മുംബൈ: പ്രശസ്ത ഇന്ത്യൻ പരസ്യചിത്ര സംവിധായകൻ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു. അസുഖത്തെത്തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
ഇംഗ്ലീഷ് മാതൃക പിന്തുടർന്നിരുന്ന രാജ്യത്തെ പരസ്യചിത്രനിർമാണശൈലിയെ നർമത്തിന്റെ അകന്പടിയോടെ ഇന്ത്യൻ ശൈലിയിലേക്കു മൊഴിമാറ്റിയെടുക്കുകയായിരുന്നു പാണ്ഡെ. ഏഷ്യൻ പെയിന്റ്സ്, ഫെവിക്കോൾ എന്നിവയിൽ തുടങ്ങി കാഡ്ബറീസിനുവേണ്ടി ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പരസ്യങ്ങൾവരെ പാണ്ഡെയുടെ പ്രതിഭ വിളിച്ചറിയിക്കുന്നവയായിരുന്നു.
2016ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. പ്രമുഖ പരസ്യക്കമ്പനിയായ ഒഗിള്‍വിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ വേള്‍ഡ് വൈഡ്, ഒഗിള്‍വി ഇന്ത്യയുടെ എക്സ്ക്യൂട്ടീവ് ചെയര്മാന് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1955 സെപ്റ്റംബര്‍ അഞ്ചിന് ജയ്പുരിലാണു ജനനം.
ജയ്പുര്‍ സെന്റ് സേവ്യേഴ്സ് സ്കൂളിലും ഡല്‍ഹി സെന്റ് സ്റ്റീഫന്സിലുമായിരുന്നു പഠനം. ടീ ടെസ്റ്റിംഗ്, നിർമാണമേഖല എന്നിവയിൽ കുറച്ചുകാലം പ്രവർത്തിച്ചു.
രഞ്ജിട്രോഫിയിൽ രാജസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പിയുഷ് ഗോയൽ തുടങ്ങിയ പ്രമുഖർ പാണ്ഡെയുടെ നിര്യാണത്തിൽ അനുശോചിച്ചു.