ലഹരിക്കെതിരേ ജാഗ്രത പുലർത്തണം: മന്ത്രി എം.ബി. രാജേഷ്
1533675
Monday, March 17, 2025 1:07 AM IST
തൃത്താല: സാമൂഹ്യ വിപത്തായ ലഹരിയെ ഉരുക്കുമുഷ്ഠി ഉപയോഗിച്ച് അടിച്ചമർത്തുമെന്നും സമൂഹത്തിന്റെ മുഴുവൻ ജാഗ്രത ലഹരിക്കെതിരേ വേണമെന്നും മന്ത്രി എം.ബി. രാജേഷ്.
ആനക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവകേരളം കർമപദ്ധതി- വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽനിന്നും 3.90 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച തൃത്താല നിയോജകമണ്ഡലത്തിലെ ആദ്യകെട്ടിടം ആനക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിലേതാണെന്നും അദ്ദേഹം പറഞ്ഞു. ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് അധ്യക്ഷനായി.
കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം വി.പി. ഷാനിബ, വിവിധ ജനപ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർഥികൾ പങ്കെടുത്തു.