ചക്കപ്പെരുമയ്ക്കൊപ്പം മംഗലംഡാം പള്ളിമുറ്റത്ത് കപ്പ വിസ്മയവും
1533685
Monday, March 17, 2025 1:07 AM IST
മംഗലംഡാം: ചക്കപ്പെരുമക്കൊപ്പം മംഗലംഡാം സെന്റ് സേവിയേഴ്സ് ഫൊറോന പള്ളിമുറ്റത്ത് കപ്പയുടെ വിസ്മയവും വികാരി ഫാ. സുമേഷ് നാൽപതാംകളം നട്ടുപരിചരിച്ച ഒരുമൂട് കപ്പ പറിച്ചപ്പോൾ ലഭിച്ചത് 121 കിലോ കപ്പ.
കൃത്യമായി പറഞ്ഞാൽ 121 കിലോയും 500 ഗ്രാമും. സാധാരണ ലക്ഷണമൊത്ത ഒരുനല്ല കപ്പമൂടിൽനിന്നും 75 കിലോ കപ്പയേ ലഭിക്കാറുള്ളുവെന്നു കർഷകനും വ്യാപാരി നേതാവുമായ ഷാജി വർക്കി പറഞ്ഞു.
എന്നാൽ അതുംകടന്ന് കപ്പ വിളയുന്നതു അപൂർവമാണ്. പള്ളിയിൽ ഗ്രോട്ടോക്കുസമീപം രണ്ടുമൂട് കപ്പയാണ് വികാരിയച്ചൻ കൃഷിചെയ്തിരുന്നത്. ഒരുമൂട് കപ്പ നേരത്തെ പറിച്ചിരുന്നു.
അതിൽ നിന്നും 68 കിലോ കപ്പയാണ് ലഭിച്ചത്. മൺകൂനയിലെ വിള്ളലുകളുംമറ്റും കണക്കാക്കി പറിക്കുംമുമ്പേ അത്ഭുതവിളവ് പ്രതീക്ഷിച്ചിരുന്നു. അതിനാൽ കമ്പിയും കയറും ഉപയോഗിച്ച് ആട്ടിയിളക്കിയാണ് കപ്പമൂട് പൊക്കിയത്.
മൂന്നുനാല് കിഴങ്ങുകൾ പൊട്ടിയിരുന്നെങ്കിലും മറ്റെല്ലാം ഒന്നിച്ചുകിട്ടി. കപ്പ ഇന്നലെ ലേലം ചെയ്തു. ജോണി എന്നയാൾ 2300 രൂപക്കാണ് ലേലം ചെയ്തെടുത്തത്.
മംഗലംഡാം പള്ളിമുറ്റത്തെ പ്ലാവുകൃഷി പ്രസിദ്ധമാണ്. ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ വികാരിയായിരുന്നപ്പോഴാണ് പള്ളിമുറ്റത്തും ഗ്രൗണ്ടിന്റെ അതിരുകളിലുമായി നൂറിലേറെ പ്ലാവുവച്ചത്.
ഇപ്പോൾ സീസണിൽ കമ്പുകളിൽതൂങ്ങിയാണ് ചക്കയുണ്ടാകുന്നത്.