മാട്ടുമന്ത ശ്മശാനഭൂമിയിലെ സർവേ: കണ്ടെത്തിയതു 69 ഇനം പക്ഷികളെ
1534020
Tuesday, March 18, 2025 2:19 AM IST
പാലക്കാട്: മാട്ടുമന്തയിലെ ശ്മശാനഭൂമിയിൽ ജൈവവൈവിധ്യസന്പത്ത് തേടിയുള്ള സർവേയിൽ കണ്ടെത്തിയതു 69 ഇനം പക്ഷികളെ.
മൂന്നുമണിക്കൂറോളം നീണ്ടുനിന്ന പക്ഷിസർവേയിൽ കണ്ടെത്തിയവയിൽ എട്ടിനം ദേശാടനപ്പക്ഷികളും ഉൾപ്പെടുന്നു. 14 ഏക്കർ വിസ്തൃതിയുള്ള മാട്ടുമന്ത ശ്മശാനഭൂമി പാലക്കാട് നഗരസഭാ പരിധിയിലെ ഏറ്റവും വലിയ പച്ചത്തുരുത്താണ്. കോരയാർ- മലമ്പുഴ നദീസംഗമസ്ഥാനത്തിനടുത്താണ് ഈ ശ്മശാനഭൂമി സ്ഥിതി ചെയ്യുന്നത്.
ഇരുപത്തിയഞ്ചോളംപേർ പങ്കെടുത്ത പക്ഷിസർവേയിൽ നീർകാട, വല്യവേലിത്തത്ത, കാവി, നാകമോഹൻ, തവിടൻഷ്രൈക്ക്, ഈറ്റപ്പൊളപ്പൻ, ഇളംപച്ചപ്പൊടിക്കുരുവി, തവിട്ടുപാറ്റപ്പിടിയൻ തുടങ്ങിയ ദേശാടനപക്ഷികളെയാണ് കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന പക്ഷിയിനമായ കന്യാസ്ത്രീകൊക്കിനെയും (വൂളി-നെക്ക്ഡ് സ്റ്റോർക്ക്) മനുഷ്യരില്ലാത്ത ആവാസവ്യവസ്ഥയെ ഇഷ്ടപ്പെടുന്ന ചെന്പൻമരംകൊത്തിയെയും കണ്ടെത്താൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണ് പക്ഷിനിരീക്ഷകർ.
നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാടിന്റെ സാങ്കേതിക മാർഗനിർദേശപ്രകാരം പാലക്കാട് പുനർജനി ഓർഗനൈസേഷനാണ് പക്ഷിസര്വേ നടത്തിയത്.
പരിസ്ഥിതി ഐക്യവേദി, അകത്തേത്തറ ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി, സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ പാലക്കാട് എന്നിവയുടെ സഹകരണത്തോടെയായിരുന്നു സർവേ.
ലതിക അനോത്ത്, വി. പ്രവീൺ, ബോബൻ മാട്ടുമന്ത, അഡ്വ. ലിജോ പനങ്ങാടൻ, അവിട്ടം വിനോദ്, വിനോദ്, അശ്വതി, എസ്. അരുൺ, രഞ്ജു, ദീപം സുരേഷ്, ഹരിദാസ് മച്ചിങ്ങൽ, സുനിമോൻ സുധാകരൻ, ആർ. സതീഷ്, മണി കുളങ്ങര എന്നിവർ സർവേയ്ക്കു നേതൃത്വം നൽകി.