മെഡിക്കൽ കോളജ് ഗവേണിംഗ് കൗണ്‍സിൽ പിരിച്ചുവിടണം: സമരസമിതി
1534032
Tuesday, March 18, 2025 2:19 AM IST
പാലക്കാട്: നോക്കുകുത്തിയായ നിലവിലുള്ള ഗവേണിംഗ് കൗണ്‍സിൽ പിരിച്ചുവിട്ട് പട്ടികജാതി, പട്ടികവർഗ സംഘടനകളെയും മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹ്യസർവീസ് സംഘടനകളെയും സമരസംഘടനകളെയും രാഷ്ട്രീയപാർട്ടികളെയും ഉൾപ്പെടുത്തി ഗവേണിംഗ് കൗണ്‍സിൽ രൂപീകരിക്കണമെന്ന് പാലക്കാട് ഗവ. മെഡിക്കൽ കോളജ് സമരസമിതി ആവശ്യപ്പെട്ടു.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നതാണ് പ്രവർത്തനം വൈകാൻ കാരണം എന്ന ഗവേണിംഗ് കൗണ്‍സിലിന്റെ വിലയിരുത്തൽ പട്ടികജാതി, പട്ടികവർഗ സംവരണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ചട്ടം ലംഘിച്ചുകൊണ്ട് പിൻവാതിലിലൂടെ നൂറുകണക്കിന് പാർട്ടി അണികളെയാണ് മെഡിക്കൽ കോളജിലേക്ക് അനധികൃതമായും നിയമവിരുദ്ധമായും നിയമിച്ചിട്ടുള്ളത്. ഇതിനെക്കുറിച്ച് വിശദമായ വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണം.
മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ നിഷ്ക്രിയമാക്കാനും, സ്വകാര്യ ആശുപത്രികളെ സഹായിക്കാനുമായിട്ടാണ് സർക്കാർ മെഡിക്കൽ കോളേജ് ഗവേണിംഗ് കൗണ്‍സിൽ യോഗം വിളിക്കാതെ മനഃപൂർവം വൈകിച്ചത്.
പ്രശ്നപരിഹാരത്തിനായി അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മെഡിക്കൽ കോളേജിനകത്ത് ഉപരോധമടക്കമുള്ള സമരപരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു.
പാലക്കാട് ഗവ. മെഡിക്കൽ കോളജ് സമരസമിതി ചെയർമാൻ ആറുമുഖൻ പത്തിച്ചിറ അധ്യക്ഷത വഹിച്ചു.
സമരസമിതി കണ്‍വീനർ റെയ്മന്റ് ആന്റണി, വി.എം. ഷണ്മുഖദാസ്, സി. കൃഷ്ണദാസ്, പാണ്ടിയോട് പ്രഭാകരൻ, ജ്യോതിഷ് പുത്തൻസ്, വിളയോടി ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു.