മലമ്പുഴ ഉദ്യാന നവീകരണത്തിന് 77.64 കോടിയും റിംഗ് റോഡിന് 45 കോടിയും അനുവദിച്ചു: എംഎൽഎ
1533403
Sunday, March 16, 2025 4:41 AM IST
മലമ്പുഴ: വിനോദസഞ്ചാരകേന്ദ്രത്തിന്റെ വികസനം ലക്ഷ്യം വെച്ച് ഉദ്യാനനവീകരണത്തിന് 77.64 കോടി രൂപയും റിംഗ് റോഡിന്റെ പണിപൂർത്തികരണത്തിന് 45 കോടി രൂപയും അനുവദിച്ചതായി എ. പ്രഭാകരൻ എംഎൽഎ പറഞ്ഞു.
കടുക്കാംകുന്നം ജിഎൽപി സ്കൂളിന്റെ വാർഷികാഘോഷമായ"കൊലുസ്’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. റിംഗ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും അത് മാറിയെന്നും എം എൽ എ പറഞ്ഞു. ജൂൺമാസത്തിൽ റിംഗ്റോഡിന്റെ പണി പൂർത്തിയാവുമെന്നും വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് വേണ്ടതായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മരക്കൊമ്പുകൾ വെട്ടിമാറ്റുക, വൈദ്യുത ലൈനുകൾ മാറ്റി സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും എംഎൽഎ പറഞ്ഞു. മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ അധ്യക്ഷയായി. എസ്ആർസി കൺവീനർ കെ. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു.
ജോലിയിൽ നിന്നും വിരമിക്കുന്ന പിടിസിഎം ജീവനക്കാരി വി.എം. ത്രേസ്യാമ്മക്ക് യാത്രയയപ്പ് നൽകി. ചെണ്ടവാദ്യത്തിൽ അരങ്ങേറ്റം നടത്തുകയും എന്നാൽ സ്വന്തമായി ചെണ്ടയില്ലാത്ത ധ്രുവൻ എന്ന നാലാംക്ലാസ് വിദ്യാർഥിക്ക് സുരേഷ് കാരാട്ട്, ഇ.ടി. സുനിത എന്നിവർ ചേർന്ന് ചെണ്ട സമ്മാനിച്ചു. തുടർന്ന് ധ്രുവനും സംഘവും ചേർന്ന് ചെണ്ടമേളം നടത്തി. സമ്മാന വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.
ബ്ലോക്ക് പഞ്ചായത്ത് മെംബർ തോമസ് വാഴപ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ എം. മാധവദാസ്, രഞ്ജു കെ.സുനിൽ, എസ്എംസി ചെയർമാൻ എം.ജി.കൃഷ്ണദാസ്, പിടിഎ പ്രസിഡന്റ് സി. ശ്രുതി എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക എം.ജി. ജ്യോതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. അമ്പിളി നന്ദിയും പറഞ്ഞു.