തണുപ്പിച്ച് വേനൽമഴ
1534019
Tuesday, March 18, 2025 2:19 AM IST
ഒറ്റപ്പാലം: വരണ്ടുണങ്ങി കിടന്നിരുന്ന മണ്ണടരുകളിലേക്ക് അമൃതധാരയായി വേനൽ മഴ പെയ്തിറങ്ങി. ജില്ലയിൽ മിക്കയിടത്തും വേനൽമഴ ലഭിച്ചു. കാലവർഷത്തേക്കാൾ ശക്തിമായ മഴയാണ് കഴിഞ്ഞ രണ്ടുദിവസവും ദൃശ്യമായത്.
കറുത്തിരുണ്ട ആകാശവും ഇടിമുഴക്കവും ഭീതി സൃഷ്ടിക്കുന്നവയായിരുന്നു.കനത്തചൂടിൽ അന്തരീക്ഷ ഊഷ്മാവിൽ വന്നമാറ്റം എല്ലാവർക്കും അനുഗ്രഹമായിട്ടുണ്ട്. ജലാശയങ്ങളിലും നീരൊഴുക്കു രൂപപ്പെട്ടിട്ടുണ്ട്. കാർഷികവൃത്തി നടത്തുന്നതിനുവേണ്ടി കർഷകർക്ക് പൊടിവിതയ്ക്കും നിലം പാകപ്പെടുത്തുന്നതിനും മഴ ഉപകരിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും ശക്തമായ വേനൽ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.
അപകടകാരിയായി
ഇടിമിന്നലും
ഷൊർണൂർ: വേനൽമഴയ്ക്കൊപ്പം അപകടകാരിയായി ഇടിമിന്നലും. കൊപ്പം എറയൂരിൽ പൂരത്തിനിടെ കഴിഞ്ഞ ദിവസം മൂന്നുപേർക്ക് മിന്നലേറ്റിരുന്നു. ഉത്സവത്തിലെ പ്രധാന ചടങ്ങായ കാളവരവ് കാണാൻ വലിയ ജനക്കൂട്ടം ക്ഷേത്രപരിസരത്തുണ്ടായിരുന്നു. ഇവർക്കിടയിൽനിന്ന മൂന്നുപേർക്കാണ് മിന്നലേറ്റത്. ഇതിനു പുറമേ തിരുവേഗപ്പുറ വിളത്തൂരിൽ മെത്തക്കമ്പനി കത്തിനശിച്ചു.
പലയിടത്തും നാശം; വൈദ്യുതി മുടക്കം
ഒറ്റപ്പാലം: വ്യാപകമായി നാശംവിതച്ചാണ് വേനൽ മഴ പെയ്തൊഴിയുന്നത് എന്നതും ആളുകൾക്ക് ഭീതി സൃഷ്ടിക്കുന്നുണ്ട്. പലയിടത്തും ചീറിയടിച്ച കാറ്റിൽ മരങ്ങൾ പൊട്ടിവീണു. ഒറ്റപ്പാലം പരിസര പ്രദേശങ്ങളിൽ ഇലക്ട്രിക് സംവിധാനം ഞായറാഴ്ചയും ഇന്നലെയും താറുമാറായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വൈകുന്നേരത്തോടുകൂടി അതിശക്തമായ വേനൽമഴയാണു ലഭിച്ചത്.
കനത്ത മഴയിൽ വാഹനഗതാഗതവും സ്തംഭിക്കുന്ന നിലയിലെത്തി. ഇന്നലെ കണ്ണിയംപുറത്ത് മരം കടപുഴകി വീണ് പാലക്കാട് - കുളപ്പുള്ളി പ്രധാന പാതയിൽ വാഹനഗതാഗതം തടസപ്പെട്ടു.
ഇതോടൊപ്പം പ്രദേശത്ത് ഇലക്ട്രിക് പോസ്റ്റിനും തകരാറു സംഭവിച്ചു. തുടർന്ന് നാട്ടുകാരും ഷൊർണൂരിൽനിന്ന് ഫയർഫോഴ്സും എത്തിയാണ് മരം വെട്ടിമാറ്റി ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്. ഒറ്റപ്പാലം, കുളപ്പുള്ളി, ഷൊർണൂർ, ലക്കിടി, അമ്പലപ്പാറ മേഖലകളിൽ വ്യാപകമായി ഇലക്ട്രിക് ലൈനുകൾക്ക് തകരാറു സംഭവിച്ചിട്ടുണ്ട്. ഒറ്റപ്പാലം മേഖലയിൽ വൈദ്യുതി വിതരണവും തടസപ്പെട്ടു.
കാട്ടുതീക്കു ശമനമൊരുക്കി
മംഗലംഡാമിലും വേനൽമഴ
മംഗലംഡാം: കാട്ടുതീക്ക് ശമനമൊരുക്കാൻ വേനൽമഴ. തുടർച്ചയായി രണ്ടുദിവസവും മംഗലംഡാം മേഖലയിൽ മഴപെയ്തു. രണ്ടാംദിവസമായ ഇന്നലെ വൈകുന്നേരം ഭേദപ്പെട്ട മഴയായിരുന്നു ലഭിച്ചത്.
കടുത്ത ചൂടിൽ വനമേഖലയിലെ പാറപ്പുറങ്ങളിലുള്ള പൊന്തക്കാടുകളും പുല്ലും ഉണങ്ങിക്കരിഞ്ഞ നിലയിലായിരുന്നു. കഴിഞ്ഞദിവസം ഓടംതോട് പടങ്ങിട്ടതോട് മലമേഖലയിൽ കാട്ടുതീ പടർന്നു.
വനപാലകരും തോട്ടംഉടമകളും പൊള്ളുന്നചൂട് വകവയ്ക്കാതെ ഒരുപകൽ മുഴുവൻ പണിപ്പെട്ടാണ് തീ നിയന്ത്രിച്ചത്.
എങ്കിലും പലയിടത്തും പുക ഉയരുന്ന സ്ഥിതിയുണ്ടായി. എന്നാൽ രണ്ടുദിവസത്തെ മഴയിൽ കാട്ടുതീക്ക് ശമനമാകുമെന്ന ആശ്വാസത്തിലാണ് വനപാലകർ.
കുംഭമാസത്തിൽ മഴയില്ലാതെ വരണ്ട കാലാവസ്ഥ തുടരുന്നതിനിടെയാണ് മീനമാസത്തിൽ ലഭിച്ച മഴ ചൂടിനു ചെറിയ ആശ്വാസമാകുന്നത്. വടക്കഞ്ചേരി മേഖലയിലും ഇന്നലെ മഴ പെയ്തു.