മുക്കുപണ്ട തട്ടിപ്പ്: സിപിഎം നേതാവിനെതിരേയും ജനപ്രതിനിധിക്കെതിരേയും നടപടിയില്ല
1533419
Sunday, March 16, 2025 4:59 AM IST
ഒറ്റപ്പാലം: മുക്കുപണ്ടം പണയംവെച്ച് 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിലെ ഉദ്യോഗസ്ഥൻ മോഹനകൃഷ്ണനെയും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യാതെ പോലീസ്. പ്രതികൾ എവിടെയുണ്ടെന്ന് കണ്ടെത്താനായില്ലെന്നാണ് പോലീസിന്റെ നിലപാട്.
കേസിൽ മോഹനകൃഷ്ണനൊപ്പം സഹോദരിയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മിദേവിയും ഭർത്താവും മുൻ സിപിഎം ലോക്കൽ സെക്രട്ടറിയും നിലവിൽ ലോക്കൽ കമ്മിറ്റി അംഗവുമായ കെ.വി. വാസുദേവനും അടക്കം ആറ് പ്രതികളാണുള്ളത്. ഇതിനിടയിലാണ് മുൻകൂർജാമ്യത്തിന് പ്രതികൾ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചതെന്നാണ് വിവരം.
അതേസമയം സിപിഎം ലോക്കൽകമ്മിറ്റി അംഗമായ നേതാവിനെതിരെയും, ബ്ലോക്ക് പഞ്ചായത്ത് അംഗമായ സിപിഎം ജനപ്രതിക്കെതിരെയും പാർട്ടിയുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഇതുവരെയും എടുത്തിട്ടില്ല. ഇതിനെതിരെ സിപിഎം ഇതര പാർട്ടികൾ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്.