രാഷ്ട്രപതിഭവനിലെ ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് ഉബൈദ് സാനഡു
1533404
Sunday, March 16, 2025 4:41 AM IST
ഷൊർണൂർ: രാഷ്ട്രപതിയെ അടുത്ത് കാണാനും സംസാരിക്കാനുമായതിന്റെ അടക്കാനാവാത്ത ആഹ്ലാദത്തിലാണ് ആർട്ടിസ്റ്റ് ഉബൈദ് സാനഡു. രാഷ്ട്രപതിഭവനിൽ നടന്ന ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കെടുക്കാനും സ്വന്തം കരവിരുത് രാഷ്ട്രപതിക്ക് മുമ്പിൽ വെളിപ്പെടുത്താനും അവസരം ലഭിച്ചതിനെ സ്വപ്നതുല്യമായാണ് തിരുമിറ്റക്കോട് സ്വദേശിയായ ആർടിസ്റ്റ് ഉബൈദ് സാനഡു വിശേഷിപ്പിക്കുന്നത്.
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ലോകത്തിന്റെ മുന്നിൽ പ്രദർശിപ്പിക്കുന്നതിനും കരകൗശല വിദഗ്ദരെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് രാഷ്ട്രപതിഭവനിൽ പരിപാടി ഒരുക്കിയിരുന്നത്. സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലങ്കാന എന്നിവയിൽ നിന്നും, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കലാ-കരകൗശല വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടാണ് നാല്നാൾ നീണ്ടുനിന്ന വിവിധത കാ അമൃത് മഹോത്സവ് രണ്ടാം പതിപ്പ് സംഘടിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു തന്നെയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള ഹാൻഡി ക്രാഫ്റ്റ് ഡവലപ്മെന്റ് കമ്മീഷണർ മുഖേന കേരളത്തിൽ നിന്നും തെരഞ്ഞടുത്ത 10 കരകൗശല വിദഗ്ദരിൽ പട്ടാമ്പിയിൽ നിന്നുള്ള ആർട്ടിസ്റ്റ് ഉബൈദ് ഇടം നേടുകയായിരുന്നു. ഉബൈദിന്റെ കലാ-കരകൗശല സ്റ്റാൾ രാഷ്ട്രപതി സന്ദർശിക്കുകയും വിവിധ കലാരൂപങ്ങളുടെ നിർമിതി സംബന്ധിച്ച് ചോദിച്ചറിയുകയും ചെയ്തത് വിലമതിക്കാനാവാത്ത ബഹുമതിയായെന്ന് ഉബൈദ് പറയുന്നു. വിവിധങ്ങളായ മരങ്ങളുടെ കൊമ്പുകൾ, ചില്ലകൾ എന്നീ പാഴ് വസ്തുക്കൾ കൊണ്ട് നിർമിച്ച വിവിധ കലാ സൃഷ്ടികളും ബോൺസായ് വൃക്ഷങ്ങളുമാണ് സ്റ്റാളിൽ അലങ്കരിച്ചത്.
കൂടാതെ കലാ-കരകൗശല നിർമിതികളായ കോർണർ സ്റ്റാൻഡ്, വുഡൻ ലൈറ്റ്, വുഡൻ ക്ലോക്ക്, കൺസോൾ ടേബിൾ, കോഫി ടേബിൾ, ഡൈനിംഗ് ടേബിൾ, ബോൺസായ് പ്ലാന്റ്, പെയിന്റിംഗ് എന്നിവയും ‘ഉബൈദ് ക്രാഫ്റ്റ്' സ്റ്റാളിൽ ഇടം പിടിച്ചു. രാഷ്ട്രപതിക്ക് പുറമേ കേന്ദ്രമന്ത്രിമാർ, കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേരള കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവരും സ്റ്റാൾ സന്ദർശിച്ചു.
വർഷങ്ങൾക്കു മുമ്പ് പട്ടാമ്പി ഗവ.സംസ്കൃത കോളജിന് സമീപം ‘സാനഡു' സ്റ്റുഡിയോ നടത്തിയിരുന്ന ആർട്ടിസ്റ്റ് ഉബൈദ് ജില്ലയിലെ ആദ്യത്തെ പ്രാദേശിക വാർത്താ ചാനലായ ‘സാനഡു ന്യൂസ്'എന്ന പേരിൽ കേബിൾ ന്യൂസ് സർവീസും നടത്തിയിരുന്നു. ചിത്രകാരൻ, ശില്പി, ഫോട്ടോഗ്രാഫർ എന്നിങ്ങനെ പട്ടാമ്പിയിൽ നിറഞ്ഞുനിന്ന ഉബൈദ് പിന്നീട് വർഷങ്ങളോളം കലാരംഗം വിട്ട് ആത്മീയ രംഗത്ത് കഴിയുകയായിരുന്നു.
എന്നാൽ ഈയിടെ കലാരംഗത്തേക്ക് ശക്തമായി തിരിച്ചെത്തുകയും നിരവധി കലാശില്പങ്ങൾക്ക് രൂപം നൽകുകയും വിവിധ സ്ഥലങ്ങളിൽ പ്രദർശനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഉബൈദിന്റെ മകൻ സനൂദ് ഉബൈദും ഡൽഹിയിൽ ഉണ്ടായിരുന്നു.