നോക്കുകുത്തിയായി ഒറ്റപ്പാലത്തെ വഴിയിടവിശ്രമകേന്ദ്രം
1534025
Tuesday, March 18, 2025 2:19 AM IST
ഒറ്റപ്പാലം: വഴിയിടവിശ്രമകേന്ദ്രം നോക്കുകുത്തിയായി. താലൂക്ക് ഓഫീസിനു സമീപം നിർമിച്ച വഴിയിട വിശ്രമകേന്ദ്രമാണ് ഉപയോഗരഹിതമായി കിടക്കുന്നത്. ഏറ്റെടുത്തുനടത്താൻ ആരുമെത്താത്തതാണു കാരണം.
കുടുംബശ്രീക്ക് മുൻഗണന നൽകി നഗരസഭയാണ് ദർഘാസ് ക്ഷണിച്ചിരുന്നത്. ഒറ്റപ്പാലത്തെത്തുന്ന പൊതുജനങ്ങൾക്ക് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ കണക്കിലെടുത്താണ് കേന്ദ്രം ഈ ഭാഗത്ത് നിർമിച്ചിരുന്നത്. കേന്ദ്രം മുഴുവനായി ഏറ്റെടുത്ത് നടത്താനാണ് മാസങ്ങൾക്കുമുമ്പ് നഗരസഭ ദർഘാസ് ക്ഷണിച്ചിരുന്നത്. കരാറാകുന്നതോടെ ഉദ്ഘാടനം ചെയ്യാനായിരുന്നു പദ്ധതി.
ഒരു കഫ്റ്റീരിയ, വിശ്രമിക്കാനുള്ള സ്ഥലം, ഭിന്നശേഷിക്കാർക്കുള്ള ശൗചാലയം, രണ്ടുവീതം പുരുഷ-വനിത ശൗചാലയങ്ങൾ, പൊതുശൗചാലയം എന്നിവയുമാണ് കെട്ടിടത്തിലുള്ളത്. നഗരസഭയുടെ 2021-22 വർഷത്തെ പദ്ധതിയിൽ എട്ടുലക്ഷംരൂപ ചെലവിലാണ് 345 ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടം നിർമിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയിരുന്നത്.