കൽച്ചാടിയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
1533402
Sunday, March 16, 2025 4:41 AM IST
നെന്മാറ: കൽച്ചാടിയിൽ വീണ്ടും കാട്ടാന നാശംവരുത്തി. ഒരാഴ്ച ഇടവേളയിൽ ഇത് രണ്ടാംതവണയാണ് പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടാനയെത്തുന്നത്.
റബർ ടാപ്പിംഗിന് എത്തിയ കുഞ്ഞുകുഞ്ഞ് ആനയെ കണ്ട് ഒച്ച വച്ചതിനുശേഷമാണ് വൈദ്യുത വേലി തകർത്ത് കൽച്ചാടിപുഴയിലേക്ക് ഇറങ്ങി സമീപത്തെ വനമേഖലയിലേക്ക് പോയത്. കർഷകരായ അബ്ബാസ് ഒറവഞ്ചിറ, ജംഷീദ് ഹസൻ, രാധാകൃഷ്ണൻ കോപ്പംകുളമ്പ്, ആർ.വേണുഗോപാലൻ, രാജു, എൽദോസ് പണ്ടിക്കുടി, അബ്രഹാം എന്നിവരുടെ കൃഷിയിടങ്ങളിലൂടെ നടന്ന് കമുക്, ഫലവൃക്ഷതൈകൾ, കുരുമുളക് താങ്ങുവൃക്ഷങ്ങൾ, റബർ ചിരട്ടകൾ, താങ്ങും കമ്പികൾ ഉൾപ്പെടെ വ്യാപകമായി പറിച്ചും ചവിട്ടിയും നശിപ്പിച്ചു.
കൽച്ചാടി കുന്നിൻചെരുവിലെ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം തള്ളിയിട്ട് പൂളക്കാട് ഭാഗത്ത് കൂടെയാണ് കാട്ടാന തോട്ടത്തിൽ പ്രവേശിച്ചതെന്ന് കർഷകർ പറഞ്ഞു. മരംതള്ളിയിട്ടതോടെ തോട്ടങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. മരക്കൊമ്പുകൾ മുറിച്ചുമാറ്റിയാണ് ഗതാഗതസൗകര്യം പുന:സ്ഥാപിച്ചത്. നെല്ലിയാമ്പതി വനം റേഞ്ചിൽപ്പെട്ട തിരുവഴിയാട് സെക്ഷൻ കീഴിലുള്ള പ്രദേശമാണിത്.
പ്രദേശത്തെ തൂക്കുവേലി നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും തകർന്നുകിടക്കുന്ന വൈദ്യുതവേലി പ്രവർത്തന സജ്ജമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. വൈദ്യുത വേലി പ്രവർത്തിപ്പിച്ചില്ലെങ്കിൽ മാസങ്ങൾ മുമ്പ് എത്തിയ രീതിയിൽ കാട്ടാനകൾ എത്തിപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.