ഒറ്റപ്പെടുത്തുന്ന ഗൂഢനീക്കങ്ങൾ തിരിച്ചറിയണമെന്നു ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ
1533683
Monday, March 17, 2025 1:07 AM IST
വടക്കഞ്ചേരി: കത്തോലിക്കാ സമുദായത്തെ ഒറ്റപ്പെടുത്താനും നിശബ്ദമാക്കാനും പല കോണുകളിൽ നിന്നായി നടക്കുന്ന ഗൂഢനീക്കങ്ങൾ വളരെ ഗൗരവ സ്വഭാവത്തോടെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ.
വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോനപള്ളി പാരീഷ് ഹാളിൽ കത്തോലിക്കാ കോൺഗ്രസിന്റെ വടക്കഞ്ചേരി ഫൊറോന കൺവൻഷനും നൂറ്റിയേഴാം ജന്മവാർഷിക സംഘാടകസമിതി ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദേഹം.
നിസംഗത കൈവിട്ട് ഉണരേണ്ട സമയമാണ്. അതല്ലെങ്കിൽ നിലനിൽപുതന്നെ അവതാളത്തിലാകും. ബഫർസോൺ പറഞ്ഞും കാട്ടിൽ സംരഷിക്കേണ്ട വന്യമൃഗങ്ങളെ നാട്ടിലേക്ക് തുറന്നുവിട്ടും ജനങ്ങളുടെ ജീവനു ഭീഷണിയാക്കിയും തീരാദുരിതത്തിലേക്കും തള്ളിവിടാനുള്ള നീക്കങ്ങളും തിരിച്ചറിയണം.
ഐക്യത്തിന്റെ കാഹളംമുഴക്കി ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നു ഉറക്കെ പ്രഖ്യാപിക്കുന്നതാകണം അടുത്ത മാസം 26, 27 തീയതികളിൽ പാലക്കാട്ടു നടക്കുന്ന കത്തോലിക്കാ കോൺഗ്രസിന്റെ ഗ്ലോബൽ മഹാസമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. ഫൊറോന പ്രസിഡന്റ് ഡെന്നി തെങ്ങുംപള്ളി പതാക ഉയർത്തിയാണ് പരിപാടികൾക്കു തുടക്കം കുറിച്ചത്.
തുടർന്നായിരുന്നു റാലിയും പൊതുസമ്മേളനവും. രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ആമുഖപ്രഭാഷണവും രൂപത പിആർഒയും ഫൊറോന വികാരിയുമായ ഫാ. റെജി പെരുമ്പിള്ളിൽ അനുഗ്രഹപ്രഭാഷണവും നടത്തി. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, രൂപത ട്രഷറർ ജോസ് മുക്കട, പ്രഫ.കെ.എം. ഫ്രാൻസിസ്, ഫൊറോന പ്രസിഡന്റ് ഡെന്നി തെങ്ങുംപള്ളി, രൂപത വൈസ് പ്രസിഡന്റ് ജോസ് വടക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു.
രൂപത ജനറൽ സെക്രട്ടറി ജിജോ അറക്കൽ ലിസ്റ്റ് അവതരണം നടത്തി. വിവിധ മേഖലകളിൽ മികച്ച സേവനം നടത്തിയ ജോബി വെട്ടുവയലിൽ, ജെയിംസ് പാറയിൽ, ജോണി ചെറുനിലം, ദേവാലയ ശുശ്രൂഷി പൗലോസ് രാജഗിരി, വിശ്വാസ പരിശീലനം പ്ലസ് ടു പരീക്ഷയിൽ രൂപതയിൽ ഒന്നാം റാങ്ക് നേടിയ പാലക്കുഴി റിസ്ന റോയ് എന്നിവരെ കൺവൻഷനിൽ ആദരിച്ചു.