിലെ വോമ്പ്വെൽ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി. ബ്രാംപ്ടൺ ബീയർലോ പാരീഷ് ഹാളിൽ നടന്ന ആഘോഷത്തിൽ കേംബ്രിഡ്ജ് മുൻ മേയർ അഡ്വ. ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കെടുത്തു.
വോമ്പ്വെൽ മലയാളി കമ്യൂണിറ്റി ഒരുക്കിയ ഓണാഘോഷ പരിപാടികൾ കൂട്ടായുടെ സംഘടനാപാടവവും യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സജീവതയും വിളിച്ചോതുന്നതായി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര, തിരുവാതിരകളി, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ, വടംവലി തുടങ്ങിയ പരിപാടികൾ ഓണഘോഷം വർണാഭമാക്കി.
NRI
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു. സാംസ്കാരിക കോഓർഡിനേറ്റർമാരായ നിഷ നായർ, പ്രെജി സുരേഷ് നായർ, സുനിത ഹരി, ഗ്രൂപ്പ് ഇവന്റ് ലീഡർമാരായ അംഗിത മേനോൻ, ശ്രീകു നായർ, രാധ നായർ, അർച്ചന നായർ, പ്രെജി നായർ, മനോജ് നായർ രാജേഷ്, വിദ്യ നായർ, ഉണ്ണികൃഷ്ണ പിള്ള, രാജു നായർ, ശ്രീകല വിനോദ്, അജിത് പിള്ള, മുരളി പള്ളിക്കര, അപ്പത്ത് ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് സുനിൽ രാധമ്മ, സെക്രട്ടറി അഖിലേഷ് നായർ എന്നിവർ നേതൃത്വം നൽകി.
മഹാബലിയായി സുരേഷ് കരുണാകരനെ ശ്രീകു നായർ അണിയിച്ചൊരുക്കി. ഒനിയേൽ കുറുപ്പ്, പ്രെജി സുരേഷ് നായർ, സിന്ധു മേനോൻ, നിഷ നായർ, മനോജ് (എസ്ജിടി), ശ്രീകല വിനോദ്, സുരേഷ് കരുണാകരൻ, സുനിത ഹരി, ജയശ്രീ നായർ, ശ്രീകു നായർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
തിരുവാതിര നൃത്തസംവിധാനം ഷിംന നവീൻ നിർവഹിച്ചു. അങ്കിത മേനോൻ, അൻവേഷ് മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള അലങ്കാര കമ്മിറ്റിയും മീനാക്ഷി നായരും ചേർന്നാണ് വേദിയൊരുക്കിയത്.
NRI
ബര്ലിന്: യൂറോപ്പിലെ പ്രശസ്തമായ മലയാളം ഗുണ്ടര്ട്ട് ചെയര് സ്ഥിതിചെയ്യുന്ന ജര്മനിയിലെ ട്യൂബിംഗന് നഗരം ഓണാഘോഷത്തിന്റെ നിറവില്. ട്യൂബിംഗനിലെ മലയാളി കൂട്ടായ്മയായ ജര്മന് മല്ലൂസും ഇന്തോ ജര്മന് കള്ച്ചറല് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ശനിയാഴ്ച നടക്കും.
രാവിലെ 8.30ന് രജിസ്ട്രേഷനോടുകൂടി പരിപാടികള്ക്ക് തുടക്കമാകും. 9.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില് രാജേഷ് പിള്ള (ഡിഐകെജി) സ്വാഗതം ആശംസിക്കും.
ഫാ. ടിജോ പറത്താനത്ത്, ജോളി തടത്തില് (ചെയര്മാന്, ഡബ്ല്യുഎംസി, യൂറോപ്പ് റീജിയൺ), മേഴ്സി തടത്തില് (ഡബ്ല്യുഎംസി ഗ്ലോബല് വൈസ് ചെയര്പേഴ്സണ്), ജോളി എം. പടയാട്ടില് (പ്രസിഡന്റ്, ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ), ജോസ് കുമ്പിളുവേലില് (ലോക കേരള സഭാംഗം), ചിന്നു പടയാട്ടില് (സെക്രട്ടറി, ഡബ്ല്യുഎംസി ജര്മൻ പ്രോവിൻസ്) എന്നിവര് ചേർന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
മത്സരങ്ങൾ, വടംവലി, ഓണക്കളികൾ എന്നിവയടക്കം വിവിധ പരിപാടികള് അരങ്ങേറും. തുടർന്ന്, ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ധനേഷ് കൃഷ്ണ നന്ദി പറയും. തെക്കിനി ബാൻഡിന്റെ സംഗീതവിരുന്നും ഡിജെ പാര്ട്ടിയും ആഘോഷരാവിന് മാറ്റുകൂട്ടും. ആഘോഷങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ച ഓണാഘോഷ പരിപാടിയിൽ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ യുക്രെയ്ൻ പ്രസിഡന്റായ ഡോ. യു.പി.ആർ. മേനോൻ ഓണസന്ദേശം നൽകി.
കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിച്ചു. വള്ളംകളി, നാടൻനൃത്തം, വർണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും സംഘടിപ്പിച്ചു.
സുബി ഫിലിപ്പ് (ആർട്ട്സ് ഡയറക്ടർ), മഞ്ജിത് കൈനിക്കര (സെക്രട്ടറി), ദീപക് നായർ, മാത്യു നൈനാൻ, ജയ്സി ജോർജ്, വിനോദ് ജോർജ്, ബേബികൊടുവത്ത്, ദീപു രവീന്ദ്രൻ, അനശ്വർ മാമ്പിള്ളി, ഡിംപിൾ ജോസഫ്, സാബു മാത്യു, ഫ്രാൻസിസ് അംബ്രോസ്, തോമസ് ഈശോ, നെബു കുര്യാക്കോസ്, ടോമി നെല്ലുവേലിൽ, ഷിബു ജെയിംസ്, സിജു വി. ജോർജ്, ഷിജു എബ്രഹാം, എംസിമാരായ സിബി തലക്കുളം, സുധിഷ് നായർ, സുഭി ഫിലിപ്പ്, മീര മാത്യു എന്നിവർ നേതൃത്വം നൽകി.
NRI
എഡിൻബറോ: ഐഒസി യുകെ കേരള ചാപ്റ്റർ സ്കോട്ട്ലൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണാഘോഷം സംഘാടനാ മികവ് കൊണ്ടും വൈവിധ്യം കൊണ്ടും പ്രൗഡഗംഭീരമായി. ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ് രൂപീകരിച്ചതിന് ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയായിരുന്നു അരങ്ങേറിയത്.
സംഘടനയുടെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രോഗ്രാം കോഓർഡിനേറ്റർ ഷോബിൻ സാം, യൂണിറ്റ് പ്രസിഡന്റ് മിഥുൻ എന്നിവർ പരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.
ചെണ്ടമേളവും ആർപ്പുവിളികളുടേയും അകമ്പടിയിൽ ഒരുക്കിയ മാവേലി എഴുന്നുള്ളത്തും കേരളീയത നിറഞ്ഞു തുളുമ്പുന്ന ശൈലിയിൽ അണിഞ്ഞൊരുങ്ങിയ സദസും പകർന്ന ദൃശ്യവിസ്മയാനുഭവം ഗൃഹാതുരത്വം നിറഞ്ഞതായി.
NRI
മോൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മഹാത്മ കൾച്ചറൽ സെന്റർ(എംസിസി) എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
പല ദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളോടൊപ്പം നിരവധി ലൈബീരിയൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. മഹാബലിയെ വരവേൽക്കാൻ എംസിസി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
NRI
ദമാം: അകാലത്തിൽ അന്തരിച്ച സഹപ്രവർത്തകരുടെ അമ്മമാർക്ക് നവയുഗം സാംസ്ക്കാരികവേദി സ്നേഹോപഹാരമായി ഓണക്കോടി സമ്മാനിച്ചു. നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മക്കളെ നഷ്ടമായ അമ്മമാർക്ക് ഓണക്കാലത്ത് സ്നേഹോപഹാരം സമ്മാനിച്ചത്.
നവയുഗം ദല്ല മേഖല കമ്മിറ്റി പ്രസിഡന്റായിരുന്ന സനു മഠത്തിൽ, നവയുഗം ദല്ല സിഗ്നൽ യുണിറ്റ് അംഗമായിരുന്ന ഉണ്ണി എന്നിവരുടെ അമ്മമാർക്കാണ് അവരുടെ വീട്ടിലെത്തി നേതാക്കൾ ഓണക്കോടി നൽകിയത്.
"അമ്മയ്ക്കൊരു ഓണക്കോടി' പരിപാടിയിൽ നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, കേന്ദ്ര നിർവാഹകസമിതി അംഗം അരുൺ ചാത്തന്നൂർ, സിപിഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗമായ കെ.ബി. ശബരിനാഥ്, മണ്ഡലം കമ്മിറ്റി അംഗം ബിനോയി എസ്. ചിതറ,
യുവകലാസാഹിതി യുഎഇ കോഓർഡിനേഷൻ കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറി പ്രദീഷ് ചിതറ, ഒമാൻ കോഓർഡിനേഷൻ കമ്മിറ്റിയംഗം സന്തോഷ് അയിരക്കുഴി, സിപിഐ ചിതറ ലോക്കൽ കമ്മിറ്റി അംഗം സച്ചിൻ ദേവ്, ബ്രാഞ്ച് സെക്രട്ടറി ഷിബു, നവയുഗം കോബാർ മേഖല കമ്മിറ്റിയംഗം മീനു അരുൺ തുടങ്ങിയവർ പങ്കെടുത്തു.
Leader Page
(ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി)
ഓരോ നാടിനും ഓരോ ജനതയ്ക്കും അവരുടെ ഉത്സവങ്ങളും ആഘോഷങ്ങളുമുണ്ട്. അവ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യ ഭാഗവുമാണ്. ദുരിതങ്ങളും പ്രയാസങ്ങളും നിറഞ്ഞ നിത്യജീവിതത്തില്നിന്നുള്ള മോചനവും പ്രതീക്ഷയും പ്രത്യാശയുമാണ് അത്തരം സന്ദർഭങ്ങളെ ആകർഷകമാക്കുന്നത്. എന്നാല് ആധുനികകാലത്തെ ഉത്സവവേളകള് വിപണിയുടെ നിർദയ ചൂഷണത്തിന്റേതുകൂടിയാണ്. എല്ലാ സമയത്തും എന്നതുപോലെ ഇത്തരം സവിശേഷ സന്ദർഭങ്ങളിലും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയും സ്വാഭാവികമോ അല്ലാത്തതുമായ വിലക്കയറ്റത്തിനുള്ള സാധ്യതയെ മുന്കൂട്ടിക്കണ്ട് തടയുകയും ചെയ്യേണ്ടത് ഒരു ക്ഷേമരാഷ്ട്രത്തിലെ സർക്കാരിന്റെ കടമയാണ്.
ഈ ഓണക്കാലത്ത് കേരളത്തിലെ എല്ഡിഎഫ് സർക്കാർ ആ കടമ ഫലപ്രദമായി നിർവഹിക്കുകയും കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും അതിന്റെ പ്രയോജനം അനുഭവിക്കുകയും ചെയ്തു. കേരളം ഒരു ഭക്ഷ്യകമ്മി സംസ്ഥാനമാണ്. ഒരു ഉപഭോക്തൃ സംസ്ഥാനവുമാണ്. ഭക്ഷ്യധാന്യങ്ങള്ക്കും മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങള്ക്കും രാജ്യത്തെ ഉത്പാദക സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇത് സ്വാഭാവികമായും വലിയ തോതിലുള്ള വിലക്കയറ്റത്തിന്, വിശേഷിച്ചും ഉത്സവകാലങ്ങളില്, ഇടയാക്കാന് സാധ്യതയുണ്ട്. സമ്പന്നരെയോ ഉയർന്ന വരുമാനമുള്ള ഇടത്തരക്കാരെയോ ഈ സ്ഥിതി കാര്യമായി ബാധിക്കില്ല.
എന്നാല്, അതല്ല സാധാരണക്കാരുടെയും താഴ്ന്ന വരുമാനക്കാരുടെയും അവസ്ഥ. അവരുടെ ഉത്സവവേളയുടെതന്നെ ശോഭ കെടുത്തുന്ന ഒരു സ്ഥിതിവിശേഷമായി ഇത് കാലാകാലങ്ങളില് മാറിയിട്ടുണ്ട്. ഇത്തരമൊരു പ്രശ്നത്തെ തിരിച്ചറിയുകയും കാര്യക്ഷമമായി വിപണിയിടപെടല് നടത്തുകയും ചെയ്യുക മാത്രമേ ഒരു സർക്കാരിന് ചെയ്യാന് കഴിയുകയുള്ളൂ. സർക്കാർ അവശ്യവസ്തുക്കളുടെ ഉത്പാദകരല്ല. നിയമപരമായ ഉത്തരവിലൂടെ വില നിശ്ചയിക്കാനുള്ള അധികാരവും സ്വതന്ത്ര സമ്പദ് വ്യവസ്ഥ നിലനില്ക്കുന്ന നമ്മുടെ രാജ്യത്തില്ല. ഈ പരിമിതികളെയെല്ലാം മറികടന്നുകൊണ്ടാണ് കേരളം മാതൃകാപരമായ ഒരു സംവിധാനം ഒരുക്കിയിട്ടുള്ളത്. അത് പ്രവർത്തനക്ഷമമാണ് എന്ന് ഈ ഓണക്കാലവും തെളിയിച്ചു.
പരിമിതികളെ മറികടന്നു എന്നത് ആലങ്കാരികമായി പറയുന്നതല്ല. ഈ ഓണത്തിന് ടൈഡ് ഓവര് വിഹിതത്തിന്റെ വിലയായ 8.30 രൂപയ്ക്ക് കേരളത്തിന് അധിക അരിവിഹിതം നല്കണമെന്ന് ജൂലൈ ഒന്നിന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ളാദ് ജോഷിയെ നേരില്ക്കണ്ട് ആവശ്യപ്പെട്ടെങ്കിലും ഒരു മണി അരിപോലും അധികമായി നല്കാനാകില്ല എന്ന നിലപാടാണെടുത്തത്.
സ്വകാര്യ വ്യക്തികള്ക്കോ കമ്പനികള്ക്കോ വാങ്ങാവുന്ന ഒഎംഎസ്എസ് നിരക്കില് വേണമെങ്കില് എടുക്കാം എന്നാണ് അറിയിച്ചത്. എന്നാല് വരാനിരിക്കുന്ന മാസങ്ങളിലെ വിഹിതം മുന്കൂറായി വിട്ടെടുപ്പ് നടത്തി ഓണത്തിന് സ്പെഷല് അരി സംസ്ഥാന സർക്കാർ ലഭ്യമാക്കി. വെള്ള, നീല, പിങ്ക് കാർഡുകാർക്ക് യഥാക്രമം 15, 10, 5 കിലോ ഗ്രാം വീതം 10.90 രൂപയ്ക്ക് റേഷന്കടകള് വഴി വിതരണം ചെയ്തു. ഭക്ഷ്യക്കമ്മി സംസ്ഥാനമെന്നത് പരിഗണിച്ച് 1965 മുതല് സാർവത്രികമായ റേഷനിംഗ് കേരളത്തില് നിലനിന്നിരുന്നു.
2013ലെ ഭക്ഷ്യ ഭദ്രതാ നിയമം കേരള ജനസംഖ്യയിലെ 57 ശതമാനം വരുന്ന മുന്ഗണനേതര വിഭാഗത്തെ റേഷന് പരിധിക്ക് പുറത്താക്കി. പരിമിതമായി ലഭിക്കുന്ന ടൈഡ് ഓവർ വിഹിതത്തില്നിന്ന് സംസ്ഥാന സർക്കാർ ഈ വിഭാഗത്തിന് റേഷന് നല്കിവരുന്നുണ്ട്. എന്നാല്, ഈ ഓണക്കാലത്ത് ആ വിഹിതം മതിയാവുകയില്ല എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ വിഭാഗത്തിനുള്പ്പെടെ സ്പെഷല് അരി വിതരണം ചെയ്തത്. ഇതു കൂടാതെ സപ്ലൈകോ വില്പനശാലകള് വഴി 25 രൂപ നിരക്കില് കാർഡ് ഒന്നിന് 20 കിലോ ഗ്രാം പച്ചരിയോ പുഴുക്കലരിയോ ഇഷ്ടാനുസരണം ഉപഭോക്താക്കള്ക്ക് നല്കി. സബ്സിഡിയായി സപ്ലൈകോ സാധാരണയായി നല്കിവരുന്ന എട്ടു കിലോ ഗ്രാമിന് പുറമെയാണിത്. ഇപ്രകാരം വിപണിയില് അരിയുടെ ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റം തടയാനുള്ള നടപടികള് സ്വീകരിച്ചു.
വെളിച്ചെണ്ണ വിലവര്ധനയില് സപ്ലൈകോ ഇടപെടല് വളരെ ഫലപ്രദമായിരുന്നു എന്നാണ് കുറയുന്ന വെളിച്ചെണ്ണ വില കാണിക്കുന്നത്. ഉപഭോക്താക്കള്ക്ക് സപ്ലൈകോ വില്പനശാലയില് നിന്ന് 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യാനുസരണം നല്കിയിരുന്നു. ഓഗസ്റ്റ് 25 മുതല് 457 രൂപയില്നിന്നു 429 രൂപയിലേക്ക് കേര വെളിച്ചെണ്ണയുടെ വില സപ്ലൈകോ കുറച്ചു. നേരത്തേ ഒരു ബില്ലിന് ഒരു ലിറ്റര് കേര വെളിച്ചെണ്ണ മാത്രം എന്ന നിബന്ധന, ഉപഭോക്താക്കളുടെ ആവശ്യപ്രകാരം മാറ്റിയിട്ടുണ്ട്. സപ്ലൈകോയുടെ സ്വന്തം ബ്രാന്ഡായ ശബരിയുടെ ഒരു ലിറ്റര് സബ്സിഡി വെളിച്ചെണ്ണ 349 രൂപയ്ക്ക് നല്കിയിരുന്നത് ഇപ്പോള് 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയില് നിന്നും 389 രൂപയായും കുറവു വരുത്തിയാണ് വില്പന നടത്തുന്നത്. ഈ നടപടിയിലൂടെ പൊതുവിപണിയിലെ വെളിച്ചെണ്ണയുടെ വില പിടിച്ചുനിർത്താന് കഴിഞ്ഞു.
സെപ്റ്റംബർ മൂന്ന്, നാല് തീയതികളില് 1500 രൂപയുടെയോ അതിലധികമോ സബ്സിഡിയിതര ഉത്പന്നങ്ങള് വാങ്ങുന്നവർക്ക് ഒരു ലിറ്റർ വെളിച്ചെണ്ണകൂടി സബ്സിഡി നിരക്കില് നല്കാന് തീരുമാനിച്ചിട്ടുണ്ട്. ഇതില് ഇനിയും കുറവ് വരുത്താന് സാധിക്കും എന്നതില് സംശയമില്ല. 14 ജില്ലാ ഫെയറുകള് ഉള്പ്പെടെ 140 നിയോജകമണ്ഡലങ്ങളിലും സപ്ലൈകോയുടെ ഓണച്ചന്ത സംഘടിപ്പിച്ചിട്ടുണ്ട്. ഉള്പ്രദേശങ്ങളില് ഉള്പ്പെടെ എത്തിച്ചേരുന്ന സഞ്ചരിക്കുന്ന ഓണച്ചന്തകളും പ്രവർത്തിക്കുന്നു. കഴിഞ്ഞ ഒരു മാസത്തെ സപ്ലൈകോയുടെ വിറ്റുവരവില്, പൊതുജനങ്ങള് സപ്ലൈകോയില് അര്പ്പിക്കുന്ന വിശ്വാസം പ്രകടമാണ്. ജൂലൈയില് 168 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്സിഡി ഉത്പന്നങ്ങളാണ് കഴിഞ്ഞമാസം സപ്ലൈകോ വഴി പൊതുജനങ്ങള്ക്ക് വിതരണം ചെയ്തത്. 32 ലക്ഷത്തോളം ഉപഭോക്താക്കള് ജൂലൈയിൽ സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചിരുന്നു.
ഓഗസ്റ്റില് സർവകാല റിക്കാർഡുകള് തകർക്കുന്ന രീതിയിലുള്ള വില്പനയാണ് സപ്ലൈകോ ഔട്ട്ലെറ്റുകള് വഴി നടന്നത്. ഓഗസ്റ്റ് 31വരെയുള്ള വിറ്റുവരവ് 297.3 കോടി രൂപയാണ് എന്നത് സൂചിപ്പിക്കുന്നത് ഇക്കാര്യമാണ്. ഓഗസ്റ്റ് 11, 12 തീയതികളില് പ്രതിദിന വിറ്റുവരവ് പത്തു കോടി കവിഞ്ഞ് ക്രമാനുഗതമായി വർധിച്ച് 27ന് സപ്ലൈകോയുടെ ചരിത്രത്തിലെതന്നെ പ്രതിദിന റിക്കാർഡ് വിറ്റുവരവായ 15.7 കോടിയിലെത്തി. (ഇതിനു മുമ്പുള്ള പ്രതിദിന വിറ്റുവരവ് 15.37 കോടിയായിരുന്നു) 29ന് 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബർ ഒന്നിന് 22.2 കോടിയും രണ്ടിന് 25 കോടിയും കടന്നു. ഇന്നലെ വരെ ആകെ ഈ ഓണക്കാലത്ത് 354 കോടി രൂപയുടെ വില്പനയാണ് നടന്നത്. 51.87 ലക്ഷം ഉപഭോക്താക്കള് - അതായത് അത്രയും കുടുംബങ്ങള് - സപ്ലൈകോയുടെ സേവനം സ്വീകരിച്ചു. കേരളത്തിലെ മൂന്നേകാല് കോടി ജനങ്ങളില് രണ്ട് കോടിയിലധികം പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗത്തില്പ്പെട്ട കുടുംബങ്ങള്ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്ക്കുമടക്കം 14 ഇനങ്ങളടങ്ങിയ 6,14,217 സൗജന്യ ഭക്ഷ്യകിറ്റുകളാണ് ഇക്കുറി ഓണത്തിന് നല്കുന്നത്. സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതിമന്ദിരങ്ങള്, അനാഥാലയങ്ങള്, ക്ഷേമാശുപത്രികള്, മാനസികാരോഗ്യ കേന്ദ്രങ്ങള് എന്നിവയിലെ അന്തേവാസികള്ക്ക് നാലു പേർക്ക് ഒരു കിറ്റ് എന്ന ക്രമത്തില് നല്കാനാണ് തീരുമാനമെടുത്തിരുന്നത്. ഇതിനു പുറമെ ചെങ്ങറ സമര ഭൂമിയില് ഉള്പ്പെട്ട കുടുംബങ്ങള്ക്കുകൂടി കിറ്റ് നല്കാന് തീരുമാനിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പായി അർഹരായ മുഴുവനാളുകള്ക്കും വിതരണം ചെയ്യും.
ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിലുള്ള സംസ്ഥാനത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് ജനപക്ഷ സർക്കാർ നടത്തിയ രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകള് വിജയം കണ്ടു എന്നത് നവകേരളത്തിലേക്കുള്ള മുന്നേറ്റത്തില് ആവേശവും പ്രതീക്ഷയും പകരുന്നു.
NRI
അബുദാബി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു.
തിരുവാതിര, അസുര ബാൻഡ് ഒരുക്കിയ ഫ്യൂഷൻ ചെണ്ട മേളം, മഹാബലി എഴുന്നള്ളത്ത്, സംഗീത - നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി. ഓണസദ്യയിൽ മുന്നൂറോളം പേർ പങ്കെടുത്തു.
ചാപ്റ്റർ ചെയർമാൻ എൻ.വി. കൃഷ്ണൻ, വൈസ് ചെയർമാൻ രോഹിത് ദയാമ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഓണാഘോഷം ഒരുക്കിയത്.
NRI
വാട്ഫോർഡ്: ലണ്ടനിലെ മലയാളി കൂട്ടായ്മയായ വാട്ഫോർഡ് കെസിഎഫിന്റെ പത്താം വാർഷികവും ഓണാഘോഷവും ശനിയാഴ്ച വിപുലമായി പരിപാടികളോടെ നടക്കും. രാവിലെ 11 മുതൽ ഹോളിവെൽ ഹാളിലാണ് പരിപാടികൾ നടക്കുക.
സംഗീത ബ്രാൻഡായ 7ബീറ്റ്സിന്റെ മുഖ്യ സംഘാടകനും ഗായകനും സാമൂഹ്യ പ്രവർത്തകനുമായ ജോമോൻ മാമ്മൂട്ടിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ചെണ്ടമേളം, തിരുവാതിര, മോഹിനിയാട്ടം, ഓണസദ്യ എന്നിവ പരിപാടിയുടെ മാറ്റുകൂട്ടും.
ആർഎൻ സിംഗേഴ്സ് അവതരിപ്പിക്കുന്ന ഗാനമേളയോടൊപ്പം നൃത്തനൃത്യങ്ങളും കോമഡി സ്കിറ്റുകളും ഡിജെയും ആകർഷകങ്ങളായ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായുണ്ടാവും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രവേശനം ഉറപ്പാക്കുവാൻ മുൻകൂട്ടി തന്നെ സീറ്റ് റിസർവ് ചെയ്യണമെന്ന് ചെയർമാൻ സുരജ് കൃഷ്ണൻ, കോഓർഡിനേറ്റർമാരായ ജെബിറ്റി, ഷെറിൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണിമോൻ - 07727993229, ജെയിസൺ - 07897327523, സിബി - 07886749305.
NRI
ട്രിയര്: ജര്മനിയിലെ ട്രിയറിലെ മലയാളി കൂട്ടായ്മയായ മലയാളീസ് ഇന് ട്രിയറിന്റെ ഓണാഘോഷം ശനിയാഴ്ച രാവിലെ 10ന് നടക്കും. ലോക കേരളസഭാംഗമായ ജോസ് കുമ്പിളുവേലില് ആഘോഷത്തില് മുഖ്യാതിഥിയായി പങ്കെടുക്കും.
ട്രിയറിലെ സെന്റ് അഗ്രിഷ്യസ് ദേവാലയ ഹാളിലാണ്(Sankt Agritius Kirchen Saal, Agritiusstr. 1, 54295, Trier) ആഘോഷപരിപാടികള് നടക്കുന്നത്. ഓണക്കളികള്, വടംവലി, സദ്യ, കലാപരിപാടികള്, ഓണം ബമ്പര്, ഡിജെ മ്യൂസിക് തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ആഘോഷത്തിലേക്ക് ഏവരെയും ഹാര്ദവമായി ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു. പാര്ക്കിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
NRI
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘സർഗം സ്റ്റീവനേജ്’ സംഘടിപ്പിക്കുന്ന ‘സർഗം പൊന്നോണം 2025’ ഈ മാസം 13ന് സ്റ്റീവനേജിലെ ബാൺവെൽ അപ്പർ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് നടക്കും.
തിരുവാതിര, നൃത്തനൃത്യങ്ങൾ, കോമഡി സ്കിറ്റുകൾ, ഗാനമേള, മിമിക്രി എന്നിവ അടങ്ങിയ കലാസന്ധ്യയും പരിപാടിയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. മാവേലി മന്നന്റെ ആഗമനവും ഊഞ്ഞാലും ഓണപ്പാട്ടുകളും ചെണ്ടമേളവും ഉണ്ടായിരിക്കും.
ഓണസദ്യയും പങ്കെടുക്കുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. ഓണാഘോഷത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ പ്രവേശനം ഉറപ്പാക്കാൻ മുൻകൂട്ടി സീറ്റ് റിസർവ്വ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് സർഗം സ്റ്റീവനേജ് ഭാരവാഹികളുമായി ബന്ധപ്പെടുക.
മനോജ് ജോൺ - 07735285036, അനൂപ് മഠത്തിപ്പറമ്പിൽ - 07503961952, ജോർജ് റപ്പായി - 07886214193.
Leader Page
പായസമില്ലാതെ എന്ത് ഓണം? അരിപ്പായസമോ അരിയടയോ ആവട്ടെ ശര്ക്കര കൂടിയേ തീരൂ. ഓണക്കാലമായതോടെ കിടങ്ങൂര്-അയര്ക്കുന്നം റോഡില് കല്ലിട്ടുനടയിലെ ശര്ക്കരനിര്മാണപ്പുരയില് തിരക്കാണ്. ലൈവ് തട്ടുകട, ലൈവ് കഫേ, ലൈവ് അടുക്കള എന്നൊക്കെ പറയുന്നതുപോലെ ഇവിടെ കരിമ്പ് ആട്ടി നീരു തിളപ്പിച്ചാറ്റി ശര്ക്കര ഉരുട്ടി പാകമാക്കുന്നതു ലൈവായി കാണാം, ശർക്കരയും വാങ്ങാം. ആറുമാനൂര് കുഞ്ചറക്കാട്ടില് ജോസ് കെ. ഏബ്രഹാമാണ് കഴിഞ്ഞ ആറു വര്ഷമായി ഇവിടെ നാടന് ശര്ക്കര നിര്മാണവും വിപണനവും നടത്തുന്നത്. സ്വന്തമായി എട്ടേക്കറിലും പാട്ടത്തിനെടുത്ത 16 ഏക്കറിലുമാണ് കൃഷി. കൂടാതെ, സര്ക്കാര് കരിമ്പുഫാമില്നിന്നു കരിമ്പ് വാങ്ങുന്നുണ്ട്. മായമില്ലാതെ പൂര്ണമായി ജൈവമധുരമുള്ള ശര്ക്കരയാണ് ഇവിടെ തയാറാക്കുന്നത്.
ശർക്കര അത്ര എളുപ്പമല്ല
പാടത്തുനിന്നു വെട്ടിയ കരിന്പ് റോളറില് കയറ്റി ജൂസെടുത്ത് വെള്ളം ബാഷ്പീകരിച്ച തിളപ്പിക്കും. 100 ലിറ്റര് ജൂസ് ബാഷ്പീകരണം നടക്കാന് നാലു മണിക്കൂറോളം വേണ്ടിവരും. തിളപ്പിക്കുന്നതിനു കരിമ്പിന് ചണ്ടികളും വിറകുമാണ് ഉപയോഗിക്കുന്നത്. വറ്റിച്ചെടുത്ത ജ്യൂസ് തടിമരവിയിലേക്ക് ഒഴിച്ചുകഴിഞ്ഞാല് അരമണിക്കൂറിനുള്ളില് നല്ലതുപോലെ ഇളക്കി ചെറു ചൂടോടെ കുമ്മായം കൂട്ടി ഉരുട്ടിയെടുക്കും. ഒരു ഉരുള 100 ഗ്രാമുണ്ടാകും. വില കിലോയ്ക്ക് 200 രൂപ. ജീരകം, ഏലയ്ക്ക, ചുക്ക് എന്നിവ ചേര്ത്ത് മൂല്യവര്ധിതമാക്കിയും വില്ക്കുന്നുണ്ട്. ഇതിന് വില 250 രൂപ.
പായസം, കൊഴുക്കട്ട, ഇലയട തുടങ്ങി രൂചികരമായ ഭക്ഷണസാധങ്ങള് ഉണ്ടാക്കുവാന് ശര്ക്കരയ്ക്ക് എപ്പോഴും ആവശ്യക്കാരുണ്ടെന്നു ജോസ് പറയുന്നു. അയര്ക്കുന്നം സെന്റ് സെബാസ്റ്റ്യന്സ് ഹൈസ്കൂൾ റിട്ടയേഡ് അധ്യാപകനാണ് ജോസ്.
പൂര്വികരുടെ കാലത്തേ കുടുംബത്തിനു കരിമ്പുകൃഷിയും ശര്ക്കരനിര്മാണവുമുണ്ടായിരുന്നു. പൂർവികർ ചെയ്ത തൊഴിലിനെ തിരികെയെത്തിക്കാനുള്ള ആഗ്രഹത്തിലാണ് കരിമ്പിന്പാടവും ശര്ക്കരയും വീണ്ടെടുത്തത്.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കും. സർക്കാർ ക്ഷണം സ്വീകരിച്ചെത്തുന്ന ഗവർണർ ഓണം വാരാഘോഷങ്ങൾക്ക് സമാപനംകുറിച്ച് നടത്തുന്ന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
തുടർന്ന് പ്രധാനവേദിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പമിരുന്ന് ഗവർണറും കുടുംബവും ഘോഷയാത്ര കാണും. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ 2022 ലാണ് ഈ പതിവ് തെറ്റിയിരുന്നു. സർവകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറുമായി തുറന്ന ഏറ്റുമുട്ടൽ നടക്കുന്ന സമയമായിരുന്നു അത്.
അതേസമയം കഴിഞ്ഞ ഓഗസ്റ്റ് 15ന് ഗവർണർ വിശിഷ്ടാതിഥികൾക്കായി രാജ്ഭവനിൽ ഒരുക്കിയ അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല.
Kerala
തൃപ്പൂണിത്തുറ: ഓണക്കാലത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില് അത്താഘോഷം തുടങ്ങി. കൊച്ചി രാജാവിന്റെ ചമയ പുറപ്പാടിനെ അനുസ്മരിപ്പിച്ച് ജനായത്ത ഭരണത്തിലെ അത്തം ഘോഷയാത്ര രാജവീഥിയിലേക്കിറങ്ങിയതോടെ മലയാളത്തിന്റെ ഓണാഘോഷങ്ങള്ക്ക് തുടക്കമായി.
അത്തം നാളില് തൃപ്പൂണിത്തുറയിലെ അത്തം നഗറില് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില് മന്ത്രി എം.ബി. രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്തു. ചമയാഘോഷങ്ങളുടെ ഉദ്ഘാടനത്തിന് പിന്നാലെ അത്തപ്പതാക ഉയര്ന്നതോടെ അത്തം ഘോഷയാത്രയുടെ വരവറിയിച്ച് അമിട്ടുകള് ആകാശത്തേക്കുയര്ന്നു.
അത്തം നഗറില് വേഷമിട്ട് നിന്ന കലാരൂപങ്ങള് വിശിഷ്ടാതിഥികള്ക്ക് മുന്നില് ആദ്യ ചുവടുകള് വച്ചതോടെ അത്തം നഗര് വര്ണക്കടലായി. ചെമ്പിലരയനും കരിങ്ങാച്ചിറ കത്തനാരും നെട്ടൂര് തങ്ങളും സാക്ഷ്യം വഹിച്ച ചടങ്ങില് ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കഴിഞ്ഞതോടെ വര്ണ മനോഹരമായ അത്തം ഘോഷയാത്ര നഗരത്തിലേക്കിറങ്ങി.
മൂവായിരത്തിലധികം കലാകാരന്മാരാണ് ഘോഷയാത്രയെ വര്ണാഭമാക്കിയത്. മഹാബലി, സ്കൂള്, കോളജ് വിദ്യാര്ഥികള്, ആശാവര്ക്കര്മാര്, നകാര, പല്ലക്ക്, പുലികളി, കളരിപ്പയറ്റ്, ശിങ്കാരിമേളം, പ്രച്ഛന്ന വേഷങ്ങള്, തകില്, ചെണ്ടമേളം, ബാന്ഡ് മേളം, തമ്പോല മേളം, കാവടി, തെയ്യം, തിറ, പടയണി, കെട്ടുകാള, ആലാമികളി, ഗരുഡന് പറവ, ഡോള് ഡാന്സ്, ദേവനൃത്തം, അര്ജുനനൃത്തം തുടങ്ങി ഒട്ടനവധിയായ കലാരൂപങ്ങള് ഘോഷയാത്രയ്ക്ക് പൊലിമയേകി.
അത്തം നഗറില് നിന്നും പുതിയ ബസ് സ്റ്റാൻഡ്, സ്റ്റാച്ച്യു, കിഴക്കേക്കോട്ട വഴി എസ്.എന്.ജംഗ്ഷനിലെത്തിയ ഘോഷയാത്ര വടക്കേക്കോട്ട, കോട്ടയ്ക്കകം, സ്റ്റാച്ച്യു ജംഗ്ഷന് വഴി തിരികെ അത്തം നഗറിലെത്തി. രാവിലെ സിയോണ് ഓഡിറ്റോറിയത്തില് നടന്ന പൂക്കള മത്സരത്തിന്റെ പ്രദര്ശനം വൈകിട്ട് നടക്കും. ലായം കൂത്തമ്പലത്തില് വൈകിട്ട് നടക്കുന്ന കലാസന്ധ്യ ഉദ്ഘാടനത്തോടെ രാജനഗരി ആഘോഷ ലഹരിയില് അമരും.
രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണം
തൃപ്പൂണിത്തുറ: അത്തം ഘോഷയാത്ര നടക്കുന്ന തൃപ്പൂണിത്തുറയിൽ ഇന്നു രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
കോട്ടയം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് മുളന്തുരുത്തി – തിരുവാങ്കുളം റോഡിലൂടെ എറണാകുളത്തേക്കും പോകണം.
കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന സർവീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷനിലെത്തി മിനി ബൈപ്പാസ് വഴി പോകണം. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി, ചോറ്റാനിക്കര വഴി പോകണം.
എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും പേട്ട ജംഗ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് മിനി ബൈപ്പാസ് - കണ്ണൻകുളങ്ങര വഴി പോകണം. വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷനിലെത്തി ഇരുമ്പനം ജംഗ്ഷൻ വഴി പോകണം.
വെണ്ണല, എരൂർ ഭാഗങ്ങളിൽ നിന്ന് കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജംഗ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് ട്രാക്കോ കേബിൾ ജംഗ്ഷനിലെത്തി സീപോർട്ട്-എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷനിലെത്തി പോകണം. മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളിൽനിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും കരിങ്ങാച്ചിറ - ഇരുമ്പനം ജംഗ്ഷനിലെത്തി എസ്എൻ ജംഗ്ഷൻ–പേട്ട വഴി പോകണം. വലിയ വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴിയാണ് പോകേണ്ടത്.
ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടെയ്നർ ലോറി തുടങ്ങിയ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. പുതിയകാവ് ഭാഗത്ത്നിന്ന് മാർക്കറ്റ് റോഡ് വഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംഗ്ഷനിലേക്കും പ്രവേശനമുണ്ടാകില്ല.
ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട്, തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ്, സ്റ്റാച്ച്യു, കിഴക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട, ശ്രീപൂർണത്രയീശ ക്ഷേത്രം എന്നിവിടങ്ങളിലും കണ്ണൻകുളങ്ങര മുതൽ മിനി ബൈപ്പാസ്–പേട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല. പുതിയകാവ് ഭാഗങ്ങളിൽ നിന്നു വരുന്ന സർവീസ് ബസുകൾ സ്റ്റാൻഡിൽ കയറാതെ ഹോസ്പിറ്റൽ ജംഗ്ഷൻ – മിനി ബൈപ്പാസ് വഴി പോകണം.
Kerala
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്ക്കാര് ജീവനക്കാര്ക്കും അധ്യാപകര്ക്കുമുള്ള ബോണസ് 500 രൂപ വര്ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക.
ബോണസിന് അര്ഹത ഇല്ലാത്തവര്ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില് നിന്നും 3000 രൂപയായി ഉയര്ത്തി നല്കുമെന്നും ധനകാര്യ മന്ത്രി കെ.എന്. ബാലഗോപാല് അറിയിച്ചു. സര്വീസ് പെന്ഷന്കാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപയും വര്ധിപ്പിച്ചു. ഇതോടെ പ്രത്യേക ഉത്സവബത്ത 1250 രൂപയായി.
പങ്കാളിത്ത പെന്ഷന് പദ്ധതി പ്രകാരം വിരമിച്ച പെന്ഷന്കാര്ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സര്ക്കാര് ജീവനക്കാര്ക്കും ഓണം അഡ്വാന്സായി 20,000 രൂപ അനുവദിക്കും.
പാര്ട്ട് ടൈം, കണ്ടിന്ജന്റ് ഉള്പ്പെടെയുള്ള മറ്റു ജീവനക്കാര്ക്ക് അഡ്വാന്സ് 6000 രൂപയാണ്. കഴിഞ്ഞവര്ഷം ഉത്സവബത്ത ലഭിച്ച കരാര്-സ്കീം തൊഴിലാളികള് ഉള്പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്ക്കും 250 രൂപവീതം വര്ദ്ധിപ്പിച്ചു.
13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.
Kerala
തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഈ ഓണത്തിന് ബോണസായി ലഭിക്കുക ഒരു ലക്ഷത്തിലധികം രൂപ. സ്ഥിരം ജീവനക്കാർക്ക് എക്സ് ഗ്രേഷ്യ, പെർഫോമൻസ് ഇൻസെന്റീവ് ഇനത്തിൽ പരമാവധി 1,02,500 രൂപ വരെ ലഭിക്കും.
കഴിഞ്ഞ വർഷം 95,000 രൂപയാണ് ലഭിച്ചത്. ബെവ്കോയിലെ വിൽപ്പന 19,700 കോടിയായി വർധിച്ചതോടെയാണ് തുക ഉയർന്നത്. മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ബോണസുമായി ബന്ധപ്പെട്ട് ബെവ്കോയിലെ യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഔട്ട്ലെറ്റുകളിലെയും ഹെഡ് ക്വോട്ടേഴ്സിലേയും ശുചീകരണ തൊഴിലാളികൾക്കും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6,000 രൂപ ബോണസ് നൽകും. കഴിഞ്ഞ വർഷം 5,000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയർ ഹൗസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് നൽകാനും തീരുമാനിച്ചു.
NRI
ഡാളസ്: ഡാളസ് മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഈ മാസം 30ന് കൊപ്പേൽ സെന്റ് അൽഫോൻസ ചർച്ച് ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് ആരംഭിക്കുന്ന ഓണാഘോഷ ചടങ്ങിൽ പ്രഭാഷകനും എഴുത്തുകാരനും ഓങ്കോളജിസ്റ്റുമായ എം.വി. പിള്ള മുഖ്യാതിഥിയായിരിക്കും.
ഫോമ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ഫോമ സതേൺ റീജൻ വൈസ് പ്രസിഡന്റ് ബിജു ലോസൺ, ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജുഡി ജോസ് ഉൾപ്പെടെയുള്ള വിവിധ മത, സാംസ്കാരിക നേതാക്കൾ ഓണസന്ദേശങ്ങൾ നൽകും.
കേരളത്തിലെ തെരഞ്ഞെടുത്ത അഞ്ച് അനാഥകേന്ദ്രങ്ങളിൽ തിരുവോണദിവസം അസോസിയേഷന്റെ നേതൃത്വത്തിൽ സദ്യയൊരുക്കും. നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ, കൊപ്പേൽ മച്ചാൻസ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറുന്ന ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ഉൾപ്പെടുന്ന കേരളീയ നൃത്തനൃത്യങ്ങളും ടെക്സസ് മലയാളി ഗായകരുടെ ഗാനമേളയുമുണ്ടായിരിക്കും.
അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾക്കൊപ്പം കേരളീയ തനിമയിൽ കേരളത്തിൽ നിന്നുമെത്തിയ പാചകവിദഗ്ധർ ഇരുപത്തിരണ്ട് വിഭവങ്ങളോടെ ഒരുക്കുന്ന ഓണസദ്യയുമുണ്ട്.
ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: ജൂഡി ജോസ് -4053260190, സൈജു വർഗീസ് - 623 337 7955, ബിജു ലോസൺ - 972 342 0568, ഡക്സ്റ്റർ ഫെരേര - 972 768 4652, ഷാജി ആലപ്പാട്ട് - 214 227 7771.
NRI
വിൻസർ: വിൻസർ മലയാളി അസോസിയേഷന്റെ ഓണാഘോഷം "പൂത്തുമ്പി' സെപ്റ്റംബർ ആറിന് വിൻസർ ഡബ്ല്യുഎഫ്സിയു സെന്ററിൽ നടക്കും. ഓണാഘോഷത്തിൽ മുഖ്യാതിഥികളായി പ്രശസ്ത സിനിമാ താരവും ഗിന്നസ് വേൾഡ് റിക്കാർഡ് ജേതാവുമായ ദിവ്യ ഉണ്ണി, സിനിമാ താരമായ ആശ ജയറാം എന്നിവരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ഓണസദ്യയോടൊപ്പം ദിവ്യ ഉണ്ണി അവതരിപ്പിക്കുന്ന നൃത്തരൂപങ്ങൾ ആഘോഷങ്ങൾക്ക് ആവേശം പകരും. കലയും സംഗീതവും നിറഞ്ഞ വേദിയിൽ ആശാൻ ശ്രീകാന്ത് സുരേന്ദ്രൻ നയിക്കുന്ന വാദ്യവേദിയുടെ ചെണ്ടമേളവും വിൻസറിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
മലയാളിയുടെ ഐക്യവും ഓണത്തിന്റെ പാരമ്പര്യവും നിറഞ്ഞു നിൽക്കുന്ന ഈ ഓണാഘോഷത്തിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വിൻസർ മലയാളി അസോസിയേഷന്റെ ഭാരവാഹികൾ അറിയിച്ചു.
NRI
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ പ്രവാസി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം ആറു മുതൽ ഡെസ്പ്ലെയിൻസിലെ ക്നാനായ സെന്ററിലാണ് പരിപാടി നടക്കുന്നത്.
ശോഭാ നായരുടെയും ആനീസ് സണ്ണിയുടെയും നേതൃത്വത്തിൽ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഓണാഘോഷങ്ങളിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് ഷിക്കാഗോയിലെ മലയാളി സമൂഹത്തോട് അഭ്യർഥിക്കുന്നതായി സംഘാടകർ അറിയിച്ചു.
സംഘടനയുടെ മുൻ പ്രസിഡന്റായിരുന്ന സാം ജോർജാണ് ഓണാഘോഷ പരിപാടിയുടെ കോഓർഡിനേറ്റർ.
NRI
ഷുഗർലാൻഡ്: ഹൂസ്റ്റണിലെ പ്രമുഖ കമ്യൂണിറ്റിയായ റിവർസ്റ്റോണിലെ ഒരുമയുടെ ഓണാഘോഷമായ പൊന്നോണ നക്ഷത്ര രാവ് അരങ്ങേറുന്നതിനുള്ള ഒരുക്കങ്ങൾക്ക് എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് തുടക്കമിട്ടു.
ഓഗസ്റ്റ് 23ന് വൈകുന്നേരം സെന്റ് തോമസ് ഓർത്തഡോക്സ് കത്തിഡ്രൽ ഓഡിറ്റോറിയത്തിൽ അഞ്ച് മുതൽ എട്ട് വരെ പതിനഞ്ചിൽപ്പരം കലാപരിപാടികളൾ അരങ്ങേറുന്നു.
മലയാളി രുചി കൂട്ടുള്ള മികച്ച ഓണസദ്യയോട് കൂടി പൊന്നോണ നക്ഷത്രരാവിന് തിരശീലയിട്ടുന്നു. ഒരുമ പ്രസിഡന്റ് ജിൻസ് മാത്യു, സെക്രട്ടറി ജയിംസ് ചാക്കോ, ട്രഷറർ നവീൻ ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് റീനാ വർഗീസ്, ജോയിന്റ് സെക്രട്ടറി മേരി ജേക്കബ്,
പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ജോസ് തൈപ്പറമ്പിൻ, റോബി ജേക്കബ്, റെയ്ന റോക്ക്, സെലിൻ ബാബു, ഡോ.സിന അഷ്റഫ്, മെർലിൻ സാജൻ, ദീപ പോൾ, ജോസഫ് തോമസ്, കെ.പി തങ്കച്ചൻ, അലീന സബാസ്റ്റിയൻ, ഏബ്രഹാം കുര്യൻ എന്നിവർ നേതൃത്വം നൽകും.
District News
വരാനിരിക്കുന്ന ഓണം സീസണിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനും സപ്ലൈകോ കൊല്ലം ജില്ലയിൽ ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സബ്സിഡി നിരക്കിൽ കൂടുതൽ സാധനങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യും. കൂടാതെ, സഞ്ചരിക്കുന്ന വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി കർശന പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഓണത്തിന് പച്ചക്കറികളുടെയും പലചരക്ക് സാധനങ്ങളുടെയും വില നിയന്ത്രിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.