അമ്പലപ്പാറയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി, പ്രതിഷേധവുമായി നാട്ടുകാർ
1533423
Sunday, March 16, 2025 4:59 AM IST
ഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് വളരെ പെട്ടെന്ന്തന്നെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പിടിയിൽ അമർന്നുകഴിഞ്ഞു. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജനങ്ങൾ പരക്കം പറയുന്ന സ്ഥിതിയാണ്. വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണം കാര്യക്ഷമമാകാത്തത് പ്രശ്നങ്ങൾ സങ്കീർണമാക്കുകയാണ്.
ഇതിനിടെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ജല അഥോറിറ്റി ഓഫീസിൽ പ്രതിഷേധവും നടന്നു. വേനൽ രൂക്ഷമായതോടെ അഞ്ച് ദിവസം കൂടുമ്പോഴെല്ലാമാണ് കുടിവെള്ളമെത്തുന്നത്.
രണ്ട് മേഖലകളാക്കി തിരിച്ചു നടത്തുന്ന കുടിവെള്ളവിതരണത്തിൽ ചില പ്രദേശങ്ങളിലേക്ക് വെള്ളമെത്താത്തതാണ് പ്രതിസന്ധിയാകുന്നത്. അമ്പലപ്പാറ, ചുനങ്ങാട് മേഖലകളിലായി 6000 ഓളം ഗാർഹിക കണക്ഷനുകളാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗം കണക്ഷനുകളിലും സമയത്ത് വെള്ളമെത്തുന്നില്ലെന്നാണ് ആക്ഷേപം.
ഇതിന് പരിഹാരം ആവശ്യപ്പെട്ടാണ് സിപിഎം അമ്പലപ്പാറ, ചുനങ്ങാട് ലോക്കൽ കമ്മിറ്റികൾ ചേർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജല അഥോറിറ്റി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്.
രണ്ട് ദിവസം കൂടുമ്പോൾ അമ്പലപ്പാറ മേഖലയിലേക്കും അതിനുശേഷം ചുനങ്ങാട് മേഖലയിലേക്കുമാണ് ജല അഥോറിറ്റി ജലവിതരണം നടത്തുന്നത്. ഇത്തരത്തിൽ വിതരണം ചെയ്യുന്നതിലെ കാലതാമസമാണ് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. പല വാർഡുകളിലും അഞ്ച് ദിവസം കൂടുമ്പോഴാണ് വെള്ളമെത്തുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
മേലൂർ, പുലാപ്പറ്റശേരി, വേങ്ങശേരി വാർഡുകളിലും ചുനങ്ങാട് മലപ്പുറത്തെ മലമുക്കിലുമാണ് കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടാറുള്ളത്. ഇതുകൂടാതെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുമുണ്ട്. ഇതിന് പിന്നാലെയാണ് ജനപ്രതിനിധികൾ പ്രതിഷേധവുമായെത്തിയത്.