മഴക്കാലപൂർവശുചീകരണം അടിയന്തരമായി ആരംഭിക്കണം: ജില്ലാ കളക്ടർ
1534027
Tuesday, March 18, 2025 2:19 AM IST
പാലക്കാട്: പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്നും ഫലപ്രദമായി നടപ്പിലാക്കണമെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദേശിച്ചു. പറളി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന മഴക്കാലപൂർവ ശുചീകരണം, ഉഷ്ണ തരംഗം, മാലിന്യമുക്ത നവകേരളം പ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. ജില്ലയിൽ അസാധാരണമായ രീതിയിൽ ചൂട് വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇതിനെ പ്രതിരോധിക്കാൻ കൃത്യമായ മുൻകരുതലുകൾ എടുക്കുകയും ഓറഞ്ച് ബുക്ക് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയും വേണം. ചൂട് മൂലം ജീവഹാനി ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾക്ക് കൃത്യമായ അവബോധം നൽകണമെന്നും തദ്ദേശ സ്ഥാപന മേധാവികളോട് കളക്ടർ ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരം മാർച്ച് 30ന് മാലിന്യമുക്ത പ്രഖ്യാപനങ്ങൾ നടത്താൻ സജ്ജമാകണം.
പാതയോരങ്ങൾ മനോഹരമായി നിലനിർത്തുന്നതിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ വഴിയോരങ്ങളിലെ മാലിന്യകൂനകൾ നീക്കം ചെയ്യുന്നതിന് 19 നകം മാസ് ക്ലീനിംഗ് ഡ്രൈവ് നടത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എം.കെ. ഉഷ അധ്യക്ഷത വഹിച്ച യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർമാർ, ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ എന്നിവരും പങ്കെടുത്തു.