മോഷണം: ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
1533421
Sunday, March 16, 2025 4:59 AM IST
ഷൊർണൂർ: കുറുവട്ടൂർ ചുങ്കപ്പിലാവിലെ തട്ടുകട നടത്തുന്നയാളുടെ ബൈക്കും 30,000 രൂപയും കവർന്നെന്ന കേസിൽ ഒളിവിലായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നാദാപുരം ചിറക്കംപുനത്തിൽത്തൊടി മുഹമ്മദലിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
കുറുവട്ടൂർ കല്ലിട്ടുപാടം സക്കീറിന്റെ വാടകവീട്ടിൽ ഫെബ്രുവരി രണ്ടിനു പുലർച്ചെയായിരുന്നു മോഷണം നടന്നത്.
ഫെബ്രുവരി ഒന്നിനു പകൽ ജോലി അന്വേഷിച്ചെത്തിയ മുഹമ്മദാലിക്ക് സക്കീർ തട്ടുകടയിൽ ജോലി നൽകുകയായിരുന്നുവെന്നു പോലീസ് പറയുന്നു. രാത്രി സക്കീറിനൊപ്പം വാടകവീട്ടിൽ ഒപ്പം താമസിക്കാനും സൗകര്യം നൽകി. ഈ സാഹചര്യം മുതലെടുത്ത് മുഹമ്മദലി സക്കീറിന്റെ മേശയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും പുറത്ത്നിർത്തിയിരുന്ന ബൈക്കും എടുത്ത് മുങ്ങുകയായിരുന്നുവെന്നു പറയുന്നു.
ഫെബ്രുവരി ആറിന് നാദാപുരം പോലീസ് മുഹമ്മദലിയെ വീട്ടിലെത്തി പിടികൂടാൻ ശ്രമിച്ചപ്പോൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നെന്നും പറയുന്നു.
ഈ സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റിമാൻഡിൽ കഴിയുകയായിരുന്ന മുഹമ്മദലിയെ കോടതിയുടെ നിർദേശപ്രകാരമാണു വെള്ളിയാഴ്ച ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്ക് പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നു പോലീസ് കണ്ടെത്തി. മുഹമ്മദലിയുടെ പേരിൽ മോഷണക്കേസും പോലീസിനെ ആക്രമിച്ച കേസുമുണ്ടെന്ന് ഇൻസ്പെക്ടർ വി. രവികുമാർ പറഞ്ഞു.
എസ്ഐ സേതുമാധവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് കുമാർ, എഎസ്ഐ കെ. അനിൽകുമാർ, ടി. റിയാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.