പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ച മൂന്നുപേർക്കെതിരേ കേസെടുത്തു
1533420
Sunday, March 16, 2025 4:59 AM IST
ഷൊർണൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം മർദിച്ചു. സംഭവത്തിൽ മൂന്നു പെർക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. പനമണ്ണ സ്വദേശി ഷമീമിനാണ് (19) മുഖത്ത് പരിക്കേറ്റത്.
വാണിയംകുളം സ്വദേശികളായ അരുണേഷ്, അശ്വജിത്ത്, ആദർശ് എന്നിവരുടെ പേരിലാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി വാണിയംകുളത്തെ പെട്രോൾ പമ്പിലാണ് സംഭവം. ബൈക്കിലെത്തിയ മൂന്നുപേർ പെട്രോളടിക്കേണ്ട തുക മാറ്റിമാറ്റി പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. ഒരു തുക ഉറപ്പിക്കാൻ ഇവരോട് ഷമീം പറഞ്ഞതോടെ സംഘം പ്രകോപിതരായി മർദിക്കുകയായിരുന്നെന്നു ഷമീം പറഞ്ഞു.
കയർത്തുസംസാരിച്ച ഇവരോടു ക്ഷമചോദിച്ചെങ്കിലും ബൈക്കിൽനിന്ന് ഇറങ്ങിവന്ന് ഒരാൾ മുഖത്ത് അടിക്കുകയായിരുന്നെന്നും പമ്പിലെ മറ്റുജീവനക്കാർ എത്തിയതോടെ മൂവരും ബൈക്കുമായി പോകുകയായിരുന്നെന്നും പറയുന്നു.
ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്ന അരുണേഷാണ് ഷമീമിനെ തല്ലിയതെന്നു പോലീസ് പറഞ്ഞു. ഷമീം ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ ചികിത്സ തേടി. അക്രമത്തെത്തുടർന്ന് പമ്പ് ഒരു ദിവസം അടച്ചിട്ടു. പമ്പുകളിൽ നടക്കുന്ന ഇത്തരം അക്രമങ്ങളിൽ കർശനനടപടി സ്വീകരിക്കണമെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.